“തല്ക്കാലം അവനെ നമ്മളാണ് കൊച്ചിയിലേക്ക് കൊണ്ടുവന്നത് എന്ന് ആരും അറിയണ്ട..ഡോണ പോലും. കാരണം ഈ കേസില്‍ എന്തൊക്കെ പുകിലാണ് ഇനി ഉണ്ടാകാന്‍ പോകുന്നത് എന്ന് പറയാന്‍ പറ്റില്ല. ആ പെണ്ണ് ഒരു ചാനലിലെ പ്രവര്‍ത്തക കൂടി ആയ സ്ഥിതിക്ക് ഇത് മീഡിയ ഏറ്റെടുക്കാനും മതി. മിക്കവാറും ഇന്ന് വൈകിട്ടത്തെ ചര്‍ച്ചാ വിഷയം ഇതാകാനാണ് സാധ്യത..അങ്ങനെ വന്നാല്‍ പോലീസ് അവനെ പിടികൂടും..അതിനേക്കാള്‍ ഏറെയാണ് ഗൌരീകാന്തിനെയും മകനെയും ഭയപ്പെടേണ്ടത്….” പുന്നൂസ് അസ്വസ്ഥതയോടെ പറഞ്ഞു.
“ഇച്ചായന്‍ അലിയെ വിളിച്ചൊന്നു സംസാരിക്കുന്നോ?”
“ഏയ് ഉടനെ വേണ്ട..നമുക്ക് സ്ഥിതിഗതികളുടെ പോക്ക് നോക്കാം..അതിനു ശേഷം എന്തുവേണം എന്ന് തീരുമാനിക്കാം..ഞാന്‍ തല്ക്കാലം വാസുവിനെ ഒന്ന് കണ്ടിട്ട് വരട്ടെ…”
“ശരി ഇച്ചായാ..വേഗം വരണേ”
പുന്നൂസ് എത്തുമ്പോള്‍ വാസു കുളി കഴിഞ്ഞ് ചെറിയ പ്രാര്‍ത്ഥനയില്‍ ആയിരുന്നു. എന്നും വൈകിട്ടും രാവിലെയും അവന്‍ പ്രാര്‍ഥിക്കും. രാവിലെ കൃഷ്ണനോടും വൈകിട്ട് ക്രിസ്തുവിനോടും; അതാണ് അവന്റെ പ്രാര്‍ത്ഥനാ രീതി. പറയുന്നത് ഇത്ര മാത്രം..”ദൈവമേ ഇന്നും സുഖമായി ജീവിക്കാന്‍ ഭാഗ്യമുണ്ടായല്ലോ..ജീവാവസാനം വരെ ഈ ഭാഗ്യം എനിക്കും എന്റെ അമ്മയ്ക്കും അച്ഛനും ദിവ്യയ്ക്കും ഒപ്പം ഗീവര്‍ഗീസ് അച്ചനും നല്‍കണേ”
സമയം ഏഴുമണി ആയതുകൊണ്ട് പുന്നൂസ് സാറ് വാങ്ങി വച്ചിരിക്കുന്ന സാധനം ലേശം രുചിക്കാം എന്നവന്‍ കരുതി. ഗോപാലന്‍ വൈകിട്ട് കഴിക്കാനുള്ള ആഹാരം വീട്ടില്‍ നിന്നും ഉണ്ടാക്കിയാണ് കൊണ്ടുവരുന്നത്. ഒമ്പത് മണിയാണ് വാസുവിന്റെ അത്താഴ സമയം. ഗോപാലന്‍ എട്ടേമുക്കാല്‍ ആകുമ്പോള്‍ ആഹാരം കൊണ്ടുവരും. വൈകിട്ട് അവന്‍ വരുമ്പോള്‍ കഴിക്കാന്‍ ഗോപാലന്‍ വടയോ സമോസയോ അങ്ങനെ വല്ലതുമൊക്കെ ഉണ്ടാക്കി വയ്ക്കും. ചായയും ഇട്ടു കൊടുത്ത ശേഷമേ വീട്ടിലേക്ക് പോകൂ. വാസു അന്ന് ഗോപാലന്‍ ഉണ്ടാക്കിയ ഉഴുന്നുവടയില്‍ ഒരെണ്ണം എടുത്ത ശേഷം അലമാരയില്‍ നിന്നും ഒരു കുപ്പി എടുത്ത് തുറന്ന് ഒരു പെഗ് ഒഴിച്ചു. അത് മെല്ലെ അടിച്ചു കഴിഞ്ഞപ്പോള്‍ ആണ് പുറത്ത് ഒരു സ്കൂട്ടര്‍ വന്നു നില്‍ക്കുന്ന ശബ്ദം അവന്‍ കേട്ടത്.
അവന്‍ മദ്യം മാറ്റി വച്ച ശേഷം ചെന്നു നോക്കി. പുന്നൂസിനെ കണ്ടപ്പോള്‍ അവന്‍ ചിരിച്ചു. പക്ഷെ അയാളുടെ വലിഞ്ഞു മുറുകിയ മുഖഭാവത്തില്‍ നിന്നും എന്തോ പന്തികേട് ഉള്ളതായി അവന്‍ മനസിലാക്കി.
“എന്താ സാറെ..ഒരു ടെന്‍ഷന്‍ പോലെ?”
അവന്‍ ചോദിച്ചു. പുന്നൂസ് ഒന്നും പറയാതെ ഉള്ളില്‍ കയറി കതകടച്ചു കുറ്റിയിട്ട ശേഷം അവനെതിരെ ഇരുന്നു.
“ഒരു പെഗ് ഒഴിക്കടാ” അയാള്‍ പറഞ്ഞു.
വാസു വേഗം തന്നെ മറ്റൊരു ഗ്ലാസ് എടുത്ത് അയാള്‍ക്ക് ഒരു പെഗ് ഒഴിച്ചു വെള്ളം ചേര്‍ത്ത് നല്‍കി. ഒപ്പം ഗോപാലന്‍ ഉണ്ടാക്കിയ വടകളും അവന്‍ അയാളുടെ മുന്‍പില്‍ വച്ചു.