അവളുടെ ദീര്‍ഘവീക്ഷണത്തോടെയുള്ള സംസാരം കേട്ട് അന്തം വിട്ടിരുന്ന എന്റെ കവിളില്‍ അവള്‍ പതുക്കെ തട്ടി ഉണര്‍ത്തി… എന്നെ സ്നേഹിക്കുന്ന കാര്യത്തില്‍ മാത്രമല്ല… കാര്യപ്രാപ്തിയോടെ വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നതിലും അനുവിന് മുത്തിന്റെ പാടവം ഉണ്ടെന്ന് ഞാന്‍ മനസ്സിലാക്കുകയായിരുന്നു… കാരണം ഞാന്‍ ചിന്തിക്കുകപോലെ ചെയ്യാത്ത ഒരു പോസ്സിബിലിറ്റിയെപ്പറ്റിയാണ് അവള്‍ പറഞ്ഞത്..
“…അന്തം വിട്ടിരിക്കാതെ വണ്ടിയെടുക്ക് വാവാച്ചീ…” അവളെക്കുറിച്ചുള്ള ചിന്തകളില്‍ സ്വയം മറന്നിരുന്ന ഞാന്‍ തലകുടഞ്ഞ് പുഞ്ചിരിയോടെ കാറ് മുന്നോട്ടെടുത്ത് അരക്കിലോമീറ്റര്‍ അപ്പുറത്തുള്ള ഓട്ടോ സ്റ്റാന്റിനടുത്ത് നിര്‍ത്തി… ആദ്യം കിടന്നിരുന്ന ഓട്ടോ തന്നെ അവള്‍ക്ക് പരിചയമുള്ള ഒരു നാട്ടുകാരന്റെയായിരുന്നു..
“…ങ്ങ്ഹാ… ഇത് തോമാചേട്ടനാല്ലോ…” അറുപത് വയസ്സ് പ്രായം തോന്നിക്കുന്ന മെലിഞ്ഞ ഓട്ടോക്കാരന്റെ അടുത്തേയ്ക്ക് നടക്കുന്നതിനിടയില്‍ അനു പറഞ്ഞു… ട്രാവല്‍ബാഗും ഷോപ്പിംഗ് കിറ്റുകളും എടുത്ത് ഞാന്‍ പുറകെ ചെന്നു.. ഞങ്ങളെ കണ്ടതും സീറ്റിലിരുന്നു കൊന്തചൊല്ലുകയായിരുന്ന തോമാച്ചേട്ടന്‍ എഴുന്നേറ്റ് വന്നു… അനു എനിക്ക് അദ്ദേഹത്തെ പരിചയപ്പെടുത്തി..
“…ദേവന്‍ മോനെ എനിക്കറിയത്തില്ലയോ മോളെ… ഇവിടെ വരുമ്പോഴൊക്കെ മാധവന്റെ വീട്ടില്‍ ഇവന്‍ വരാറുള്ളതല്ലിയോ…?? ഞാന്‍ മാധവന്റെ തൊട്ട് അയലോക്കാ മോനേ… ഞാങ്കണ്ടിട്ടുണ്ട്… മോനെന്നെ അറിയത്തില്ലാന്നെ ഒള്ളു…” പറഞ്ഞു വന്നപ്പോള്‍ മീനാക്ഷിയുടെ അയല്‍ക്കാരനാണ് തോമാച്ചേട്ടന്‍… എന്റെ കൈയ്യില്‍ നിന്ന് ബാഗും ഷോപ്പിംഗ് കവറുകളും വാങ്ങി സീറ്റില്‍ എടുത്ത് വച്ച് ഓട്ടോയില്‍ കയറുന്നതിനിടയില്‍ അവളെന്റെ കൈയ്യില്‍ പിടിച്ചു.
“…പിന്നേ…!! തിരക്കുണ്ടെന്നും പറഞ്ഞു ഒരുപാട് സ്പീഡ് വേണ്ടാട്ടോ…??” ഞാന്‍ ചിരിച്ചു കൊണ്ട് തലയാട്ടി.
“…അവിടെയെത്തീട്ടു വിളിക്കണേ…??” തല വെളിയിലേയ്ക്കിട്ടു തിരിഞ്ഞു നോക്കി വിളിച്ചു പറയുന്ന എന്റെ സുന്ദരിക്കുട്ടിയ്ക്ക് നേരെ ഞാന്‍ പുഞ്ചിരിയോടെ കൈവീശി… അവളെയും കൊണ്ട് ഓട്ടോ പോകുന്നത് നോക്കി നില്‍ക്കുമ്പോള്‍ ഞാനൊരു ശിലയായി മാറുന്നപോലെ തോന്നി… പ്രാണന്‍ വിട്ടകന്ന നിര്‍ജ്ജീവമായ ശില… ഓട്ടോ എന്റെ കണ്‍ മുന്നില്‍നിന്നും മറയുന്നവരെ പരിസരം മറന്ന് ഞാന്‍ നിന്നു… കാറില്‍ കയറി ഇരുന്നപ്പോഴും അനുവിന്റെ കളിചിരികളും കള്ളപ്പരിഭവവും അവള്‍ മുടിയില്‍ ചൂടാറുള്ള ചെമ്പകത്തിന്റെയോ തുളസിക്കതിരിന്റെയോ സുഗന്ധവും കാറിനുള്ളില്‍ നിറഞ്ഞു നില്‍ക്കുന്നതായി എനിക്ക് തോന്നി..