വൈകിട്ട് ക്ലാസ് കഴിഞ്ഞു പോകുമ്പോള്‍ ക്ലാസ് മുറിയില്‍ നിന്നും രാജിയെ പത്മിനി വിളിച്ച് കൊണ്ടുപോയത് സ്റ്റാഫ് റൂമിലേക്ക് ആയിരുന്നു. അവിടെ വെച്ച് തന്റെ തീരുമാനവും , സംഭവിച്ച കാര്യങ്ങളും രാജിയോട് പറഞ്ഞു. ആദ്യമൊക്കെ അവള്‍ക്ക് വല്യ താത്പര്യം കാണിച്ചില്ലെങ്കിലും നീ എന്നോട് കാണിക്കുന്ന സ്നേഹം വെറുതെയാണോ എന്നൊരു ചോദ്യം പത്മിനിയുടെ നാവില്‍ നിന്ന് വന്നതോടെ അവള്‍ ‘ ശരി ‘ എന്ന് പറഞ്ഞു. അത് കേട്ടതോടെ മിടുക്കി എന്നും പറഞ്ഞു അവളെ തന്നോട് ചേര്‍ത്ത് പത്മിനി നെറുകയില്‍ ഒരുമ്മ നല്‍കി.
ഉച്ചയ്ക്ക് തന്നെ പത്മിനി രാജിയുടെ അവശ്യ സാധനങ്ങള്‍ തന്റെ വീട്ടിലേക്ക് വണ്ടിയില്‍ കയറ്റി വിട്ടിരുന്നു . സ്കൂളില്‍ നിന്നും 10 കിലോമീറ്റര്‍ മാത്രം ദൂരമുള്ള് പത്മിനിയുടെ വീട്ടിലേക്ക് . രാജിയുടെ കൈ പിടിച്ച് സ്കൂളിന്റെ ഗേറ്റില്‍ ചെന്ന് നിന്ന് ഒരു ഓട്ടോ പിടിച്ച് അവര്‍ യാത്രയായി …. രാജിയെ തന്നോട് ചേര്‍ത്ത് പിടിച്ച് … വലിയ ദൃഡനിശ്ചയം ഉള്ളില്‍ നിറച്ച് കൊണ്ട് …..
ഓട്ടോ പതിയെ ഒരു കറുത്ത ഗേറ്റിനു മുന്നില്‍ വന്ന് നിന്നു. രാജി പതിയെ താഴേക്ക് ഇറങ്ങി .. കൂടെ രാജിയുടെ ബാഗും കയ്യിലെടുത്ത് പത്മിനിയും. ആകെപ്പാടെ അപരചിതമായ ഒരിടത്ത് അമ്പരപ്പോടെ നില്‍ക്കുകയാണ് രാജി . ഇനിയെന്ത് എങ്ങോട്ട് എന്തിന് എന്തൊക്കെയോ ചോദ്യങ്ങള്‍ അവളുടെ തലക്ക് മുകളില്‍ കൂടി പാഞ്ഞു. ഓട്ടോയ്ക്ക് പൈസ നല്‍കി പത്മിനി അവളുടെ കൈ പിടിച്ച്കൊണ്ട് ഗേറ്റ് തുറന്നു അകത്തേക്ക് കയറി.
വലിയൊരു മുറ്റം …ചുറ്റിനും പൂക്കള്‍ നിറഞ്ഞ ചട്ടികള്‍ .. ഒരു ചെറിയ കുളം അതില്‍ നിറയെ താമരകള്‍ .. പിന്നെ വിഷുവിനു മനം നിറക്കുന്ന കണിക്കൊന്ന… അവള്‍ മുന്നിലെ കല്ലിട്ട വഴിയിലൂടെ കാഴ്ചകള്‍ കണ്ട് നടന്നു.. കൂ കൂ … മുറ്റത്തെ മാവില്‍ നിന്ന് ഒരു കുയില്‍ പാടുന്നു … അവള്‍ അവിടെയ്ക്ക് തന്നെ ശ്രദ്ധിച്ച് മുന്നോട്ടു നടന്നു നീങ്ങി … വീടിന്റെ മുന്നിലേക്ക് എത്തി..
വീടിന്റെ വലുപ്പം അപ്പോഴാണ് രാജിയുടെ കണ്ണില്‍ ഉടക്കുന്നത് … വലിയ ഓടിട്ട ഒരു വീട് .. മരത്തില്‍ ചിത്രപണികള്‍ ചെയ്ത വാതില്‍ . വീട്ടിലേക്ക് കയറാന്‍ നാല് പടികള്‍… വല്ലാത്ത ഒരു സുഖമുള്ള അന്തരീക്ഷം .. രാജിയുടെ മനസ്സ് അറിയാതെ തുടിക്കുകയായിരുന്നു…ആ അന്തരീക്ഷം രാജിയെ വാരി പുണരുകയായിരുന്നു.. അവള്‍ പത്മിനി ടീച്ചറെ ശ്രദ്ധിക്കാതെ അകത്തേക്ക് പതിയെ കയറി.