“അവനെ കണ്ടുപിടിക്കാന്‍ പിള്ളേരെ ഇറക്കിക്കഴിഞ്ഞു..” സ്റ്റാന്‍ലി പറഞ്ഞു.
“ഞാനിതില്‍ ഇടപെടണോ? അതോ നിങ്ങള്‍ തന്നെ അവനെ കണ്ടെത്തുമോ?”
“വേണ്ട അങ്കിള്‍..ഇത് ചീള് കേസ്..ഞങ്ങള്‍ അവനെ പിടിച്ചുകെട്ടി അങ്ങയുടെ മുന്‍പില്‍ ഇട്ടുതരാം..ഡോണ്ട് വറി” മാലിക്കായിരുന്നു അത് പറഞ്ഞത്.
“ഗുഡ്..പക്ഷെ ചാനലുകാര്‍ പബ്ലിസിറ്റി നല്‍കിയതോടെ ഇതൊരു സര്‍ക്കാര്‍ തല വീഴ്ചയായി മാറിയിരിക്കുകയാണ്..അതുകൊണ്ട് പോലീസ് അവനെ പിടികൂടാന്‍ സാധ്യതയുണ്ട്. അത് പാടില്ല..പോലീസ് ഇതില്‍ ഇടപെടരുത്…അവനെ എനിക്ക് വേണം ജീവനോടെ..ഗൌരീകാന്തിന്റെ മകളെ തൊട്ടാലുണ്ടാകുന്ന ഭാവിഷ്യത്തെന്താണ് എന്ന് ഇതേ ചാനലുകളിലൂടെ ഇതേ ജനം അറിയണം..” അയാള്‍ പല്ല് ഞെരിച്ചു.
“അതിനിപ്പം എന്താണ് അച്ഛാ വഴി? പോലീസിനു ഇതില്‍ ഇടപെടാതിരിക്കാന്‍ പറ്റില്ലല്ലോ? നമുക്ക് പരാതി ഇല്ല എന്ന് പറഞ്ഞാലും സ്ത്രീ സംരക്ഷകര്‍ എല്ലാം കൂടി രംഗത്ത് ഇറങ്ങിയതുകൊണ്ട് പൊലീസിന് കണ്ണും പൂട്ടി ഇരിക്കാന്‍ പറ്റുമോ?” അര്‍ജ്ജുന്‍ ചോദിച്ചു.
“പറ്റണം…അതിനുള്ള വഴി നമ്മള്‍ സ്വയം കുറ്റം ഏറ്റെടുക്കുക എന്നതാണ്. അഞ്ജന സ്വയം പറയണം തെറ്റ് അവളുടെ ഭാഗത്തായിരുന്നു എന്ന്..അതവള്‍ പരസ്യമായി ചാനലിലൂടെ പറഞ്ഞാല്‍, പിന്നെ പോലീസിനു പ്രശ്നമില്ലല്ലോ..അവളെക്കൂടാതെ ഞാനും പത്രങ്ങളോട് സംസാരിക്കാം. തെറ്റ് മോളുടെ ഭാഗത്താണ് എന്നും അതുകൊണ്ട് അവന്റെ ചെയ്തിയെ നമ്മള്‍ എതിര്‍ക്കുന്നില്ല എന്നും നമ്മള്‍ തന്നെ പറഞ്ഞാല്‍, പിന്നെ നാട്ടുകാര്‍ക്കാണോ പ്രശ്നം? ഇതില്‍ നമുക്ക് പരാതിയില്ല എന്നറിഞ്ഞാല്‍, അവന്‍ ഒളിവില്‍ കഴിയാതെ ധൈര്യമായി പുറത്ത് ഇറങ്ങുകയും ചെയ്യും..” അയാള്‍ മൂവരെയും നോക്കി തന്റെ ആശയം പറഞ്ഞു.
“അച്ഛാ..പക്ഷെ അഞ്ജന അങ്ങനെ പറയുമോ? മാത്രമല്ല..ഇതിനു ശേഷം അവനെ നമ്മള്‍ കൊന്നാല്‍, അത് നമ്മളായിരിക്കും ചെയ്യിച്ചത് എന്ന് എല്ലാവരും സംശയിക്കില്ലേ?” അര്‍ജ്ജുന്‍ തന്റെ സംശയം ചോദിച്ചു.
“അഞ്ജനയോട് ഞാന്‍ സംസാരിക്കാം. അതെക്കുറിച്ച് നീ വിഷമിക്കണ്ട..പിന്നെ അവനെ ഞാന്‍ ഉടനെയെങ്ങും കൊല്ലില്ല…കൊന്നുകളയുക എന്നത് അവനൊരു ഭാഗ്യമായിരിക്കും…എന്റെ മകളെ പരസ്യമായി തല്ലിയവന്‍ അങ്ങനെ പെട്ടെന്ന് ചാകാന്‍ ഉള്ളവനല്ല…..അതിനു മുന്‍പ് പലതും എനിക്കവനോട് ചെയ്യാനുണ്ട്..അത് എന്തൊക്കെയാണ് എന്ന് നിങ്ങള്‍ കാത്തിരുന്നു കണ്ടാല്‍ മതി..അവനെ കൈയില്‍ കിട്ടിയാല്‍ എന്നെ ഉടന്‍ വിവരം അറിയിക്കുക”
ക്രൂരമായ മുഖഭാവത്തോടെ ഗൌരീകാന്ത് പറഞ്ഞു. പിന്നെ അയാള്‍ പോകാനായി എഴുന്നേറ്റു.