ഗ്ലാസിട്ട ക്യാബിനുകള്‍ക്ക് അകത്തു നില്‍ക്കുന്ന ഞാനുള്‍പ്പടെ ഉള്ളവര്‍ക്ക് അവള്‍ പറയുന്നത് കേള്‍ക്കാന്‍ കഴിയില്ലെങ്കിലും ചുണ്ടുകളുടെ ചലനം കൊണ്ട് അവള്‍ പറയുന്നത് മനസ്സിലാക്കാമായിരുന്നു.. എന്നാല്‍ മറ്റുള്ളവര്‍ തന്നെ ശ്രദ്ധിക്കുന്നുണ്ട് എന്നതൊന്നും അറിയാതെ അനു അവളുടെ ജോലിയില്‍ വ്യാപ്രുതയായിരുന്നു… പേരിനടിയില്‍ ഒന്ന് വിരല്‍കൊണ്ട് നീട്ടി വരച്ച് എന്റെ പേര് ഈണത്തില്‍ ഉരുവിടുന്നത് കണ്ട് ശ്രീനിധിയും ചിരിച്ചു…
കരിമ്പച്ച കാഞ്ചീപുരം പട്ടുടുത്ത ഒരു അഞ്ചു വയസ്സുകാരിയാണ് അനു എന്ന് തോന്നി അവളുടെ ചേഷ്ടകള്‍ കണ്ടപ്പോള്‍.. ഞാന്‍ നില്‍ക്കുന്നതിന് അടുത്ത സീറ്റുകളില്‍ ഇരുന്ന പലരും എന്നെ നോക്കിയും ചിരിയടക്കുന്ന കണ്ടു.. ഞാനൊന്ന് മുരടനക്കി.. അത് കേട്ട് എല്ലാവരും തിരിഞ്ഞ് അവരവരുടെ ജോലികളില്‍ ശ്രദ്ധിക്കാന്‍ തുടങ്ങി.. ഈ സമയം ശ്രീനിധി ഡോര്‍ തുറന്നു അനുവിന്റെ അടുത്തേയ്ക്ക് ചെന്നു..
അവര്‍ സംസാരിച്ചു ചിരിക്കുന്നതും ഇടയ്ക്ക് ശ്രീനിധി പറയുന്നത് കേട്ട് അനു ചമ്മുന്നതും, നാണത്തോടെ സ്വയം തലയില്‍ തല്ലുന്നതും കണ്ടപ്പോള്‍ അവരെന്തായിരിക്കും സംസാരിച്ചിരിക്കുക എന്ന് ഞാനൂഹിച്ചു… ഒപ്പം ശ്രീനിധിയെ കൊല്ലാനുള്ള ദേഷ്യത്തോടെ വന്ന അനുവിന്റെ ഭാവമാറ്റം എന്നില്‍ അത്ഭുതം നിറച്ചു… ഇടയ്ക്ക് അവരെന്റെ നേരെയും നോക്കുന്നുണ്ടായിരുന്നു… ഞാനവരെ ശ്രദ്ധിക്കുന്നു എന്ന്‍ മനസ്സിലാക്കാതിരിക്കാന്‍ മുഖം മാറ്റി ഞാന്‍ ഫയലില്‍ ശ്രദ്ധിച്ചു..
ഇന്ന് ചെയ്ത് തീര്‍ക്കേണ്ട ജോലികളെപ്പറ്റി സ്റ്റാഫിന് നിര്‍ദ്ദേശം നല്‍കി ഞാന്‍ പുറത്ത് വരുമ്പോള്‍ ശ്രീനിധിയ്ക്കടുത്ത് അനു ഉണ്ടായിരുന്നില്ല.. അവള്‍ വാഷ്റൂമില്‍ പോയതാണ് എന്ന് പറഞ്ഞു.. ഞങ്ങള്‍ സംസാരിച്ചുകൊണ്ടിരിക്കുമ്പോള്‍ അവള്‍ വന്നു… കരഞ്ഞതുകൊണ്ട് മഷി പടര്‍ന്ന കണ്ണുകളും മുഖവും കഴുകി, കണ്ണുകളില്‍ വീണ്ടും മഷിയെഴുതി, മാഞ്ഞ നെറ്റിയിലെ സിന്ദൂരവും തൊട്ട്, ഉലഞ്ഞ സാരി അഴിച്ചുടുത്ത് നേരെയാക്കി വന്ന അനുവിന്റെ മുഖത്ത് ആദ്യത്തെ സങ്കടഭാവം ഉണ്ടായിരുന്നില്ല… ഞങ്ങള്‍ ശ്രീനിധിയോട് യാത്രയും പറഞ്ഞ് പുറത്തേയ്ക്കിറങ്ങി..
നേരെ ലുലുമാളില്‍ പോയി ഹൈപ്പര്‍മാര്‍ക്കറ്റില്‍ നിന്ന് ചൂട് ചപ്പാത്തിയും ചിക്കനും പാര്‍സല്‍ വാങ്ങി ടോപ് ഫ്ലോറില്‍ പോയിരുന്നു കഴിച്ചു.. ചിക്കന്‍ കടിച്ചു പറിക്കുന്നതിനിടയില്‍ അവള്‍ വിശേഷങ്ങള്‍ പറഞ്ഞുകൊണ്ടിരുന്നു.. ഇമ്പമുള്ളൊരു കീര്‍ത്തനം കേള്‍ക്കുന്നപോലെ അവള്‍ പറയുന്നതിനെല്ലാം ഞാന്‍ തലയാട്ടിയും ഇടയ്ക്ക് മൂളിയുമിരുന്നു… മല്ലിമോളുടെ പല്ലുവേദനയില്‍ പല്ലവി പാടിത്തുടങ്ങിയ ആ കീര്‍ത്തനം രണ്ടാം ചരണത്തില്‍ പാടി അവസാനിപ്പിക്കുമ്പോള്‍ ചെല്ലമ്മയുടെ കടയില്‍ നിന്നും നാരങ്ങാമിട്ടായി തിന്നുന്നതില്‍ എത്തി നിന്നു..
ഭക്ഷണം കഴിഞ്ഞ് എന്റെ കൈയില്‍ തൂങ്ങി ചാടിത്തുള്ളി നടക്കുന്ന അവളും ഞാനും മാള്‍മുഴുവന്‍ കറങ്ങി നടന്ന് കാഴ്ച്ചകള്‍ കണ്ടു.. അങ്ങനെ നടക്കുന്നതിനിടയിലാണ് എതിരെ വന്ന പെണ്‍കുട്ടികളില്‍ ചിലര്‍ എന്നെ നോക്കി കളിയാക്കുന്നതുപോലെ ചിരിയടക്കുന്നത് അവള്‍ ശ്രദ്ധിച്ചത്..