ദേവരാഗം 16 [ദേവന്‍]

Posted by

അവള്‍ പിന്നെയും എന്തൊക്കെയോ പറഞ്ഞു കരഞ്ഞു അവസാനം വാക്കുകള്‍ മുറിഞ്ഞ്  അവള്‍ ബലം നഷ്ട്ടപ്പെട്ട് എന്റെ നെഞ്ചിലൂടെ ഊര്‍ന്നു വീണു.. ഞാനവളെ താങ്ങി… ദയനീയമായി തളര്‍ച്ചയോടെ എന്നെ നോക്കി ഏന്റെ കവിളുകളില്‍ വിറയ്ക്കുന്ന കൈത്തലം അമര്‍ത്തി അവള്‍ തേങ്ങി… അരുതെന്ന കണ്ണുകളുടെ യാചന എനിക്ക് അവഗണിക്കേണ്ടി വന്നു… എനിക്കെല്ലാം അവളോട്‌ പറയണമായിരുന്നു… മഴയുടെ ശക്തി കുറഞ്ഞിരുന്നു… പ്രകൃതിപോലും വല്ലാതെ നിശബ്ദമായി അവള്‍ക്കൊപ്പം എന്റെ വാക്കുകള്‍ക്ക് കാതോര്‍ത്തു..

“…ഈ ലോകത്ത് ഈ ദേവന് ഒരു സ്വത്തുണ്ടെങ്കില്‍ അത് നീ മാതമാണനൂ… ആ നീയെന്നെ വിട്ടു പിരിയുന്ന നിമിഷം ഞാന്‍ അതിജീവിക്കുമെന്നു നിനക്ക് തോന്നുന്നുണ്ടോ..?? മറ്റുള്ളവരുടെ വാക്ക് കേട്ട് എന്നെ വിട്ടു പോകാന്‍ തീരുമാനിച്ചപ്പോള്‍ നീയത് ഓര്‍ത്തില്ലല്ലോ മോളേ…” മറുപടി മൌനമായിരുന്നു… അതെന്നെ ഒരുപാട് വേദനിപിച്ചു… എന്റെ ഹൃദയം കഷ്ണങ്ങളായി നുറുങ്ങുകയായിരുന്നു… നിറഞ്ഞൊഴുകിയ എന്റെ കണ്ണുകള്‍ ഞാന്‍ തുടച്ചു.. കണ്ണുകളും മുഖവുമെല്ലാം വിങ്ങുന്നപോലെ എനിക്ക് തോന്നി.. മഴനേര്‍ത്ത് ചാറ്റല്‍ മാത്രമായി…

“…എന്തായാലും നീ മരിക്കാന്‍ തീരുമാനിച്ചതല്ലേ… നമുക്ക് ഒരുമിച്ചു മരിക്കാം… എന്റെയും നിന്റെയും ശരീരത്തില്‍ ആഭരണങ്ങളുണ്ട്… നീ പറഞ്ഞപോലെ അതുകൊണ്ട് വേഗം മിന്നലേല്‍ക്കും… പ്രകൃതിയൊരുക്കുന്ന ഈ ചിതയില്‍ നമുക്ക് ഒരുമിച്ച് വെന്ത് വെണ്ണീറാവാം… അതോടെ എല്ലാവരുടേം പ്രശ്നങ്ങള്‍ തീരുമല്ലോ… ജീവിച്ചിരുക്കുന്ന നമ്മളെയല്ലേ എല്ലാരും പിരിക്കാന്‍ നോക്കുന്നെ… നമുക്ക് മരണത്തിലെങ്കിലും ഒരുമിക്കാം..” അവള്‍ എന്റെ കണ്ണുകളിലേയ്ക്ക് നിര്‍ന്നിമേഷയായി നോക്കി.. വേദനയോടെ.. എപ്പോഴും കുസൃതി ഒളിപ്പിക്കാറുള്ള അവളുടെ കരിങ്കൂവളമിഴികള്‍ നിര്‍ജ്ജീവമായിരുന്നു… പിന്നെ മുഖം കുനിച്ച് അവള്‍ താലി കൈയ്യിലെടുത്ത് അതിലേയ്ക്ക് അല്‍പ്പസമയം നോക്കി നിന്നു… അവളുടെ മനസ്സ് താളം തെറ്റുന്നത് പോലെ തോന്നി… എന്റെ ഉള്ളു പിടഞ്ഞു… അവള്‍ താലിയെടുത്ത്‌ ഒന്നു മുത്തി.. കണ്ണുകളില്‍ നിന്നും ഒരു തുള്ളി അടര്‍ന്നു താലിയില്‍ വീണു… പിന്നെ അവളാ നീളന്‍ താലിമാല എന്റെയും കഴുത്തിലൂടെ ഇട്ടു… ആ മാല ഞങ്ങളുടെ രണ്ടുപേരുടെയും കഴുത്തുകളിലായി തിളങ്ങിക്കിടന്നു… അവള്‍ എന്റെ വാക്കുകള്‍ സമ്മതിക്കുന്നപോലെ എന്നെ കെട്ടിപ്പിടിച്ച് തോളിലെ അവള്‍ ഉണങ്ങാന്‍ സമ്മതിക്കാത്ത മുറിവില്‍ ചുണ്ട് ചേര്‍ത്ത് നിന്നു..

ഞാനൊന്ന് ദീര്‍ഘമായി നിശ്വസിച്ചു.. പിന്നെ അവളുടെ മുടിയിഴകളില്‍ തഴുകി പതുക്കെ പറഞ്ഞു.. “…അതെയനൂ നമുക്ക് മരിക്കാം… എന്നിട്ട് വരും ജന്മങ്ങളില്‍ ആരും തേടി വരാനില്ലാത്ത വനാന്തരങ്ങളില്‍ വേഴാമ്പലുകളായി പിറവിയെടുക്കാം.. ജീവിതകാലം മുഴുവന്‍ ഒരിണ മാത്രമുള്ള വേഴാമ്പലുകള്‍… വാശിയോടെ ഇണചേരുന്ന മലമുഴക്കികള്‍.. എന്നിട്ട് ആരും എത്തിപ്പിടിക്കാത്ത ഉയരമുള്ള മരങ്ങളില്‍ കൂട് വയ്ക്കാം… അവിടെ നീയെന്റെ കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കും… നിങ്ങള്‍ക്കായി ഞാന്‍ ഇരതേടിപ്പോകുമ്പോള്‍ എന്റെ വഴിക്കണ്ണും നോക്കി നമ്മുടെ കുഞ്ഞുങ്ങളെ മാറോടടക്കി നീ കാത്തിരിക്കണം… പോകുന്ന വഴിയില്‍ ഞാന്‍ മരിച്ചുപോയാലും നീയും കുഞ്ഞുങ്ങളും എനിക്കൊപ്പം മരിക്കും.. അവിടെയും നിങ്ങളെ ഞാന്‍ തനിച്ചാക്കില്ല…”

Leave a Reply

Your email address will not be published. Required fields are marked *