“..ശ്രീ…!!!” കേട്ടത് വിശ്വസിക്കാനാവാതെ ഞാന്‍ നിന്നുപോയി… എന്റെ ഉച്ചത്തിലുള്ള വിളി കേട്ട് പാര്‍ക്കിംഗ് ലോട്ടിലും പുറത്തെ റെസ്റ്റിംഗ് ഏരിയയിലും നിന്നിരുന്നവര്‍ ഞങ്ങളുടെ നേരെ നോക്കി… അപ്പോഴും എന്റെ നോട്ടം ശ്രീനിധിയില്‍ത്തന്നെ തറഞ്ഞു നിന്നു..
“…അതെ ദേവേട്ടാ… ദേവേട്ടന്റെ അമ്മയുടെ കുത്തുവാക്കുകളും, കുറ്റപ്പെടുത്തലുകളും ഒരുപാട് കേട്ടിട്ടുണ്ടെങ്കിലും അതൊക്കെ ദേവേട്ടനെ ഓര്‍ത്ത് അവള്‍ സഹിച്ചിട്ടേ ഉള്ളൂ.. ഇന്നലെ അതൊക്കെ അതിര് വിട്ടു… അവളുടെ ജാതകദോഷം ദേവേട്ടനെ ജീവന്‍ അപകടത്തിലാക്കും എന്ന് പറഞ്ഞാല്‍ പിന്നെ എത്ര ആഗ്രഹമുണ്ടെങ്കിലും അവളവിടെ നില്‍ക്കുന്നതിനു അര്‍ത്ഥമില്ലല്ലോ…??” എന്റെ ശിരസ്സ് കുനിഞ്ഞു… ശരീരം തളരുന്നതുപോലെ തോന്നി… വീണു പോകും എന്ന് തോന്നിയതുകൊണ്ട് അടുത്ത് കണ്ട സിമന്റ് ബഞ്ചില്‍ ഞാനിരുന്നു… ഉള്ളില്‍ ഒരു വിറയല്‍ ബാധിച്ച് തുടങ്ങിയിരുന്നു… കൈകളില്‍ മുഖമൊളിപ്പിച്ച് താലതാഴ്ത്തി ഇരുന്ന എന്റെ അടുത്ത് ശ്രീനിധിയും ഇരുന്നു..
“…അതേ ദേവേട്ടാ… അവളായിട്ടു പോന്നതാണ് എങ്കിലും.. ഒരുകണക്കിന് പറഞ്ഞാല്‍ ദേവേട്ടന്റെ അമ്മ അവളെ ഇറക്കി വിടുകയായിരുന്നു…” പിന്നീട് അവള്‍ പറഞ്ഞ കാര്യങ്ങള്‍ അസ്തപ്രജ്ഞനായി കേട്ടിരിക്കാനേ എനിക്ക് കഴിഞ്ഞുള്ളു..
“…കുറെയൊക്കെ ദേവേട്ടനറിയാമെന്നു എനിക്കറിയാം… എന്നാല്‍ ദേവേട്ടന്‍ കരുതുന്നപോലെ കാര്യങ്ങള്‍ അത്ര നിസ്സാരമല്ല… കല്യാണം കഴിഞ്ഞ് ദേവേട്ടന്റെ ഭാര്യയാവാന്‍ മനസ്സുകൊണ്ട് തയ്യാറെടുത്ത് ആദ്യരാത്രിക്കായി കാത്തിരുന്ന അനുവിനെ ഞെട്ടിച്ചുകൊണ്ടാണ് ആരതി നിങ്ങള്‍ തമ്മിലുള്ള ബന്ധത്തെക്കുറിച്ച് അവളോട് പറഞ്ഞത്.. അതിനെ ഒന്നുകൂടി ഊട്ടിയുറപ്പിച്ചുകൊണ്ട് പിറ്റേന്ന്‍ രാവിലെ ദേവേട്ടന്റെ അമ്മ ആദിയെ വിവാഹം കഴിക്കാന്‍ ദേവേട്ടന്‍ സമ്മതിക്കുന്നവരെ മറ്റുള്ളവരുടെ മുന്നില്‍ ഭാര്യാപദവി അഭിനയിക്കുന്ന വെറും ഡമ്മിമാത്രമാണ് അനുവെന്നു പറഞ്ഞപ്പോള്‍ അവളാകെ തകര്‍ന്നുപോയി.. ദേവേട്ടനെ സ്നേഹിക്കാതിരിക്കാന്‍ അവള്‍ പിന്നീട് മനപ്പൂര്‍വ്വം ശ്രമിച്ചുകൊണ്ടിരുന്നു… വഴക്കിടാന്‍ കാരണങ്ങള്‍ ഉണ്ടാക്കി… അപ്പോഴൊക്കെ അമ്മ പറഞ്ഞതെല്ലാം ദേവേട്ടനും കൂടി അറിഞ്ഞുകൊണ്ടാണെന്നാ അവള്‍ കരുതിയത്.. എന്നാല്‍ അവളുടെ വീട്ടില്‍ വിരുന്നുപോയ ദിവസങ്ങളില്‍ ദേവേട്ടനുമായി സംസാരിച്ചപ്പോഴാണ് ദേവേട്ടന് ഇതിനെക്കുറിച്ച് ഒന്നും അറിയില്ല എന്നവള്‍ മനസിലാക്കിയത്… അതിനിടയില്‍ മറക്കാന്‍ കഴിയാത്തവിധം അവള്‍ ദേവേട്ടനെ സ്നേഹിച്ചു തുടങ്ങിയിരുന്നു…”
“…ശ്രീമംഗലത്ത് ദേവേട്ടന്റെ അമ്മയ്ക്കല്ലാതെ മറ്റാര്‍ക്കും അവരുടെ ഉദ്ദേശത്തെപ്പറ്റി അറിയില്ലെന്നും അവള്‍ മനസ്സിലാക്കി… അതുകൊണ്ട് അവരുടെ മുന്‍പിലൊക്കെ ഉത്തമഭാര്യയായി അവള്‍ക്ക് അഭിനയിക്കേണ്ടിയും വന്നു… ദേവേട്ടന് മറ്റൊരു കാര്യം അറിയോ..??” തളര്‍ച്ചയോടെ നോക്കിയ എന്റെ മുഖത്തെ ചോദ്യഭാവം കണ്ട് അവള്‍ തുടര്‍ന്നു..
“…നിങ്ങളുടെ കല്യാണത്തിന്റെ എല്ലാ ചടങ്ങുകളും ഇതുവരെ കഴിഞ്ഞിട്ടില്ല…”