“എൻറെ ഏട്ടൻ കുടിച്ചിട്ടുണ്ട് അതു കൊണ്ടു തന്നെയാണ് ഇത്ര മോശമായി സംസാരിക്കുന്നത് “
“അതേ .. ഞാൻ കുടിച്ചു അതിന് നിനക്കെന്താ ഇനി ഞാൻ കുടിക്കുന്നത് കോളേജ് ലക്ചറർ ആയ നിനക്ക് അപമാനം ആണോ ആവോ ?”
പ്രശാന്ത് ഏട്ടന്റെ മനസ്സിനെ മദ്യം കീഴടക്കിയിരിക്കുന്നു . ഇനി സംസാരിച്ചാൽ വെറുതെ വഴക്ക് ഉണ്ടാക്കുക മാത്രമേ ചെയ്യുകയുള്ളൂ , തൽക്കാലം ഫോൺ വെക്കുന്നതാണ് നല്ലത് എന്ന് ഞാൻ മനസ്സിൽ കരുതി.
ഏട്ടനോട് ഒന്നും പറയാതെ തന്നെ ഞാൻ ഫോൺ കട്ട് ചെയ്തു. കിടക്കയിലേക്ക് വീണു പൊട്ടി കരയുമ്പോൾ ഓർത്തു , കുറച്ചു കാലമായി ഏട്ടന് ഇല്ലാതിരുന്ന ഒരു സ്വഭാവമാണ് ഈ മദ്യപാനം. ഇപ്പോൾ അത് വീണ്ടും തുടങ്ങിയിരിക്കുന്നു.
സങ്കടത്തോടെ അന്നത്തെ രാവ് ഉറങ്ങി.
പിറ്റേന്ന് പ്രഭാതത്തിൽ ഒരു ശരാശരി വീട്ടമ്മയുടെ ഓട്ടപ്പാച്ചിലിൽ ആയിരുന്നു ഞാൻ. കുട്ടികൾക്ക്.
സ്കൂളിലേക്ക് കൊണ്ടു പോവാനുള്ള ടിഫിൻ ബോക്സ് പാക്ക് ചെയ്യലും പുസ്തകമെടുത്ത് ബാഗിലേക്ക് വെക്കലും ഡ്രസ്സ് അയൺ ചെയ്യലും ആകെ കൂടി ഓട്ട പ്രദക്ഷിണം. എല്ലാം കഴിഞ്ഞ് സ്കൂൾ വാനിൽ രണ്ടിനെയും യാത്രയാക്കി തിരികെ വീട്ടിലേക്ക് വന്നു കയറിയപ്പോഴാണ് ചുമരിലെ ക്ലോക്കിൽ സമയം ശ്രദ്ധിച്ചത് ഒൻപത് മണി ആകുന്നു.
അച്ഛൻ സിറ്റൗട്ടിൽ പത്രം വായനയിലാണ് , നാട്ടുവിശേഷങ്ങളും പത്ര വിശേഷങ്ങളും ഒക്കെ പറഞ്ഞു കൊണ്ട് അമ്മയും അച്ഛൻറെ അടുത്തു തന്നെ ഉണ്ട്.
നമ്പൂതിരി സാർ ഇന്നലെ രാത്രിയിൽ വിളിച്ച് കാശ് ചോദിച്ച കാര്യവും പ്രശാന്ത് ഏട്ടൻ അത് പറഞ്ഞു വഴക്കുണ്ടാക്കിയ കാര്യമൊന്നും തന്നെ അച്ഛനോടും അമ്മയോടും ഞാൻ
പറഞ്ഞിരുന്നില്ല.
അങ്ങനെ പറഞ്ഞാൽ ഞാൻ നമ്പൂതിരി സാറിന് കാശു കൊടുക്കുന്നത് അച്ഛനും അമ്മയും വിലക്കും. ഏട്ടനെ ധിക്കരിച്ച് ഒന്നും ചെയ്യാൻ അവർ അനുവദിക്കുകയില്ല.
പക്ഷേ ഞാൻ ആ പാവം നമ്പൂതിരി സാറിന് വാക്ക് കൊടുത്തതാണ് എന്നെ പ്രതീക്ഷിച്ച് അദ്ദേഹം അവിടെ കാത്തു നിൽക്കും 11 മണിയാവുമ്പോൾ. അദ്ദേഹത്തെ വിഷമിപ്പിച്ചാൽ ദൈവം പോലും എന്നോട് പൊറുക്കുകയില്ല . ഒടുവിൽ ഞാൻ ഒരു തീരുമാനത്തിൽ എത്തി.
ഏതെങ്കിലും കൂട്ടുകാരിയെ കാണാൻ എന്ന വ്യാജേന വീട്ടിൽ നിന്നും ഇറങ്ങുക.
“അമ്മാ .. എനിക്കിന്ന് ലക്ഷ്മിയെ കാണുന്നതിനു വേണ്ടി ഒന്ന് ടൗൺ വരെ
പോകണം , പോയിട്ട് ഉച്ചയ്ക്ക് മുൻപ് ഞാനിങ് എത്താം “
“ഏതാ ലക്ഷ്മി ?”
ചോദ്യം ചോദിച്ചത് പത്രത്തിൽ നിന്നും കണ്ണുയർത്തി കൊണ്ട് അച്ഛനായിരുന്നു.
“എൻറെ കൂടെ ഡിഗ്രിക്ക് പഠിച്ചതാണ് , അവള് ഭർത്താവിൻറെ കൂടെ ബാംഗ്ലൂരിലാണ് . ഇപ്പോ നാട്ടിൽ വന്നിട്ടുണ്ട് , ടൗണിലേക്ക് വന്നാൽ മീറ്റ് ചെയ്യാൻ പറ്റുമോ എന്ന് ഇന്നലെ എന്നെ വിളിച്ചു ചോദിച്ചു “
സമർത്ഥമായി തന്നെ ഞാൻ ആ കള്ളം പറഞ്ഞു.