ദേവരാഗം 16 [ദേവന്‍]

Posted by

ഇപ്പോഴും കഴിഞ്ഞ ദിവസങ്ങളുടെ ബാക്കിയെന്നോണം അവള്‍ വീണ്ടും ചിന്തകളില്‍ മുഴുകിയിരിക്കുന്നു… ഡ്രൈവിങ്ങിനിടയില്‍ അവളുടെ തുടയിലും ഇടുപ്പിന്റെ വശത്തും നുള്ളിയും ഇക്കിളിയിട്ടും ഞാന്‍ മൂഡ്‌ മാറ്റാന്‍ നോക്കി.. അവളെന്റെ കൈ പിടിച്ചുമാറ്റി ശാസിക്കുന്നപോലെ നോക്കിയതല്ലാതെ മൂഡില്‍ മാറ്റമൊന്നും ഉണ്ടായില്ല..

“.എന്താഡോ..!! എന്താ നിനക്ക് പറ്റിയേ..?? കുറച്ചു ദിവസമായി ഞാനിത് ശ്രദ്ധിക്കുന്നു.. ഒരു മ്ലാനത..??

“…ഒന്നൂല്ല…??” എന്റെ കളിയാക്കല്‍ കേട്ടിട്ടും ഒരു മാറ്റവുമില്ലാതെ അവളിരുന്നു..

“…അത് നുണ… എന്തോ കാര്യമുണ്ട്.. പറയടി അമ്മിണീ..??” മടിയിലിരുന്ന ഇടത്തെ കൈകൊണ്ട് ഞാന്‍ വീണ്ടും തുടയില്‍ നുള്ളി…  അവള്‍ കൈതട്ടി മാറ്റി.

“..ഒന്നൂല്ലാന്നു ഞാമ്പറഞ്ഞൂല്ലോ… ദേവേട്ടന് ചുമ്മാ തോന്നണതാ…” അങ്ങനെ പറഞ്ഞെങ്കിലും വീണ്ടും തട്ടിമാറ്റിയ കൈയെടുത്ത് മടിയില്‍ വച്ച് വിരലുകള്‍ കോര്‍ത്ത് പിടിച്ചു..

“…ഒന്നുമില്ലാഞ്ഞിട്ടാണോ ഇങ്ങനെ മൂഡിയായിരിക്കുന്നത്..? ങ്ങ്ഹേ..??” ഞാനല്‍പ്പം ദേഷ്യത്തോടെ ചോദിച്ചു..

“…ഞാ എന്തിനാ മൂഡിയാവണേ..?? നിക്കെന്താ കുറവ്.. ശ്രീമംഗലത്തെ ദേവന്റെ ഭാര്യ.., എല്ലാ സൗഭാഗ്യങ്ങളും അനുഭവിച്ചുള്ള ജീവിതം.., എ.സി റൂമീന്നു പുറത്തിറങ്ങിയാ എ.സി. കാറിലേയ്ക്ക്.., ജോലിയൊക്കെ ചെയ്യാന്‍ വേലക്കാര്.., ചുമ്മാ തിന്നും കുടിച്ചും രസിച്ചിരുന്നാ മതീല്ലോ.., നിക്കൊരു കുറവൂല്ലാ.. എല്ലാം ഇച്ചിരെ കൂടിപ്പോയോന്നെ ഇപ്പോ തോന്നണുള്ളൂ..” അനു ആരോടെന്നില്ലാതെ മുഖത്ത് നോക്കാതെ പറഞ്ഞു… വാക്കുകളില്‍ പതിവില്ലാത്ത ദേഷ്യം.. ഞാന്‍ കാറ് സൈഡൊതുക്കി നിര്‍ത്തി..

“..നീയെന്തൊക്കെയാ അനൂ ഈ പറയണേ..?? മനസ്സിലെന്തെങ്കിലും ഉണ്ടെങ്കില്‍ അത് പറ.. അല്ലാതെ ഇങ്ങനെ പടര്‍പ്പില്‍ തല്ലണ്ട..” ഞാനവളുടെ താടിയില്‍ പിടിച്ച് മുഖം എന്റെ നേരെ തിരിച്ചുകൊണ്ട് ചോദിച്ചു… അവളുടെ കണ്ണുകള്‍ നിറഞ്ഞിരുന്നു..

“…നിക്കൊന്നൂല്ലാന്ന് പറഞ്ഞില്ലേ..?? ദേവേട്ടനെന്തിനാ കാറ് നിര്‍ത്തിയേ.. വണ്ടിയെടുക്ക് പോവാം..” നിറഞ്ഞ കണ്ണുകള്‍ തുടച്ച് അവള്‍ എന്റെ മുഖത്ത് നോക്കിപ്പറഞ്ഞു.. സ്വതവേ റോസാപ്പൂനിറമുള്ള അവളുടെ മുഖം കൂടുതല്‍ ചുവന്നു.. മൂക്കിന്റെ അറ്റത്ത് നിന്നും ചോരപോടിയും എന്ന് തോന്നി… അവള്‍ പറഞ്ഞ ഓരോ വാക്കും ആരോടോ ഉള്ള ദേഷ്യം തീര്‍ക്കുന്നപോലെയായിരുന്നു… അവളുടെ ഈ ഭാവം എന്റെയും സമനില തെറ്റിച്ചു തുടങ്ങിയിരുന്നു..

Leave a Reply

Your email address will not be published. Required fields are marked *