ഞാൻ : പിന്നെ വേറെന്താ വിശേഷം?
ഞാൻ വിഷയം മാറ്റാനായി ചോദിച്ചു.
വിലാസിനി : വേറെ ഒന്നുമില്ലടാ… നീ ഭക്ഷണം കഴിച്ചോ?
ഞാൻ : ഇല്ല… കഴിക്കാൻ പോവായിരുന്നു അപ്പോഴാണ് ചെറിയമ്മേടെ കാൾ വന്നത്.
വിലാസിനി : എന്നാ ശെരി… നീ കഴിച്ചോ… ഞാൻ വെക്കുവാ…
ഞാൻ : ശെരി… ഞാൻ വരണ്ട്…
വിലാസിനി : ഓക്കെ ഡാ…
ഞാൻ ഫോൺ കട്ട് ചെയ്ത് കസേരയിൽ ചാരിയിരുന്ന് വീടിനെ കുറിച്ച് ആലോചിച്ചു. അച്ഛനും അമ്മയും വീട്ടിൽ ഒറ്റക്കായി. ഞാൻ ഉണ്ടായിരുന്നെകിൽ വലിയ ആശ്വാസം ആയേനെ. മകനെ കല്യാണം കഴിപ്പിച്ചു പേരകുട്ടിയെയും കളിപ്പിച്ചു ഇരിക്കേണ്ട പ്രായമാ. ഓരോരോ അവസ്ഥകള്. എന്റെ ചിന്തകളെ ഉടച്ചുകൊണ്ടു കാളിങ് ബെൽ മുഴങ്ങി. ഞാൻ വാതിലിനടുത്തേക്കു നടന്നു. വാതിൽ തുറന്ന് നോക്കിയപ്പോൾ കുമാരി പുറത്ത് നിൽക്കുന്നു.
ഞാൻ : എന്താ ചേച്ചി?
എന്ന് ചോദിച്ചു ഞാൻ അകത്തേക്ക് തന്നെ നടന്നു.
കുമാരി : സാറെ, ആ ഇരുപതു സി യിലെ സാറിന്റെ ആരോ മരിച്ചു അവരെല്ലാം അങ്ങോട്ട് പോവാ. അപ്പൊ ഇന്ന് ഞാൻ ഇവിടെ നിന്നിട്ടു നാളെ അവിടെ പണിക്കു പോകാൻ പറ്റുമോ എന്ന് ആ സാറ് സാറിനോട് ചോദിക്കാൻ പറഞ്ഞു.
ഞാൻ : അതിനെന്താ… ഇന്നിവിടെ നിന്നോ… നാളെ അവിടെ പൊയ്ക്കോ… അത് കുഴപ്പമില്ല.
എനിക്ക് ആലോചിക്കാൻ ഒന്നുമുണ്ടായിരുന്നില്ല.
കുമാരി സന്തോഷത്തോടെ ഫോൺ എടുത്തു അവരെ വിളിച്ചു പറഞ്ഞു. എന്റെ ഫ്ലാറ്റിൽ വളരെ കുറച്ച് ജോലി മാത്രമേ കുമാരിക്ക് ഉണ്ടാവാറുള്ളു. മാത്രമല്ല ഞാൻ ഒരുപാട് വൃത്തികേടാക്കി ഇടാറുമില്ല. കുമാരി കയ്യിലെ കവറെടുത്തു ഡൈനിങ്ങ് ടേബിളിൽ വെച്ചു പണി തുടങ്ങാനായി കിച്ചണിലേക്കു പോയി.
ഞാൻ : ഇതെന്താ ചേച്ചി ഈ കവറിൽ? നല്ല മണമുണ്ടല്ലോ…
ഞാൻ ഉറക്കെ വിളിച്ചു ചോദിച്ചു.
കുമാരി : അത് കുറച്ച് ചോറും കറിയാ സാറെ. മേലേ ഫ്ലാറ്റിൽ എല്ലാവരും പോകുന്നതുകൊണ്ടു എനിക്ക് തന്നതാ. ഞാൻ പിള്ളേർക്ക് കൊടുക്കാം എന്ന് കരുതി എടുത്തതാ.
കുമാരി അടുക്കളയിൽ നിന്നു വിളിച്ചു പറഞ്ഞു.
ഞാൻ : മീൻ കറിയാണെന്നു തോന്നുന്നു. മണം കേട്ടിട്ട് കൊതിയാകുന്നു.
