കഥയ്ക്കു പിന്നിൽ 3
Kadhakku Pinnil Part 3 Author : ഉർവശി മനോജ്
Click here to read other stories by Urvashi Manoj
” നീ … ആ റിമോട്ട് ഇങ്ങ് തന്നിട്ട് പോയി കിടന്നുറങ്ങാൻ നോക്ക് വെറുതെ
ടിവി യുടെ മുൻപിൽ ഇരുന്നു ഉറങ്ങാതെ .. “
അടുക്കളയിലെ സിങ്കിൽ ഡിന്നർ കഴിച്ച പാത്രം കഴുകി കൊണ്ടിരുന്ന ഞാൻ , അച്ഛൻറെ സംഭാഷണം കേട്ട് ലിവിങ് റൂമിലേക്ക് ഒന്നെത്തിനോക്കി.
“ഓ .. ഞാൻ ഉറങ്ങുക ഒന്നുമല്ലായിരുന്നു ”
അച്ഛനോടുള്ള അമ്മയുടെ മറുപടി.
“കറിക്ക് ഉപ്പ് കുറവായാലും ടിവി കണ്ട് ഉറങ്ങി പോയാലും അംഗീകരിക്കാൻ ഈ പെണ്ണുങ്ങൾക്ക് എന്നും മടിയാണ് “
റിമോട്ട് പിടിച്ചിരിക്കുന്ന അമ്മയെ നോക്കി അച്ഛൻറെ കമൻറ്.
“ഇൗ റിമോട്ട് കിട്ടിയിട്ട് എന്തിനാ ആർക്കും വേണ്ടാത്ത ന്യൂസ് ചാനൽ ചർച്ച ഇരുന്നു കാണാൻ അല്ലേ ”
അമ്മയും തിരിച്ചടിച്ചു.
ഇത്രയും ആയപ്പോഴേക്കും ഞാൻ ഇടപെട്ടു ,
“രണ്ടാളും പോയി കിടന്നു ഉറങ്ങാൻ നോക്ക് സമയം ഒൻപതര കഴിഞ്ഞു , അച്ഛനോട് ഡോക്ടർ പറഞ്ഞിട്ടുള്ളതല്ലേ രാത്രിയിൽ ഒരുപാട് നേരം ഉറക്കം ഒഴിയരുത് എന്ന് “
“ഉറക്കം വരാതെ എങ്ങനെയാ മോളെ പോയി കിടക്കുക അതിലും നല്ലത് അല്ലേ ഇവിടെ ഇരുന്ന് അല്പ നേരം ടിവി കാണുന്നത് , നിൻറെ അമ്മയോട് പറഞ്ഞു ഈ സീരിയൽ ഒന്നു മാറ്റി തരാൻ പറ “
അച്ഛൻറെ പരാതി എന്നോടായി.
“ഓരോ കുടുംബത്തിൽ നടക്കുന്ന കഥകൾ എത്ര സത്യം ആയിട്ടാണ് സീരിയലുകളിൽ കാണിക്കുന്നത് .. ”
ഉറക്കം വിട്ടുമാറാത്ത കണ്ണുകളോടെ ടിവിയിലേക്ക് നോക്കി അമ്മ പറഞ്ഞു.
“നിനക്ക് വട്ടാണ് ഈ കാലത്ത് നടക്കുന്ന കഥകൾ ആണോ ഇത്തരത്തിലുള്ള പൈങ്കിളി സീരിയലിൽ കാണിക്കുന്നത് .. ദേ നോക്ക് അടുക്കളയിൽ നിൽക്കുന്ന ആ പ്രായമുള്ള സ്ത്രീ പട്ടുസാരി ധരിച്ച് നിൽക്കുന്നു .. ഇതാണോ നീ പറഞ്ഞ യഥാർത്ഥ ജീവിതം ”
അച്ഛൻ വിട്ടു കൊടുക്കാൻ ഒരുക്കമല്ല.
“അയ്യട .. ആ കിളവി ലുങ്കിയും ബ്ലൗസും ഇട്ടു നിന്നിരുന്നു എങ്കിൽ നിങ്ങളെപ്പോലുള്ള കിളവന്മാർക്ക് കാണാൻ വലിയ താല്പര്യം ആയേനെ അല്ലേ … ?”
റിമോട്ട് എടുത്ത് മുന്നിലെ ടേബിളിലേക്ക് ഇട്ടു കൊണ്ട് അമ്മ പറഞ്ഞു.
“ഹൊ .. നിന്നോടൊക്കെ പറഞ്ഞു ജയിക്കുന്നതിനേക്കാൾ നല്ലത് ഉറക്കം വന്നില്ലെങ്കിലും പോയി വെറുതെ കിടക്കുന്നതാണ് ”
ഇതും പറഞ്ഞു കൊണ്ട് അമ്മയോട് തോൽവി സമ്മതിച്ച മട്ടിൽ അച്ഛൻ ബെഡ്റൂമിലേക്ക് പോയി.
“കുട്ടികൾ ഉറങ്ങിയോ മോളേ ?”
അമ്മയുടെ ചോദ്യം എന്നോടായി.