“ഇല്ലമ്മേ.” ഒരു കൈകൊണ്ട് തല തിരുമ്മി മറുകൈകൊണ്ട് ടാങ്കിന്റെ മൂടി മാറ്റി ഞാൻ നിവർന്നു. പുറത്ത് നാട്ടുവെളിച്ചമുണ്ട്. ചുറ്റോടുചുറ്റും കണ്ണെത്താദൂരത്തോളം ഇരുണ്ട പ്രളയജലം.
“ഒന്ന് പിടിക്കെടാ..”
ഞാൻ അമ്മയെ പിടിച്ചെഴുന്നേൽപ്പിച്ചു. ഒരുപാട് നേരം ഇരുന്നിട്ട് അമ്മയ്ക്ക് ശരീരം അനക്കാൻ മേലാത്ത അവസ്ഥയിൽ ആയിരുന്നുവെന്ന് തോന്നുന്നു. പാവം,സാവധാനം പിടിച്ചുപിടിച്ചാണ് എഴുന്നേറ്റത്. ടാങ്കിന്റെ വായ്ക്കുള്ളിലെ ഇത്തിരിയിടത്ത്, എന്റെ ഉടലിനോട് ഞെങ്ങി ഞെരുങ്ങി അമ്മ നിവർന്നുനിന്നു. എന്നിട്ട് എന്റെ ദേഹത്ത് കൊള്ളാതെ കൈകൾ രണ്ടും നിവർത്തി മൂരി നിവർന്നു. കാലുകൾ ടാങ്കിനുള്ളിൽ കുടഞ്ഞു.
“മഴ മാറിയോ?” എന്നോടെന്നതിലുപരി തന്നോട് തന്നെയായിരുന്നു അമ്മയുടെ ചോദ്യം. വിളറിയ, ഒരു പകുതി ചന്ദ്രന്റെ ചുറ്റും ഇരുണ്ട പഞ്ഞിക്കെട്ട് മേഘങ്ങൾ വേഗത്തിൽ ഓടിമറഞ്ഞു. തെക്കുനിന്നും അത്തരമൊരു ഇരുണ്ട മേഘത്തിന്റെ കരിമ്പടം ചന്ദ്രനെ ലക്ഷ്യമാക്കി നീങ്ങുന്നത് ഞങ്ങൾ കണ്ടു. അത് ഞങ്ങളുടെ മനസ്സിനെയും മൂടി. പിന്നെ കുറേ നേരം ഞങ്ങൾ പരസ്പരമൊന്നും മിണ്ടിയില്ല.
തണുത്ത കാറ്റ് വീശുന്നുണ്ട്. അരണ്ട ഇരുട്ടിൽനിന്നും കുഞ്ഞോളങ്ങളുടെ ശബ്ദം. അവരിരുവരും ആ മങ്ങിയ നിലാവെളിച്ചത്തിൽ ചുറ്റും പെരുകിനിറയുന്ന പ്രളയജലത്തിലേയ്ക്കും പ്രളയാകാശത്തേയ്ക്കും നോക്കി കാറ്റേറ്റ് നിന്നു. ഓളങ്ങളുടെ ശബ്ദമൊഴിച്ചാൽ നിശബ്ദതയാണ്. ഞാൻ കാതോർത്തു. ഓളങ്ങൾക്കും മുകളിൽ ടാങ്കിനടിയിൽ നിന്നും ഒരു കൂർക്കം വലിയുടെ നേർത്ത ശബ്ദം.
“പപ്പ നല്ല ഉറക്കമാണ്.” അമ്മ പറഞ്ഞു. “പാവം.” അമ്മയുടെ ശബ്ദത്തിൽ വിഷാദമുണ്ടായിരുന്നു. പപ്പ താഴെ ഇഷ്ടികക്കെട്ടിനുമുകളിൽ ചുറ്റും അലതല്ലുന്ന ഓളങ്ങൾക്ക് നടുവിൽ ബാഗും തലയ്ക്കൽ വച്ച് ചുരുണ്ടുകിടക്കുന്നത് ഞാൻ സങ്കൽപ്പിച്ചു. എന്തെന്നില്ലാതെ സങ്കടം തോന്നി. കണ്ണുകൾ പതിയെ നിറഞ്ഞുവന്നു.
“എത്ര മണിയായിക്കാണും അമ്മേ?” ഞാൻ ചോദിച്ചു. അടുത്തു നിൽക്കുന്ന അമ്മയുടെ ഉടലിന്റെ ചൂട് ആറുന്നത് ഞാനറിയുന്നുണ്ടായിരുന്നു. അടുത്ത മഴയ്ക്ക് മുൻപുള്ള കാറ്റ് ഞങ്ങളെ തണുപ്പിക്കുകയായിരുന്നു.
“ആവോ. ഒരു രണ്ടുമണിയെങ്കിലും ആയിട്ടുണ്ടാവും.” മറ്റൊന്നും ചെയ്യാനില്ലാത്തപ്പോൾ സമയത്തിനു ദൈർഘ്യം കൂടുതൽ തോന്നും എന്നതോർക്കാതെ, കണ്ണുതുടച്ച് അമ്മ പറഞ്ഞു. ടാങ്കിന്റെ വാവക്കിൽ കൈകുത്തി ഞങ്ങളിരുവരും അങ്ങനെ രാത്രിയിലെ പ്രളയം കണ്ടും നിലാവ് കണ്ടും കാറ്റുകൊണ്ടും നിന്നു.