കുമാരി : സാറിന് വേണമെങ്കിൽ എടുത്തോ…
ഞാൻ : എന്നാ ഒരു പ്ലേറ്റും സ്പൂണും ഇങ്ങെടുത്തോ.
ഞാൻ ടേബിളിൽ ഇരുന്ന് പത്രങ്ങൾ ഓരോന്ന് ഇറക്കിവെച്ചു. കുമാരി ചിരിച്ചു സന്തോഷത്തോടെ വന്ന് ഭക്ഷണം വിളമ്പി തന്നു. മീൻകറിയും ചോറും മെഴുക്കുവരട്ടിയും മാത്രമേ ഉള്ളുവെങ്കിലും നല്ല ടേസ്റ്റ് ആയിരുന്നു. ഞാൻ വളരെ ആസ്വദിച്ചു കഴിച്ചു. കുമാരി ഞാൻ കഴിക്കുന്നതും നോക്കി അന്തം വിട്ടു നിൽക്കുന്നുണ്ടായിരുന്നു. ഞാനും ചിരിച്ചുകൊണ്ട് കുമാരിയെ നോക്കി.
ഞാൻ : എന്താ ഇങ്ങനെ നോക്കുന്നത്? കുറെ ദിവസമായി നല്ല നാടൻ ഭക്ഷണം കഴിച്ചിട്ട്. കുറെയായി ഭക്ഷണം ഫുള്ള് പുറത്തുന്നാ… അതുകൊണ്ടാ ചേച്ചിടെ ഭക്ഷണം ഞാൻ ഇങ്ങെടുത്തത്. കുഴപ്പമൊന്നുമില്ലല്ലോ അല്ലെ?
ഞാൻ അല്പം ഗൗരവത്തോടെ ചോദിച്ചു.
കുമാരി : ഏയ് ഒരു കുഴപ്പവുമില്ല… സന്തോഷമേ ഉള്ളു. സാറിനു രാത്രിയിലേക്ക് ഞാൻ എന്തെങ്കിലും ഉണ്ടാക്കണോ?
കുമാരി ചിരിച്ചുകൊണ്ട് ചോദിച്ചു.
ഞാൻ : വേണ്ട… ചേച്ചി ജോലി നോക്കിക്കോ. പിന്നെ പോകുമ്പോൾ ദാ കവറിൽ പിസ്സ ഉണ്ട്. അത് ചേച്ചി കൊണ്ടുപോയ്ക്കോ. പിള്ളേർക്ക് കൊടുത്തോ…
കുമാരി തിരിഞ്ഞു കവറിലേക്കു നോക്കി. കുമാരിയുടെ മുഖം സന്തോഷംകൊണ്ട് ചുവന്നു.
ഞാൻ : ചേച്ചി വല്ലതും കഴിച്ചോ?
കുമാരി : ഇല്ല.. ഞാൻ പിന്നെ കഴിച്ചോളം…
ഞാൻ : നേരം ഒരുപാടായില്ലേ… ഒരു പണി ചെയ്യ്… അവിടെ ബിരിയാണിയും ഉണ്ട്. അതെടുത്തു ഇവിടിരുന്നു കഴിച്ചോ. എന്നിട്ട് മതി പണി.
കുമാരി കവറിൽ നിന്നു ബിരിയാണി എടുത്തു.
കുമാരി : ഞാൻ അടുക്കളയിൽ ഇരുന്ന് കഴിച്ചോളാം…
ഞാൻ : അതെന്താ ഇവിടെ ഇരുന്നുകൂടെ?
കുമാരി : സാരമില്ല… ഞാൻ അവിടെ ഇരുന്നോളാം..
ഞാൻ : എന്നാ ശെരി…
ഞാൻ മുഴുവൻ ഭക്ഷണവും കഴിച്ചു വേഗം എഴുന്നേറ്റു. ഞാൻ അവിടെ ഇരുന്ന് മറ്റേ ചേച്ചിയെ കുറിച്ചറിയാനുള്ള ഓരോ വഴികൾ ഇങ്ങനെ ആലോചിച്ചു. കുമാരി അവളുടെ ജോലികളിലേക്ക് കടന്നിരുന്നു. ഞാൻ ആ സോഫയിൽ തന്നെ ഇരുന്നു ഉറങ്ങിപ്പോയി. കുറെ കഴിഞ്ഞു എഴുനേറ്റു കഴിഞ്ഞപ്പോളേക്കും നേരം വൈകുന്നേരം ആയിരുന്നു.