ദേവരാഗം 16 [ദേവന്‍]

Posted by

“…പറയാന്‍ ഉദ്ദേശമില്ലല്ലേ..?? വേണ്ട…!! നമ്മള് രണ്ടും ഒന്നാണെന്നാ ഇതുവരെ ഞാന്‍ കരുതിയിരുന്നത്.. എന്നിട്ടിപ്പോ എന്നോട് മറയ്ക്കാനും നിനക്ക് കാര്യങ്ങളുണ്ടെങ്കില്‍ അത് പറഞ്ഞിട്ട് മതി ഇനി മുന്നോട്ട്.. അല്ലാതെ എങ്ങോട്ടും പോവണ്ട.. ഇവിടെ ഇരിക്കാം..” ഞാന്‍ എഞ്ചിന്‍ ഓഫ് ചെയ്ത് കൈകെട്ടി ഇരുന്നു… ഞങ്ങള്‍ക്കിടയില്‍ മൌനം വന്നു നിറഞ്ഞു… അവളുടെ മുഖത്ത് നോക്കാതെ റോഡിലെ കാഴ്ച്ചകളിലേയ്ക്ക് ഞാന്‍ കണ്ണെറിഞ്ഞു… പക്ഷേ ദേഷ്യത്തോടെയുള്ള എന്റെ സംസാരം കേട്ട് അവള്‍ എന്റെ മുഖത്തേയ്ക്ക് തന്നെ തുറിച്ചു നോക്കി… കുറച്ചു കഴിഞ്ഞിട്ടും ഞാനവളെ ശ്രദ്ധിക്കുന്നില്ല എന്ന് കണ്ട് അവള്‍ എന്റെ മുഖം പിടിച്ച് അവളുടെ നേരെ തിരിച്ചു..

“…ഞാനാല്ലേ എല്ലാം മറച്ചു വച്ച് അഭിനയിക്കുന്നേ…?? അപ്പോ ദേവേട്ടനോ…?? ഉള്ളിലുള്ള വിഷമം മറച്ചുവച്ച് എന്റെ മുന്‍പില്‍ അഭിനയിച്ചാ നിക്ക് മനസ്സിലാവില്ലാന്നു കരുതിയോ..??”

“…ഞാനെന്തു മറച്ചു വച്ചൂന്നാ അനൂ..?? എന്റെ ശബ്ദമുയര്‍ന്നു..

“…അന്ന് ഫാമൌസീന്നു വന്നപ്പോ മുതല്‍ ഞാനും ശ്രദ്ധിക്കണുണ്ട് ദേവേട്ടനെ… ആദിയെക്കുറിച്ച് ഞാമ്പറഞ്ഞ കാര്യങ്ങള്‍ കേട്ടപ്പോ അവളെ വേണ്ടായെന്നു വെച്ചതോര്‍ത്ത് ദേവേട്ടന് കുറ്റബോധണ്ട്.. നിക്കറിയാം… ന്നാ.. ന്നെ വേദനിപ്പിക്കാതിരിക്കാന്‍ സന്തോഷിക്കുന്നതായിട്ടു അഭിനയിക്കുവാ.. അല്ലേ…?? പറ… ഞാമ്പറഞ്ഞത് ശരിയല്ലേ..??” അവളുടെ വാക്കുകള്‍ എന്റെ മനസ്സില്‍ ആഴത്തിലിറങ്ങി… നെഞ്ചുപിടച്ചു.. ശരിയാണ്..  ഫാംഹൌസില്‍ വച്ച് അവള്‍ പറഞ്ഞ കാര്യങ്ങള്‍ രണ്ടു ദിവസത്തോളം എന്റെ മനസ്സിനെ കലുഷിതമാക്കിയിരുന്നു… പക്ഷേ അപ്പോഴും ആദിയെക്കുറിച്ചറിഞ്ഞ കാര്യങ്ങള്‍ അനുവിനെ വേദനിപ്പിക്കുമോ എന്നായിരുന്നു എന്റെ വിഷമം… കുറച്ചു നേരം ഞാന്‍ അവളുടെ മുഖത്തേയ്ക്ക് നോക്കിയിരുന്നു..

എന്റെ മറുപടിയ്ക്കായി കാത്തിരിക്കുന്ന അനുവിന്റെ സുന്ദരവദനത്തില്‍ ഓളങ്ങള്‍ നിലച്ച പുഴയുടെ ശാന്തത ഞാന്‍ കണ്ടു… അപ്പോഴും ആദിയെ ഞാനിന്നും സ്നേഹിക്കുന്നുവെന്നും, അവളെ നഷ്ടപ്പെടുത്തിയതോര്‍ത്ത് ഞാന്‍ വേദനിക്കുന്നുവെന്നും, ഞാന്‍ കുറ്റസമ്മതം നടത്താന്‍ പോകുന്നു എന്നോര്‍ത്ത് വേദനയുടെ അടിയൊഴുക്കില്‍ നിലതെറ്റുന്ന ഹൃദയം കണ്ണുകളില്‍ വായിക്കാമായിരുന്നു… എന്റെ മൌനം നീളുന്ന ഓരോ നിമിഷവും താളം തെറ്റുന്ന അവളുടെ നെഞ്ചിലെ പിടപ്പ് ഞാനറിഞ്ഞു… ഞാനവളുടെ കൈയെടുത്ത് എന്റെ നെഞ്ചില്‍ ചേര്‍ത്തു വച്ചു..

“…അനുക്കുട്ടീ… നീ ആദിയെക്കുറിച്ച് പറഞ്ഞ കാര്യങ്ങള്‍ പലതും എനിക്ക് പുതിയ അറിവുകളായിരുന്നു.. ശരിയാണ്.. പക്ഷേ അവളെക്കുറിച്ചോര്‍ത്തല്ല ഞാന്‍ വിഷമിച്ചിരുന്നത്… നമ്മളെക്കുറിച്ചോര്‍ത്താ…??” ചോദ്യരൂപത്തില്‍ അവളുടെ നെറ്റി ചുളിഞ്ഞു..

“…ആദിയെ ഞാന്‍ സ്നേഹിച്ചിരുന്നു.. അതുകൊണ്ട് നഷ്ടപ്പെട്ടപ്പോള്‍ വേദനയും ഉണ്ടായിരുന്നു… നീ പറഞ്ഞതുപോലെ അവളെപ്പറ്റി ഞാനറിയാത്ത പലതും ഇനിയും ഉണ്ടാവാം.. അതൊക്കെ അറിയുമ്പോള്‍ തെറ്റുകാരന്‍ ഒരുപക്ഷേ ഞാനായിരിക്കാം… എന്നാലും എന്റെ കണ്‍മുന്‍പില്‍ ഞാന്‍ കണ്ട കാഴ്ച്ച… അതെന്റെ മനസ്സില്‍ ഉണ്ടാക്കിയ ഉണങ്ങാത്ത മുറിവ്… എന്നോട് ചെയ്തതിനൊക്കെ അവള്‍ക്ക് പറയാനുള്ള കാരണം എന്തായാലും അതൊന്നും ആ മുറിവുണക്കാന്‍ പര്യാപ്തമല്ല..” ഞാന്‍ തുടരുമ്പോഴും നിറകണ്ണുകളോടെ അനു എന്‍റെ മുഖത്ത് തന്നെ നോക്കിയിരുന്നു..

Leave a Reply

Your email address will not be published. Required fields are marked *