കടുത്ത വേനലിലെ ആദ്യ മഴയ്ക്ക് മുന്നോടിയായി മാനത്ത് ഇടിവെട്ടി.. ഭൂമിയില്‍ പുതുനാമ്പുകള്‍ മുളച്ചു കാണും..
അനു ഞെട്ടിയുണര്‍ന്നു… അവളുടെ വെപ്രാളം നോക്കി ഞാന്‍ ചിരിച്ചത് ഇഷ്ടപ്പെടാതെ എന്റെ കവിളില്‍ ഒരു കുത്ത് തന്ന് അവള്‍ വീണ്ടും എന്റെ തോളില്‍ മുഖം ചേര്‍ത്ത് മയങ്ങാന്‍ തുടങ്ങി..
“…എണീക്കെടി അമ്മിണീ… ബാക്കി രാത്രീല് ഉറങ്ങാം…” അവള്‍ ചിണുങ്ങിക്കൊണ്ട് എന്റെ കഴുത്തിലെ ചുറ്റ് മുറുക്കി… ഞാനവളുടെ വയറില്‍ നുള്ളി… അവള്‍ ഞെട്ടിപ്പിടഞ്ഞെഴുന്നേറ്റു… അവള്‍ക്കൊപ്പം എഴുന്നേല്‍ക്കാന്‍ തുടങ്ങിയ എന്നെ തിരികെ കൌച്ചിലേയ്ക്ക് തന്നെ തള്ളിയിട്ട്, കൊഞ്ഞനം കുത്തി മുഖം വീര്‍പ്പിച്ച് മുറിയിലേയ്ക്ക് പോയി… അവളുടെ കുസൃതി നോക്കിയിരുന്നപ്പോഴുണ്ടായ സന്തോഷം അവള്‍ കണ്‍മുന്നില്‍ നിന്ന് മറഞ്ഞപ്പോള്‍ എങ്ങോപോയി.. മനസ്സില്‍ വീണ്ടും ഉത്തരമില്ലാത്ത ചോദ്യങ്ങള്‍ ഉയര്‍ന്നു വന്നു.. എവിടെത്തുടങ്ങണം എന്നറിയാത്ത ഒരു കലക്കം..
മാനത്ത് ചെറിയ മിന്നല്‍ പിണറുകള്‍ പാഞ്ഞു… പുറകെ ഇടി കുടുങ്ങി.. വലിയ ശബ്ദമില്ലാതെ… എങ്കിലും ആ ശബ്ദം എന്റെ ഉള്ളിലേയ്ക്ക് ആഴ്ന്നിറങ്ങി… പുറത്ത് മഴ പെയ്യാന്‍ തുടങ്ങി… മരണത്തിനും ജീവിതത്തിനും ഇടയിലെ നൂല്‍പാലത്തിലൂടെ എന്റെ പ്രാണനെ ചേര്‍ത്ത് പിടിച്ച് നടക്കാന്‍ തീരുമാനിച്ചുകൊണ്ട് ഞാന്‍ എഴുന്നേറ്റു…
അനുവിനെ തിരഞ്ഞ് ഞാന്‍ മുറിയിലേയ്ക്ക് ചെന്നു… പുതുമഴ കണ്ട മയില്‍പ്പേടയായി അവള്‍ ബാല്‍ക്കണിയില്‍ നില്‍ക്കുന്നു… കൈനീട്ടി റൂഫില്‍ നിന്ന് വീഴുന്ന വെള്ളത്തുള്ളികള്‍ തട്ടിത്തെറിപ്പിച്ച് കളിക്കുന്ന അവളെ നോക്കി ഞാന്‍ അല്‍പ്പ സമയം നിന്നു… അവളുടെ മഞ്ഞസാരി കാറ്റില്‍ പറന്നു കളിക്കുന്നു… കാറ്റില്‍ ചിതറിവീണ മഴത്തുള്ളികള്‍ അവളുടെ സാരിയില്‍ നനവ് പടര്‍ത്തിയിരുന്നു… ഞാനവളെ പുറകില്‍ നിന്നും പുണര്‍ന്നു… എന്റെ നേരെ നോക്കി നിറവോടെ പുഞ്ചിരിച്ച് അവള്‍ വീണ്ടും നൂലുപോലെ ഒഴുകിയിറങ്ങുന്ന മഴയിലേയ്ക്ക് കൈനീട്ടി… എന്റെ മനസ്സ് തേങ്ങുകയായിരുന്നു..
പെട്ടന്ന് അവള്‍ കുറുമ്പോടെ മഴത്തുള്ളില്‍ എന്റെ മുഖത്തേയ്ക്ക് തട്ടിത്തെറുപ്പിച്ചു… എന്റെ മുഖം മുഴുവന്‍ നനഞ്ഞു… അവള്‍ പൊട്ടിച്ചിരിച്ചുകൊണ്ട് എന്നെ കളിയാക്കി… ഒരു കപടദേഷ്യം മുഖത്തണിഞ്ഞ് ഞാനവളെ വാരിയടുത്തു… മുറിക്കകത്തേയ്ക്ക് കയറി.. അവളെ ഞാന്‍ ബെഡ്ഡിലേയ്ക്കിടാന്‍ പോകുകയാണ് എന്ന് കരുതി നാണിച്ച് ചുവന്ന മുഖത്തോടെ എന്റെ കഴുത്തില്‍ കൈകള്‍ചുറ്റി അവളെന്റെ കൈകളില്‍ കിടന്നു.. എന്നാല്‍ ഞാന്‍ അവളെയും കൊണ്ട് സ്റ്റെയര്‍ ഇറങ്ങി പുറത്തേയ്ക്ക് നടന്നു..