“ഇതേതാ ഈ സാധനം?” ആദിത് സതിയോട് ചോദിച്ചു.
“പാവമാ മോനെ.ഓരോ സാധനങ്ങൾ വിൽക്കാൻ ഇടയ്ക്കിടെ വരും.വേണ്ട എന്നുണ്ടെങ്കിലും ഞാൻ ഓരോന്ന് മേടിക്കും.ഇതുപോലെ കഴിക്കാൻ എന്തെങ്കിലും കൊടുക്കും.അനാഥകുട്ടിയാ.വലിയ കഷ്ടപ്പാടാ.ഇവിടെ എന്തെങ്കിലും ജോലി തരുവോ എന്ന് ചോദിച്ചു.മോനോട് ചോദിക്കട്ടെ എന്ന് ഞാൻ പറഞ്ഞു.” സതി പ്രതീക്ഷയോടെ അവനെ നോക്കി.
“മറ്റൊരു സാഹചര്യത്തിലായിരുന്നെങ്കിൽ ഞാൻ ചിലപ്പൊ സമ്മതം മൂളിയേനേം .പക്ഷെ ഇപ്പൊ..അമേരിക്കയിലെ കമ്പനിയും അവിടുത്തെ ജോലിയും തിരക്കുകളും മാറ്റി വെച്ച് ഞാൻ എന്തിനാ ഇവിടെ വന്ന് നിൽക്കുന്നതെന്ന് സതിയാന്റിക്ക് അറിയാമല്ലോ.”ആദിത് സതിയോട് പറഞ്ഞു.
“എനിക്കറിയാം മോനെ.അതുകൊണ്ടാ മോനോട് ചോദിച്ചിട്ട് പറയാമെന്ന് പറഞ്ഞത്.മോനിഷ്ടമല്ലെങ്കിൽ പറഞ്ഞ് വിട്ടേക്കാം..”സതി വിഷമത്തോടെ പറഞ്ഞു.
ആദിത് കുറച്ചുനേരം എന്തോ ആലോചിച്ചു.
“ഞാൻ വേണ്ട എന്ന് പറഞ്ഞാൽ സതിയാന്റിയുടെ മനസ്സിൽ അവളുടെ മുഖം എന്നുമൊരു വിങ്ങലായി കിടക്കും എന്നെനിക്ക് അറിയാം..” ആദിത് സതിയെ സൂക്ഷിച്ച് നോക്കി.അവർ ഒന്നും മിണ്ടാതെ തല താഴ്ത്തി.
“അതുകൊണ്ട് തൽക്കാലം അവൾ ഇവിടെ നിൽക്കട്ടെ.പക്ഷെ ആവശ്യമില്ലാത്ത കാര്യങ്ങളിൽ ഇടപെടരുത് എന്നവളോട് പ്രത്യേകം പറഞ്ഞേക്കണം.”ആദിത് പറഞ്ഞു.
“പുണ്യം കിട്ടും മോനെ.ഞാൻ ആ കുട്ടിയോട് പറഞ്ഞിട്ട് വരം.” സതി സന്തോഷത്തോടെ പറഞ്ഞു.
അവർ അടുക്കളയിൽ ചെന്നപ്പോൾ വർഷ പാത്രം കഴുകുകയായിരുന്നു.
“ഞാൻ ഇറങ്ങുവാ അമ്മെ”
പാത്രം തിരിച്ച് പാതകത്തിൽ വെച്ചിട്ട് വർഷ തന്റെ ബാഗ് എടുത്ത് പോവാൻ ഒരുങ്ങി .
“മോള് ഇവിടെ എന്റെ കൂടെ കൂടുന്നോ ?” സതി വർഷയോട് ചോദിച്ചു.
“സാർ സമ്മതിച്ചോ?” വിശ്വാസം വരാത്തപോലെ അവൾ സതിയെ നോക്കി.
“സമ്മതിച്ചു.പക്ഷെ കുറച്ച് കാര്യങ്ങൾ പറയാനുണ്ട്. അടുക്കളക്കാര്യത്തിനപ്പുറം വീട്ടുകാര്യങ്ങളിൽ ഇടപെടാൻ വരരുത്.ഇവിടെ നടക്കുന്ന പലതും കണ്ടില്ല കേട്ടില്ല എന്ന് നടിക്കണം.വീട്ടിനകത്തെ കാര്യങ്ങൾ പുറത്താരോടും ചെന്ന് പറയരുത്. മനസ്സിലായോ?” സതി വർഷയോട് ചോദിച്ചു..