“…എന്തുപറ്റി ന്റെ വാവാച്ചിക്ക്… ന്താ ഒന്നും മിണ്ടാത്തെ… ഇന്നവിടെ നിക്കാത്തതിനു ന്നോട് പെണക്കാ..?? ഞാന്‍ മാറാനുള്ള ഡ്രസ്സൊന്നും എടുത്തില്ലാത്തോണ്ടല്ലേ..” സത്യത്തില്‍ നീയെന്റെ ആരാ അനൂ…?? ഭാര്യയോ..?? അതോ അമ്മയോ…?? ചോദിക്കാന്‍ തോന്നിയത് അതായിരുന്നു എങ്കിലും പറഞ്ഞത് മറ്റൊന്നാണ്..
“…ഡി അമ്മിണീ…!! നിന്റെ ചൂട് പറ്റി കിടക്കാത്തകൊണ്ട് ഇന്നലെ ഞാന്‍ ഒരുപോള കണ്ണടച്ചിട്ടില്ല… ഇന്നും നീയന്നെ പറ്റിച്ചു… നാളെ നീയിങ്ങു വാട്ടോ നിനക്ക് ഞാന്‍ വച്ചിട്ടുണ്ട്…” എങ്ങനെയോ ഞാന്‍ പറഞ്ഞൊപ്പിച്ചു.. ഉള്ളിലെ വേദന വാക്കുകളില്‍ വരാതിരിക്കാന്‍ പാടുപെട്ടു… എന്നാല്‍ അവളുടെ പളുങ്കുമണികള്‍ ചിതറുന്ന ചിരി എന്റെ ഉള്ളില്‍ മഞ്ഞുകണമായിറങ്ങി പെയ്തിറങ്ങി… വരണ്ട പ്രകൃതിയില്‍ വേനല്‍മഴ പെയ്ത സുഖം… എനിക്ക് ചുറ്റും പുതുമണ്ണിന്റെ സുഗന്ധം നിറയുന്നപോലെ..
“…ന്റെ പൊന്നേ… ഞാന്‍ രാവിലെ തന്നെ വന്നേക്കാമേ…?? ഉമ്മ..!! ഇപ്പൊ തല്‍ക്കാലം ഇതുകൊണ്ട് അഡ്ജസ്റ്റ് ചെയ്യ് ന്റെ മോന്‍… ഞാന്‍ വെക്കുവാ… എനിക്കിറങ്ങാനുള്ള സ്റ്റോപ്പെത്തി…” കുറച്ചു സമയം ഫോണിലൂടെ ഒഴുകിയത്തിയ കുളിര്‍മഴയില്‍ ഉള്ളം നനഞ്ഞ് ഞാനാ ചാരുബഞ്ചില്‍ ഇരുന്നു… പിന്നെ മുഖമൊന്നു അമര്‍ത്തിത്തുടച്ച് എഴുന്നേറ്റ് നടന്നു..
മനസ്സില്‍ അപ്പോള്‍ എന്റെ പെണ്ണിന്റെ കണ്ണുകള്‍ ഇനിയും നിറയാതെ ഇരിക്കാനുള്ള തീരുമാനങ്ങള്‍ ഞാന്‍ എടുത്തു കഴിഞ്ഞിരുന്നു.. പക്ഷേ… അവസാനമായി ഒരിക്കല്‍ക്കൂടി അവള്‍ എന്റെ നെഞ്ചില്‍ ചേര്‍ന്ന് നിന്ന് കരയണം… അവളെ ഞാന്‍ എത്രത്തോളം സ്നേഹിക്കുന്നു എന്ന് എനിക്കവളെ ബോധ്യപ്പെടുത്തണം.. ഈ ലോകത്ത് ദേവന് അനുപമയേക്കാള്‍ വലിയ സ്വത്തോ… അവളുടെ പ്രണയത്തേക്കാള്‍ വലിയ ബന്ധങ്ങളോ ഇല്ലെന്ന് അവള്‍ മനസ്സിലാക്കണം… അതിന് ഒരു നിമിഷമെങ്കിലും മരണത്തിന്റെ വക്കില്‍ നിന്ന് അവള്‍ തന്നെ എന്നെ തിരിച്ചു കൊണ്ടുവരണം.. എന്നെ വിട്ട് മരണത്തില്‍ അഭയം തേടാന്‍ അവള്‍ തീരുമാനിച്ചത് എന്റെ കൂടി മരണമായിരുന്നു എന്ന് അവള്‍ തിരിച്ചറിയണം..
എന്നെ കാണാത്തകൊണ്ട് കൊണ്ട് തേടിയിറങ്ങിയ പന്ത്രണ്ടു വയസ്സുകാരിക്കും എട്ടു വയസ്സുകാരനുമൊപ്പം സീതേച്ചിയുടെ മുറി ലക്ഷ്യമാക്കി ഞാന്‍ നടന്നു.. ഒറ്റ ദിവസം കൊണ്ട് ഇവരെന്റെ ആരൊക്കെയോ ആയതുപോലെ.. അതിനുകാരണവും അനുവാണല്ലോ…
*****
കാര്‍ ശങ്കരപ്പടിയില്‍ വച്ച് ഹൈവേയില്‍ നിന്ന് തിരിഞ്ഞത് അനു അറിഞ്ഞതേ ഇല്ല… എന്റെ തോളില്‍ ചാഞ്ഞിരുന്ന്‍ കൈവിരലുകളില്‍ തഴുകുന്ന അവളുടെ മിഴിവുള്ള കണ്ണുകളില്‍ പുറത്തെ കാഴ്ച്ചകളൊന്നും പതിയുന്നുണ്ടായിരുന്നില്ല… കളരിക്കലേയ്ക്ക് പോകാതെ ശ്രീമംഗലത്തേയ്ക്ക് പോകാനായി കാര്‍ തിരിഞ്ഞപ്പോള്‍ മുതല്‍ അവള്‍ മൌനമായിരുന്നു… വീണ്ടും ശ്രീമംഗലത്തെയ്ക്ക് ചെല്ലുമ്പോള്‍ അമ്മയുടെ പ്രതികരണം എന്തായിരിക്കുമെന്ന് ഓര്‍ത്ത് അവള്‍ ഉള്ളില്‍ കരയുന്നത് എനിക്ക് അറിയാന്‍ കഴിഞ്ഞിരുന്നു… പക്ഷേ ഒന്നുമറിയാത്തവനായി ഞാനൊരു മുഖംമൂടി അണിഞ്ഞിരുന്നു..