ദേവരാഗം 16 [ദേവന്‍]

Posted by

“..ദേവേട്ടാ… ഞാനൊരു പാവം നാട്ടുമ്പുറത്തുകാരിപ്പെണ്ണാ.. ഒരു സാധാരണ കര്‍ഷകന്റെ മോള്.. താലികെട്ടിയ പുരുഷനെ ദൈവമായി കാണണോന്നാ എന്റെ അച്ഛനുമമ്മേം പഠിപ്പിച്ചിട്ടുള്ളത്‌.. ദേവേട്ടന്റെ താലി ഈ കഴുത്തില്‍ വീണ നിമിഷം മുതല് ഞാന്‍ ദേവേട്ടന്റെ പെണ്ണാ.. ന്നാലും അതിമോഹോന്നൂല്ല.. ശ്രീമംഗലത്തെ ഈ രാജകുമാരന്റെ ഭാര്യയാവാനുള്ള അര്‍ഹത നിക്കില്ലാന്നറിയാം.. ന്നാലും ഒരുപാടിഷ്ടാ.. വിശ്വാസാ… ന്നാലും ഞാമ്പൊക്കോളാം.. ദേവേട്ടന്‍ വേറെ വല്യവീട്ടിന്ന്‍ നല്ലൊരു പെണ്ണിനെ കെട്ടി സുഖായിട്ട് ജീവിച്ചോ..??”

എനിക്ക് ചെവി പൊത്തണമെന്ന് തോന്നി… അന്ന് നിര്‍വൃതിയോടെ കേട്ട് നിന്ന വാക്കുകള്‍ ഇന്നെന്റെ നെഞ്ചില്‍ തീകോരിയിടുന്നു…

ദേവാ ഇതാണ് നീ കാത്തിരുന്ന അവസരം… എന്റെ അന്തരംഗം മന്തിച്ചു.. ഞാന്‍ ഒപ്പം വേഗത്തില്‍ നടക്കുന്ന കണ്ട് അനു എന്റെ പിടിവിട്ട് ഓടി പോര്‍ച്ചിലേയ്ക്ക് കയറി നിന്നു..

ഞാന്‍ പോര്‍ച്ചിന്റെ അടുത്ത് വരെ എത്തി കയറാതെ പുറത്ത് മഴയില്‍ നിന്നു… പോര്‍ച്ചില്‍ നിന്നും സിറ്റ്ഔട്ടില്‍ നിന്നുമുള്ള വെളിച്ചം വീഴുന്ന മുറ്റത്ത് അവള്‍ക്ക് കാണാന്‍ പാകത്തിന് ഒരു പതിനഞ്ചടി ദൂരത്തില്‍… നനഞ്ഞ സാരി കുടഞ്ഞ്‌ നേരെയാക്കി തലയുര്‍ത്തിയ അനു കാണുന്നത് മഴ നനഞ്ഞ് കൈകള്‍ വിടര്‍ത്തി നില്‍ക്കുന്ന എന്നെയാണ്… മഴ കനത്ത് പെയ്തുകൊണ്ടിരുന്നു..

“…ദേവേട്ടാ.. കളിക്കാതെ ഇങ്ങോട്ട് കേറിവാ…” അവള്‍ ഉറക്കെ വിളിച്ചു പറഞ്ഞു.. ഞാന്‍ നിഷേധാര്‍ത്ഥത്തില്‍ തലയാട്ടി ചിരിച്ചു..

“…ഒന്നു വാ ദേവേട്ടാ…” അവള്‍ കൈകള്‍ കൊണ്ട് വരാന്‍ ആംഗ്യം കാണിച്ച് വിളിച്ചു.. ഞാന്‍ വീണ്ടും ചിരിച്ചു കൈകള്‍ വിടര്‍ത്തി മാനത്തേയ്ക്ക് നോക്കി നിന്ന് മഴ നനഞ്ഞു… കാറ്റ് വീശിയടിച്ചു.. മരങ്ങള്‍ ആടിയുലഞ്ഞു…

ഇരുട്ടിനെ തകര്‍ത്തെറിഞ്ഞ് അടുത്ത മിന്നലുണ്ടായി… കണ്ണഞ്ചുന്ന മിന്നല്‍.. അതെന്നെ മൂടി അനുവിന്റെ കാഴ്ച്ച മറച്ചു… പോര്‍ച്ചിലെ ലൈറ്റ് മിന്നലില്‍ പൊട്ടിത്തകര്‍ന്നു…

“…ദേവേട്ടാ…” അവള്‍ ഉറക്കെ നിലവിളിച്ചുകൊണ്ട് ചെവിപൊത്തി കണ്ണുകള്‍ ഇറുക്കിയടച്ചു… നിമിഷങ്ങള്‍ കഴിഞ്ഞു മിന്നലിനു പുറകെ ചെവിപൊട്ടുമാറ് ഉച്ചത്തില്‍ ഇടി മുഴങ്ങി..പേടിച്ചു കുനിഞ്ഞു പോയ അനു തലയുര്‍ത്തി നോക്കി… പോര്‍ച്ചിലെ ലൈറ്റ് പോയെങ്കിലും സിറ്റ്ഔട്ടില്‍ നിന്നുള്ള വെളിച്ചം മുറ്റത്തും പോര്‍ച്ചിലും കിട്ടുന്നുണ്ടായിരുന്നു… മുന്നില്‍ മഴയില്‍ ചിരിച്ചു കൊണ്ട് നില്‍ക്കുന്ന എന്നെ അവള്‍ കണ്ടു… അവള്‍ കരഞ്ഞുകൊണ്ട് ഓടി വന്ന്‍ എന്റെ മാറില്‍ തല്ലിയലച്ചു വീണു… എന്റെ മാറില്‍ അവളുടെ ഹൃദയതാളം പഞ്ചാരികൊട്ടുന്നത് ഞാനറിഞ്ഞു… പെട്ടന്ന് എന്തോ ഓര്‍ത്തപോലെ അവള്‍ മുഖമുയര്‍ത്തി..

“…എന്തിനാ ന്നെ ഇങ്ങനെ പേടിപ്പിക്കണേ… വാ ദേവേട്ടാ… മിന്നലേക്കും… നിക്ക് പേടിയാ…” ഉള്ളിലെ ഹൃദയം നുറുങ്ങുന്ന വേദന മറച്ചു വെച്ചുകൊണ്ട് ഞാന്‍ ചിരിച്ചു.. അവളുടെ മിഴികള്‍ തുടച്ചു… മുഖത്തേയ്ക്ക് വീണ മുടിയിഴകള്‍ വകഞ്ഞു മാറ്റി.. ആ പനിമതിമുഖം കൈക്കുമ്പിളില്‍ കോരി..

Leave a Reply

Your email address will not be published. Required fields are marked *