“…എന്നാ ഞാനിറങ്ങട്ടെ ദേവേട്ടാ…” ശ്രീനിധി അത് പറയുമ്പോള്‍ മുഖത്ത് ഒരു വിഷാദച്ഛായ പടര്‍ന്നിരുന്നു… ഞാന്‍ ചിരിച്ചുകൊണ്ട് തലയാട്ടി… അവള്‍ കട്ടിലില്‍ ഇരുന്നു കളിക്കുന്ന ശിവാനി മോള്‍ക്ക് ഉമ്മ കൊടുത്ത്, സീതേച്ചിയോട് യാത്രയും പറഞ്ഞ് പോകാനിറങ്ങി.. അപ്പോഴും മനസ്സിലെന്തോ ഭാരമുള്ളതുപോലെയായിരുന്നു അവളുടെ മുഖഭാവം..
“…ശ്രീ… ഒന്ന് നിന്നേ..” അവള്‍ വാതില്‍ വരെയത്തിയതും എന്റെ പിന്‍വിളി കേട്ട് തിരിഞ്ഞു… സീതേച്ചിയോട് ഉടനെ വരാമെന്നും പറഞ്ഞ് ഞാന്‍ ശ്രീനിധിയുടെ അടുത്തേയ്ക്ക് ചെന്നു…
“…വണ്ടിയുടെ അടുത്ത് വരെ ഞാനും വരാം…” അവള്‍ പുഞ്ചിരിച്ചുവെന്നു വരുത്തി.. സീതേച്ചിയെ അഡ്മിറ്റ് ചെയ്തിരിക്കുന്ന മുറിയ്ക്ക് പുറത്തിറങ്ങി വരാന്തയിലൂടെ ഞങ്ങള്‍ നടന്നു… അവളുടെ മുഖത്ത് കണ്ട വിഷമത്തിനു കാരണം അനുവിന്റെ ഇന്നലത്തെ പെരുമാറ്റമാണ് എന്ന്‍ തോന്നിയിരുന്നു… കുറച്ചു മുന്പ് വരെ സന്തോഷത്തോടെ ശിവാനിമോളെ കളിപ്പിച്ചുകൊണ്ടിരുന്ന ശ്രീനിധി അനുവിന്റെ കാര്യം പറഞ്ഞപ്പോള്‍ മുതലാണ് മൌനിയായത്.. മുന്നോട്ട് നടക്കുമ്പോഴും കുറച്ചു നേരത്തേയ്ക്ക് അവളൊന്നും മിണ്ടിയില്ല..
“…ശ്രീ…!! ഇന്നലെ അനു ഓഫീസില്‍ വച്ച് ദേഷ്യപ്പെട്ട് പെരുമാറിയതില്‍ നിനക്ക് വിഷമമുണ്ടെന്നറിയാം… എന്റെ കാര്യത്തില്‍ അവള് കുറച്ച് പോസ്സസീവാ.. അതിന്റെയാ.. താനത് കാര്യാക്കണ്ട…” ഒരു പരിഹാസച്ചിരിയായിരുന്നു മറുപടി.. വീണ്ടും മൌനം..
“…ഈ പുണ്യം ചെയ്ത ജന്മം എന്ന് കേട്ടിട്ടുണ്ടോ..??” അപ്രതീക്ഷിതമായ അവളുടെ ചോദ്യം മനസ്സിലാവാതെ നടക്കുമ്പോള്‍ അവള്‍ ചോദ്യം ആവര്‍ത്തിച്ചു.. ഞാന്‍ കൈമലര്‍ത്തി.. വീണ്ടും അതേ ചിരി.. മൌനം.. എന്തിനാണവള്‍ അങ്ങനെ ചോദിച്ചത് എന്ന്‍ ആലോചിച്ച് മുന്നോട്ട് നടക്കുമ്പോള്‍ ഞാന്‍ ഇടയ്ക്ക് അവളുടെ മുഖത്തേയ്ക്ക് നോക്കി… അവളീ ലോകത്തൊന്നും ആയിരുന്നില്ല… അടുത്ത ഫ്ലോറിലേയ്ക്കുള്ള പടികള്‍ ഇറങ്ങുന്നതിനിടയില്‍ അവള്‍ വീണ്ടും അടുത്ത ചോദ്യം ചോദിച്ചു…
“…രണ്ടു വര്‍ഷങ്ങള്‍ക്ക് മുന്പ് ഈ നഗരത്തിലെ ഒരു കോഫീപബ്ബില്‍ വെയിസ്ട്രസിന്റെ വേഷത്തില്‍ നിങ്ങളുടെ മുന്‍പില്‍ നിന്ന് കരഞ്ഞ ഒരു പെണ്‍കുട്ടിയെ ദേവേട്ടന്‍ ഓര്‍ക്കുന്നുണ്ടോ..??” ഇപ്പോള്‍ എന്തിനാണ് ഇങ്ങനെയൊരു ചോദ്യം എന്ന് മനസ്സിലായില്ലെങ്കിലും അവളെത്തന്നെ ഉദ്ദേശിച്ചാണ് പറഞ്ഞെതെന്ന് അറിയാവുന്നതുകൊണ്ട് ഞാന്‍ തലയാട്ടി… കോളേജില്‍ എന്റെ ജൂനിയറായിരുന്ന ശ്രീനിധിയെ ഞാന്‍ പിന്നീട് കണ്ടത് അങ്ങനെയൊരു സാഹചര്യത്തിലായിരുന്നു..