കാര്‍ വീണ്ടും ഇടത്തേയ്ക്ക് തിരിഞ്ഞു… വളര്‍ന്നു നില്‍ക്കുന്ന കൊന്നത്തെങ്ങുകള്‍ക്ക് നടുവിലൂടെ ചാലുകീറി നടുക്ക് പുല്ല് വളര്‍ന്ന മണ്‍പാതയിലൂടെ ഓഡി ഒഴുകി നീങ്ങുമ്പോള്‍ ചക്രവാളത്തിന്റെ നെറുകയില്‍ കുങ്കുമം ചാര്‍ത്തി സൂര്യദേവന്‍ ഹംസതൂലികാ ശയ്യയില്‍ നിദ്രപ്രാപിച്ചിരുന്നു..
“…ഹലോ… ഇതെവിടാ… ഇറങ്ങുന്നില്ലേ…??” പുഞ്ചിരിയോടെയുള്ള എന്റെ ചോദ്യം കേട്ട് ഞെട്ടി ഉണര്‍ന്ന അനു പകപ്പോടെ ചുറ്റും നോക്കി… അവളുടെ കണ്ണുകളിലെ ചോദ്യങ്ങള്‍ക്ക് ഉത്തരം കൊടുക്കാതെ ഞാന്‍ പുറത്തിറങ്ങി ബാക്ക് സീറ്റില്‍ നിന്ന്‍ ബാഗുകള്‍ എടുത്ത് നിവര്‍ന്നതും ഫാംഹൌസിന്‍റെ സിറ്റ്ഔട്ടില്‍ നിന്നിരുന്ന ചെക്കന്‍ ഓടി വന്നു..
“…സാര്‍ താക്കോല്‍…??” അവന്‍ നീട്ടിയ താക്കോല്‍ വാങ്ങി ഞാന്‍ വാതിലിനടുത്തേയ്ക്ക് നടക്കുമ്പോള്‍ അനു മുറ്റത്തെ പൂന്തോട്ടത്തില്‍ വളര്‍ന്ന്‍ നില്‍ക്കുന്ന പൂച്ചെടികളില്‍ തഴുകിയും മണത്തും നടന്നു… മണിച്ചിത്രപൂട്ടുള്ള വലിയ വാതില്‍ തുറന്ന് അകത്തെ വിശാലമായ ഹാളിലേയ്ക്ക് ഞാന്‍ നടന്നു… സ്റ്റെയര്‍ കയറി മുകളിലെ മിനി ബാറിനോട് ചേര്‍ന്നുള്ള മുറിയില്‍ ബാഗുകള്‍ വച്ചു.. ബാല്‍ക്കണിയിലേയ്ക്ക് തുറക്കുന്ന ചില്ലു വാതില്‍ തുറന്ന് താഴേക്ക് നോക്കി… താഴെപൂന്തോട്ടത്തില്‍ ആ ചെക്കനോട് സംസാരിച്ച് ചിരിക്കുന്ന അനുവിനെ ഞാന്‍ നോക്കി നിന്നു… ഇവളിത്ര പെട്ടന്ന് അവനുമായി കൂട്ടായോ..
ചെക്കന്‍ അവള്‍ പറഞ്ഞിട്ടായിരിക്കണം ചാമ്പയില്‍ വലിഞ്ഞു കയറി ചുവന്ന ചാമ്പയ്ക്കകള്‍ നോക്കിപ്പറിയ്ക്കാന്‍ തുടങ്ങി… ഏഴിലോ എട്ടിലോ പഠിക്കാന്‍ പ്രായമുള്ള ആ നരുന്ത് ചെക്കന്‍ ചാമ്പയില്‍ അള്ളിപ്പിടിച്ച് കയറിയിരിക്കുന്നത് കണ്ട് എനിക്ക് ചിരി വന്നു… താഴെ നില്‍ക്കുന്ന അനു അവനെ പഴുത്ത ചാമ്പയ്ക്കകള്‍ ചൂണ്ടിക്കാണിച്ച് കൊടുക്കുന്നു… ഇടയ്ക്ക് താഴെയുള്ള ആകാശമുല്ലയില്‍ നിന്നും വെളുത്ത പൂക്കള്‍ പറിച്ച് അവള്‍ കൈക്കുമ്പിളില്‍ നിറയ്ക്കുന്നു…
മഞ്ഞ വോയില്‍ സാരിയില്‍ അവളെത്ര സുന്ദരിയാണ്… ആ സാരിയുടുത്ത് അവളെ ആദ്യമായി കണ്ട ദിവസം എനിക്കോര്‍മ്മ വന്നു… പുഴക്കരയിലെ പാര്‍ക്കില്‍ ഇരുന്ന അവളുടെ ചിത്രം… ദേവേട്ടനെയാണ് മറ്റാരെക്കാളും വിശ്വാസം എന്ന് പറഞ്ഞ് എന്നോടുള്ള പ്രണയം അവളാദ്യമായി പറയാതെ പറഞ്ഞ ദിവസം… അന്നും ഇന്നത്തെപ്പോലെ മഞ്ഞവളകളും കാതില്‍ ചെയിന്‍പോലെയുള്ള കമ്മലും തന്നെയായിരുന്നു അലങ്കാരങ്ങള്‍..