ദേവരാഗം 16 [ദേവന്‍]

Posted by

“…അവളൊരു പാവാ ദേവേട്ടാ… ദേവേട്ടന്റെ നല്ല ഭാവിക്ക് വേണ്ടി അവള് ചിലപ്പോ…!!!” അവളുടെ മുഖത്ത് ഭയം നിഴലിച്ചു… “..കാരണം വിട്ടുപോകാന്‍ സമ്മതിക്കാതെ ദേവേട്ടന്‍ അവളെ തേടി ചെല്ലുമെന്ന് അവള്‍ക്കറിയാം… എന്നാല്‍ അവളില്ലാതായാല്‍ കുറച്ച് കാലം കഴിഞ്ഞെങ്കിലും ദേവേട്ടന് നല്ലൊരു ജീവിതം ഉണ്ടാകും എന്ന് കരുതിക്കാണും… ഇപ്പോഴെങ്കിലും ഇത് പറയണമെന്ന് തോന്നി.. ഇല്ലെങ്കില്‍ വൈകിപ്പോയാലോന്ന്..!!”

ശ്രീനിധി പിന്നീട് പറഞ്ഞതൊന്നും ഞാന്‍ കേട്ടില്ല… എന്റെ കൈകാലുകള്‍ തളരുന്നപോലെ തോന്നി… കണ്ണില്‍ ഇരുട്ട് കയറുന്നു… കൈകളില്‍ തലതാങ്ങി ഞാന്‍ താഴേക്ക് നോക്കിയിരുന്നു… ഇന്നലെ അനു പൊട്ടിക്കരഞ്ഞത് ഞാനോര്‍ത്തു… ഓടി വന്ന് എന്റെ നെഞ്ചില്‍ വീണത് ആര്‍ത്തലച്ചു വന്ന ഒരു കടലായിരുന്നെന്ന് ഞാന്‍ തിരിച്ചറിഞ്ഞു.. മനസ്സില്‍ എത്രത്തോളം വിഷമം ഉണ്ടായിട്ടാവും എന്റെ അനു..!! അവള്‍ക്കെന്തെങ്കിലും സംഭവിച്ചാല്‍ എനിക്കത് സഹിക്കാന്‍ കഴിയില്ലെന്ന് ചിന്തിച്ചപ്പോഴാവും അവള്‍ ഓഫീസിലേയ്ക്ക് വന്നത്… ഇന്നലെ കാറില്‍ വച്ച് സംസാരിച്ച കാര്യങ്ങള്‍ കേട്ടപ്പോള്‍ അവളെപ്പിരിഞ്ഞ്‌ എനിക്കൊരു ജീവിതമില്ലെന്നും എന്ത് വന്നാലും ഞാനവള്‍ക്കൊപ്പം ഉണ്ടാവും എന്ന് മനസ്സിലായിട്ടുണ്ടാവും.. അതായിരിക്കാം ഇന്ന് എന്റെ കൂടെയുണ്ടായിരുന്നത് പഴയ അനുവായിരുന്നു… എന്റെ പൂച്ചക്കുട്ടി..

എത്രനേരം ഞാനവിടെ ഇരുന്നു എന്നറിയില്ല… സീതേച്ചിയുടെ മൂത്തകുട്ടികളായ ശരണ്യമോളെയും ശ്യാംകുട്ടനെയും കൊണ്ട് ഭക്ഷണം വാങ്ങാന്‍ പോയിരുന്ന ശിവേട്ടന്‍ ഞങ്ങളുടെ അടുത്തേയ്ക്ക് വന്നതും, ഓഫീസിലെ ഡ്രൈവറായ പുള്ളിക്കാരന്റെ ഒപ്പം ശ്രീനിധി യാത്ര പറഞ്ഞു പോയതുമെല്ലാം അവ്യക്തമായി ഞാനറിഞ്ഞിരുന്നു… ഇരുട്ട് വീണു തുടങ്ങിയത് പ്രകൃതിയില്‍ മാത്രമായിരുന്നില്ല എന്റെ ഉള്ളിലുമായിരുന്നു… പാര്‍ക്കിങ്ങില്‍ വാഹനങ്ങള്‍ വന്നും പോയുമിരുന്നു… ഇടയ്ക്ക് ആരുടെയോ ജീവന്റെ നിമിഷങ്ങളെണ്ണി ആംബുലന്‍സ് ഇരമ്പി വന്നു നിന്നിരുന്നു… പക്ഷേ ഞാറ്റുവേലക്കടലിനു മുന്നിലെ അന്ധനായ പഥികനായി ഞാനിരുന്നു… കണ്ണിനു മുന്നില്‍ എന്റെ സ്വര്‍ണ്ണമാനിന്റെ നിഷ്കളങ്കമായ ചിരി മാത്രം… കാതില്‍ അവളുടെ അടക്കിപ്പിടിച്ച തേങ്ങല്‍… നെഞ്ചുപൊട്ടുന്ന “ദേവേട്ടാ” എന്ന വിളി..

അനുവിനെ കാണണം… എന്തിനുവേണ്ടി എല്ലാം എന്നില്‍ നിന്ന് മറച്ച് വച്ച് സ്വയം ഉരുകി എനിക്ക് വെളിച്ചം പകര്‍ന്നു എന്ന് ചോദിക്കണം… ആഗ്രഹം കലശലായതും ഫോണെടുത്ത് ഞാന്‍ അവളെ വിളിച്ചു.. കോള്‍ കണക്ടാവാന്‍ എടുക്കുന്ന സമയം പോലും അസഹനീയമാണ്… യുഗങ്ങള്‍ നീളമുള്ളതുപോലെ..

“…ദേവസംഗീതം നീയല്ലേ നുകരാന്‍ ഞാനാരോ…”

“…വാവാച്ചീ…!!” കോളര്‍ ട്യൂണിന്റെ അവസാനം ഈണത്തിലുള്ള അനുവിന്റെ വിളി കേട്ട നിമിഷം എന്റെ കണ്ണുകള്‍ നിറഞ്ഞൊഴുകി… വാക്കുകള്‍ തൊണ്ടയില്‍ കുരുങ്ങി..

Leave a Reply

Your email address will not be published. Required fields are marked *