ദേവരാഗം 16 [ദേവന്‍]

Posted by

“…പക്ഷേ അവള്‍ക്ക് അര്‍ഹതപ്പെട്ട ജീവിതം തട്ടിയെടുത്തവള്‍ എന്ന ചിന്തയില്‍ നീയിങ്ങനെ നീറുന്നത് മാത്രം എനിക്ക് കണ്ട് നില്‍ക്കാന്‍ കഴിയില്ല… എന്നോട് ക്ഷമിച്ചു എന്നും, എന്നെ വിശ്വാസമാണ് എന്നും പറയുമ്പോഴും.. എന്റെ ഇന്നലെകളില്‍ ഉണ്ടായിരുന്ന പ്രണയം ആദിയാണ് എന്ന തിരിച്ചറിവ് നിന്നെ വേദനിപ്പിക്കുന്നുണ്ട്.. അതാണ്‌ എന്റെ പ്രശ്നം…” എന്റെ വാക്കുകള്‍ക്ക് കാതോര്‍ത്ത് നിര്‍ന്നിമേഷയായി നോക്കിയിരുന്ന അനുവിന്റെ കണ്ണുകള്‍ നിറഞ്ഞൊഴുകി… കവിളില്‍ കണ്ണുനീരിന്റെ ചൂടുള്ള നനവറിഞ്ഞപ്പോഴാണ് താന്‍ കരയുകയാണ് എന്ന്‍ അവള്‍ അറിഞ്ഞത്… പെട്ടന്ന് മിഴികള്‍ തുടക്കാനെന്ന വ്യാജേന അവള്‍ ടവലെടുത്ത് മുഖംമറച്ചു..

“…ഏയ്‌… ഞാനങ്ങനെയൊന്നും ചിന്തിച്ചിട്ടില്ല… ദേവേട്ടന് വെറുതെ തോന്നുന്നതാ…??” എനിക്ക് മുഖംതരാതെ പറഞ്ഞ അവളുടെ കവിളില്‍ കൈത്തലം ചേര്‍ത്ത് ഞാനെന്റെ നേരെ തിരിച്ചു..

“…ഒളിക്കാന്‍ ശ്രമിക്കണ്ട നീയ്… മറ്റേതെങ്കിലും പെണ്ണായിരുന്നു എന്റെ മുന്‍കാമുകി എങ്കില്‍ നിനക്കിത്ര നോവില്ലായിരുന്നു… പക്ഷേ ഇവിടെ ആദി നിന്റെ ആത്മാര്‍ത്ഥ കൂട്ടുകാരിയാണ്…?? പോരാത്തതിന് എന്നെ തിരികെക്കിട്ടാന്‍ അവള്‍ നിന്നെ ഓരോന്ന് പറഞ്ഞ് വിശ്വസിപ്പിക്കാന്‍ ശ്രമിക്കുന്നുമുണ്ടല്ലോ…??  അതുകൊണ്ടാണ് പഞ്ചമി ഉള്‍പ്പടെ മറ്റ് പല പേരുകളും ഞാന്‍ പറഞ്ഞിട്ടും ആദിയുമായി എനിക്കുണ്ടായിരുന്ന ബന്ധത്തെക്കുറിച്ച് അറിയാന്‍ മാത്രം നീയിത്ര താല്‍പ്പര്യം കാണിച്ചത്… ശരിയല്ലേ..??” അവള്‍ വീണ്ടും എന്റെ കൈകള്‍ പിടിച്ചുമാറ്റി എനിക്കെതിരെ മുഖം തിരിച്ചു..

“…എന്റെ മുഖത്ത് നോക്കനൂ… അതല്ലേ ഇത്രയും ദിവസം എനിക്കൊപ്പം ഉറങ്ങുമ്പോഴും നിന്റെ നെഞ്ചിലെ താളപ്പിഴകളില്‍ ഞാനറിഞ്ഞ കുറ്റബോധത്തിന് കാരണം..?? അതിന്റെ കൂടെ നിന്നെ ഒഴിവാക്കി ആദിയെ ആ സ്ഥാനത്ത് അവരോധിക്കാന്‍ ആഗ്രഹിക്കുന്ന അമ്മയുടെ പ്രവര്‍ത്തികളും നിന്നെ വേദനിപ്പിക്കുന്നുണ്ട്… ശരിയല്ലേ…??” അവളുടെ ആമ്പല്‍പ്പൂമുഖം കൈക്കുമ്പിളില്‍ താങ്ങുന്ന എന്റെ കൈപ്പത്തിയില്‍ കൈത്തലം ചേര്‍ത്ത് അവള്‍ പതുക്കെ തലയാട്ടി…

“…നിന്നെ ഞാനെത്രത്തോളം സ്നേഹിക്കുന്നുണ്ട് എന്നും, നിന്റെ കൂടെ ഒരു ജീവിതം എത്രത്തോളം സ്വപ്നം കാണുന്നുണ്ട് എന്നും നിനക്ക് പറഞ്ഞാല്‍ മനസ്സിലാവില്ലനൂ… അത് നീ മനസ്സിലാക്കിയിരുന്നെങ്കില്‍ ഇങ്ങനെ നീയെന്നോട്‌ പെരുമാറില്ലായിരുന്നു…” അരുതാത്തതെന്തോ ഞാന്‍ പറഞ്ഞതുപോലെ അവള്‍ ദയനീയമായി എന്നെ നോക്കി…

“…ഒരുമിച്ചൊരു ജീവിതം തുടങ്ങിയ ശേഷം പ്രണയിച്ചു തുടങ്ങിയവരാ നമ്മള്‍… നിന്നോട് എനിക്ക് തോന്നിയ ഇഷ്ടം തന്നെ നിനക്ക് എന്നോടും ഉണ്ടായിരുന്നു എന്നറിഞ്ഞ നിമിഷം ഞാന്‍ മനസ്സിലാക്കുകയായിരുന്നു ചുരുങ്ങിയ ദിവസങ്ങള്‍കൊണ്ട് നമ്മള്‍ എത്രത്തോളം അടുത്തു കഴിഞ്ഞിരുന്നു എന്ന്..

Leave a Reply

Your email address will not be published. Required fields are marked *