പെട്ടന്ന് അനു ഉറക്കത്തില്‍ നിന്നെന്നപോലെ ഞെട്ടി.. എന്റെ നെഞ്ചില്‍ നിന്ന് മുഖമുയര്‍ത്താതെ പതുക്കെ പറഞ്ഞു… നേര്‍ത്ത സ്വരത്തില്‍ എന്നാല്‍ ദൃഡമായി ഓരോ വാക്കും എണ്ണിക്കൊണ്ട് പറയുന്നപോലെ..
“…നമുക്ക് മരിക്കണ്ട ദേവേട്ടാ… എനിക്കീ ജന്മത്തില്‍ത്തന്നെ എന്റെ ദേവേട്ടന്റെ കൂടെ ജീവിക്കണം… ദേവേട്ടന്റെ കുഞ്ഞുങ്ങളെ പ്രസവിക്കണം.. പാലൂട്ടി വളര്‍ത്തണം… ദേവേട്ടന്റെ സ്നേഹം അനുഭവിച്ച് ദീര്‍ഘായുസ്സോടെ ജീവിക്കണം… അവസാനം മരിക്കുമ്പോള്‍ ഒരേ മണ്ണില്‍ ഒരുമിച്ച് അന്ത്യവിശ്രമം കൊള്ളണം…” വളരെപ്പതുക്കെ അവള്‍ പറഞ്ഞു തീര്‍ന്നതും ഞാന്‍ പൊട്ടിക്കരഞ്ഞു പോയി… എന്റെ കണ്ണീര്‍ അവളുടെ മൂര്‍ദ്ധാവിലേയ്ക്ക് ഒഴുകി വീണു.. അവള്‍ പതുക്കെ മുഖമുയര്‍ത്തി എന്റെ കണ്ണുകളിലേയ്ക്ക് നോക്കി… തളര്‍ച്ചയിലും അവളുടെ കണ്ണുകളില്‍ പഴയ തിളക്കം നിറഞ്ഞു നിന്നു… അവള്‍ കൈയുയര്‍ത്തി എന്റെ കണ്ണുകള്‍ തുടച്ചു.. എന്നോടുള്ള സ്നേഹസാഗരം അലയടിക്കുന്ന അവളുടെ കണ്ണുകളില്‍ ഞാനും മുത്തി… മഴ തോര്‍ന്നിരുന്നു…
“…വാ ദേവേട്ടാ… നിക്ക് തണുക്കണൂ…”
“…ഇനി നീയന്നെ വിട്ടു പോവൂല്ലല്ലോ…” ഞാന്‍ ഒരിക്കല്‍ക്കൂടി ചോദിച്ചു… മറുപടിയായി അവളെന്റെ തോളില്‍ കടിച്ചു… ഞാന്‍ അവളുടെ മാത്രമാണെന്നതിന് അവള്‍ ചാര്‍ത്തിയ അടയാളത്തില്‍… എന്റെ പ്രാണനെ ചേര്‍ത്ത് പിടിച്ചുകൊണ്ട് മരണത്തിലും ജീവിതത്തിനും ഇടയ്ക്കുള്ള നൂല്‍പ്പാലം വിജയകരമായി കടന്ന സന്തോഷത്തില്‍ ഞാന്‍ സംതൃപ്തിയോടെ പുഞ്ചിരിച്ചു… എന്റെ തോളില്‍ ചാഞ്ഞു നില്‍ക്കുന്ന അവളെ ചേര്‍ത്ത് പിടിച്ചുകൊണ്ട് ഞാന്‍ മുന്നോട്ടു നടന്നു.. ജീവിതത്തില്‍ ആദ്യമായി ഒരു മഴ മുഴുവന്‍ നനഞ്ഞതോര്‍ത്തപ്പോള്‍ എനിക്ക് തന്നെ അത്ഭുതം തോന്നി.. അത് ഞങ്ങളുടെ സ്നേഹമഴയായിരുന്നു എന്ന്‍ ആശ്വസിച്ചുകൊണ്ട് മുന്നോട്ട് പാദങ്ങള്‍ ചലിപ്പിച്ചു… അപ്പോഴും അനുവിന്റെ താലിമാല ഞങ്ങള്‍ ഇരുവരുടെയും കഴുത്തിലായി കിടന്നു മിന്നുന്നുണ്ടായിരുന്നു…
അടുത്ത നിമിഷം മഴമാറിയ ആകാശത്ത് ഇനിയും ദേഷ്യം തീരാത്ത രണ്ടു മേഘങ്ങള്‍ ഊക്കോടെ കൂട്ടി മുട്ടി… ആ ഭൂപ്രദേശം മുഴുവന്‍ കോടിസൂര്യപ്രഭയില്‍ കുളിപ്പിച്ചുകൊണ്ട് ആകാശത്ത് നിന്ന് ഒരു മിന്നല്‍ ഭൂമിയില്‍ നിപതിച്ചു…
“…ദേവേട്ടാ…” ദിഗന്തങ്ങളെ പ്രകമ്പനം കൊള്ളിച്ച മേഘഗര്‍ജ്ജനത്തില്‍ അനുവിന്റെ നെഞ്ചുപൊട്ടിയുള്ള ആര്‍ത്തനാദം മുങ്ങിപ്പോയിരുന്നു..
(തുടരും…)