മൃഗം 9 [Master]

Posted by

“സീ..”

അവള്‍ അത്യുല്‍സാഹത്തോടെ പറഞ്ഞു. അവര്‍ അവളുടെ മൊബൈല്‍ സ്ക്രീനിലേക്ക് നോക്കി. വാസുവിനെ ആക്രമിക്കാന്‍ ഒരുമ്പെടുന്ന ഒരു പെണ്ണ്. പുന്നൂസും റോസിലിനും അര്‍ത്ഥഗര്‍ഭമായി പരസ്പരം നോക്കി.

 

“ഗോഡ്..ഈ പെണ്ണ് ഇന്ത്യന്‍ സ്കൈ ചാനലില്‍ പ്രോഗ്രാം അവതരിപ്പിക്കുന്ന അഞ്ജന അല്ലെ..” റോസിലിന്‍ ഞെട്ടലോടെ ചോദിച്ചു.

 

“മമ്മീ….അതൊക്കെ പിന്നെ പറയാം..ആദ്യം ഇതൊന്നു കാണ്”

 

ഡോണ റോസിലിന്റെ ഇടപെടല്‍ ഇഷ്ടപ്പെടാതെ ശാസന പോലെ പറഞ്ഞു. പുന്നൂസ് ശ്വാസമടക്കിപ്പിടിച്ചാണ് അതിലേക്ക് നോക്കി നിന്നത്. വാസുവിനെ കാലുയര്‍ത്തി അടിക്കാനാഞ്ഞ പെണ്ണിനെ ചെറിയ ഒരു തട്ടിന് മലര്‍ത്തി ഇടുന്ന വാസു. രാവിലെ ജംഗ്ഷനില്‍ നടന്ന സംഭവങ്ങളുടെ വീഡിയോ, പോലീസുകാരനോട്‌ അവന്‍ സംസാരിക്കുന്നത് ഉള്‍പ്പെടെയുള്ള രംഗങ്ങള്‍ വളരെ കൃത്യമായി അതില്‍ ഉണ്ടായിരുന്നു. പുന്നൂസിന്റെ മുഖത്ത് ഭയം പടര്‍ന്നു പിടിച്ചു. വന്നിറങ്ങി ഒന്നാം ദിവസം തന്നെ അവന്‍ കൊച്ചിക്കാരെ മൊത്തം തന്റെ വരവ് അറിയിച്ചിരിക്കുന്നു; കൊച്ചിക്കാരെ മാത്രമല്ല, ലോകത്തുള്ള സകല മലയാളികളെയും.

 

“ഹു ഈസ് ദിസ് ഗൈ? ഐ വാണ്ട് ടു മീറ്റ്‌ ഹിം..ഐ ലവ് ഹിം പപ്പാ..ഐ റിയലി ലവ് ഹിം” ഡോണ ആവേശത്തോടെ പറഞ്ഞു.

 

പുന്നൂസ് വീണ്ടും ഞെട്ടി; ലോകത്ത് ഒരു പുരുഷനെയും പെര്‍ഫക്റ്റ് ആയി കണ്ടിട്ടില്ലാത്ത തന്റെ മകള്‍ ഒരൊറ്റ വീഡിയോ കൊണ്ട് വാസുവിന്റെ ഫാനായി മാറിയിരിക്കുന്നു. അവളുടെ സുരക്ഷയ്ക്ക് വേണ്ടിയാണ് അവനെ കൊണ്ടുവന്നത് എങ്കിലും അയാളിലെ അച്ഛന്‍ അവളെ ആശങ്കയോടെയാണ് നോക്കിയത്. അവള്‍ക്ക് അവനോടു പ്രേമമോ ആരാധനയോ തോന്നും എന്നയാള്‍ സ്വപ്നേപി കരുതിയിരുന്നില്ല; എന്തും വെട്ടിത്തുറന്നു പറയുന്ന ഡോണ ഇപ്പോള്‍ വികാരാവേശത്തോടെയാണ് അവനെ താന്‍ സ്നേഹിക്കുന്നു എന്ന് പറയുന്നത്. അതിനു വേറെ യാതൊരു അര്‍ത്ഥങ്ങളും കല്‍പ്പിക്കേണ്ടതില്ല..അവള്‍ സ്നേഹിക്കുന്നു എന്ന് പറഞ്ഞാല്‍ സ്നേഹിക്കുന്നു എന്നുതന്നെയാണ് അതിന്റെ അര്‍ഥം. പുന്നൂസ് ചെകുത്താനും കടലിനും ഇടയില്‍ അകപ്പെട്ട മാനസികാവസ്ഥയോടെ ഭാര്യയെ നോക്കി. മകളുടെ അമിതമായ ഉത്സാഹം റോസ്ലിനിലും ആശങ്ക സൃഷ്ടിച്ചിരുന്നു. ഡോണയുടെ ഈ മനോഭാവം മാറ്റണം എന്ന് പുന്നൂസ് വേഗം തന്നെ തീരുമാനമെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *