ദേവരാഗം 16 [ദേവന്‍]

Posted by

“…എന്തായാലും വീട്ടിലേയ്ക്കായിട്ടു പോന്നതല്ലേ…?? ഇന്നെന്തായാലും നമ്മള്‍ ഒരുമിച്ച് അങ്ങോട്ട്‌ പോവുന്നു.. അതിനു മുന്നേ എന്റെ പ്രിയഭാര്യയുടെ പിണക്കം മാറ്റാന്‍ നമ്മളിപ്പോ ലുലുവില്‍ പോയി ഒരുമിച്ച് ലഞ്ച് കഴിക്കുന്നു, പിന്നെയൊരു സിനിമ, അല്‍പ്പം ഷോപ്പിംഗ്‌.. എല്ലാം കഴിഞ്ഞ് വൈകുന്നേരം തന്റെ വീട്ടിലേയ്ക്ക്… അന്ന് വിരുന്നിനു ചെന്നപ്പോ തന്റെ ബെഡ് കണ്ടപ്പോള്‍ മുതലുള്ള ആഗ്രഹാ നിനക്കൊപ്പം അതില്‍ക്കിടന്നു കെട്ടിമറിയുന്നത്.. ഇന്നെന്തായാലും ആ മോഹം തീര്‍ക്കണം..” കള്ളച്ചിരിയോടെ ഞാന്‍ പറഞ്ഞതും അവളെന്റെ കവിളില്‍ നുള്ളി..

“…അയ്യടാ.. എപ്പോഴും ഈ ചിന്തയെ ഉള്ളൂ… കൊതിയന്‍…!!” അവളെന്റെ കൈത്തണ്ടയില്‍ പതുക്കെ നുള്ളിവലിച്ചു… നിമിഷാര്‍ദ്ധംകൊണ്ട് കരയുകയും അതിലും വേഗം പുഞ്ചിരിക്കുകയും, കുസൃതി കാണിക്കുകയും ചെയ്യുന്ന ഒരത്ഭുത ജന്മമാണ് അനു എന്ന്‍ പലപ്പോഴും എനിക്ക് തോന്നിയിട്ടുണ്ട്.. പക്ഷേ ഈ ഭാവപ്രകടനങ്ങളൊക്കെ എന്റെയടുത്ത് മാത്രമേ ഉള്ളൂ… മറ്റുള്ളവരുടെ മുന്‍പില്‍ ഒരു പാവം മിണ്ടാപ്പൂച്ച.. എന്റെയടുത്ത് കള്ളിപ്പൂച്ചയും..

“…അല്ലാ അപ്പോ എനിക്ക് മാറാന്‍ ഡ്രസ്സ് എടുത്താരുന്നോ..??” ട്രാവല്‍ബാഗും വാനിറ്റിയും എടുത്ത് കൊണ്ട് ഞാന്‍ ചോദിച്ചു.. അവള്‍ വാനിറ്റി എന്റെ കൈയില്‍ നിന്ന് വാങ്ങി ഇടത്തെ തോളില്‍ തൂക്കി..

“…ഇല്ല… തനിച്ചു പോവാന്നു വിചാരിച്ചാ പോന്നേ… വേണോങ്കി ഒന്നോ രണ്ടോ ജോഡി വാങ്ങിയപ്പോരേ..??” അവള്‍ എനിക്കൊപ്പം നടന്നു… വിരലുകള്‍ എന്റെ ഇടത്തേ കൈവിരലുകളില്‍ കൊരുത്തു പിടിച്ചിരുന്നു… പിണക്കമൊക്കെ മാറി അവള്‍ ചിരിച്ചുകൊണ്ട് എനിക്കൊപ്പം ക്യാബിനു പുറത്തേയ്ക്ക് വരുന്ന കണ്ട് അക്കൌണ്ട് സെക്ഷനില്‍ നിന്ന ശ്രീനിധിയുടെ മുഖത്ത് പുഞ്ചിരി വിരിഞ്ഞു… അവള്‍ കൈയ്യില്‍ പിടിച്ചിരുന്ന ഫയല്‍ കണ്ടപ്പോഴാണ് ചെയ്തുകൊണ്ടിരുന്ന ജോലിയെപ്പറ്റി ഞാനോര്‍ത്തത്.. അനുവിനോട് ഒരു നിമിഷത്തേയ്ക്ക് അനുവാദം വാങ്ങി, ബാഗ് കൈയില്‍കൊടുത്ത് ഞാന്‍ ശ്രീനിധിയുടെ അടുത്തേയ്ക്ക് ചെന്നു… അവളില്‍ പ്രതിഫലിച്ച ആശങ്കാഭാവം എന്റെയും അനുവിന്റെയും ചിരിക്കുന്ന മുഖം കണ്ടപ്പോള്‍ മാറിയിരുന്നു..

ശ്രീനിധി തന്ന ഫയലില്‍ ഞാന്‍ പറഞ്ഞുകൊടുത്ത മാറ്റര്‍ ടൈപ്പ് ചെയ്ത് പ്രിന്റ്‌  എടുത്ത് വച്ചിരുന്നു.. ഗ്ലാസിട്ട അക്കൌണ്ട് സെക്ഷനില്‍ നിന്നുകൊണ്ട് ആ ഫയല്‍ വെരിഫൈ ചെയ്യുമ്പോള്‍ ഇടയ്ക്ക് ഞാന്‍ അനുവിനെ നോക്കി.. എന്റെ ക്യാബിനു മുന്നില്‍ “ദേവന്‍ രാജശേഖരന്‍” എന്ന്‍ സ്വര്‍ണ്ണലിപിയില്‍ എഴുതിയിരുന്നതില്‍ വിരലോടിച്ചു നില്‍ക്കുകയായിരുന്നു അവള്‍.. ഇംഗ്ലീഷില്‍ എഴുതിയ ഓരോ അക്ഷരത്തിനു മുകളിലൂടെയും വിരലോടിച്ച് അവള്‍ ഓരോന്നും ചുണ്ടുകള്‍ ചലിപ്പിച്ചു പറയുന്നത്  കണ്ട എനിക്ക് ചിരി വന്നു.. ഞാന്‍ ചുറ്റും നോക്കുമ്പോള്‍ ഓഫീസിലെ സ്റ്റാഫില്‍ പലരും കുട്ടിത്തം നിറഞ്ഞ അനുവിന്റെ പ്രവര്‍ത്തി നോക്കി നില്‍ക്കുകയിരുന്നു… അവരുടെയെല്ലാം ചുണ്ടുകളില്‍ ചിരി…

Leave a Reply

Your email address will not be published. Required fields are marked *