അമ്മേ,വീണയാ അമ്മേ.അവൾ തട്ടി വിളിച്ചു. ഒന്ന് നോക്കമ്മേ,കണ്ണുകൾ ഈറനായി.
ആ നിമിഷം തന്റെ മുന്നിൽ നിറഞ്ഞൊഴുകുന്ന കണ്ണുകൾ കണ്ടു വീണയുടെ കരച്ചിൽ എങ്ങലായി.അപ്പോഴേക്കും ദിവ്യ ചായയും ആയി വന്നു.
എന്താ,അമ്മയും മോളും ഒന്നിച്ചിരുന്നു കരയുവാ.ഇതിനാണോ നീ വന്നേ.ജീവിതം ജീവിച്ചുകാണിക്കണം.അല്ലാതെ കണ്ണീരിൽ ഒരു കാര്യവുമില്ല.
അതല്ല ഏടത്തീ ഞാൻ……
മനസിലാവും മോളെ.പറയാനുള്ളതൊക്കെ പറഞ്ഞിട്ട് വാ.ഈ മുറിവിട്ടു വരുമ്പോൾ നീ തീരുമാനിച്ചിരിക്കണം ഇനി അങ്ങോട്ടുള്ള ജീവിതം.ഞാനെന്നാ ചെല്ലട്ടെ.
അമ്മയും മകളും,വികാരനിർഭരമായ നിമിഷങ്ങൾ.വീണയുടെ കണ്ണീരിൽ കുതിർന്ന വാക്കുകൾ അമ്മയുടെ ഹൃദയം നുറുക്കി.എല്ലാം തുറന്നുപറഞ്ഞിറങ്ങുമ്പോൾ മുന്നോട്ടുള്ള കാര്യങ്ങൾ അവൾ മനസ്സിൽ ഊട്ടിയുറപ്പിച്ചു.
ഏടത്തീ,അവരൊക്കെ എവിടെ.എന്റെ കൂടെ ശംഭു ഉണ്ട്. അവൻ എവിടെ.അമ്മയെ കാണാനുള്ള തിരക്കിൽ ഞാനത് വിട്ടു.
ഓഹ് മനസിലായി.ഇപ്പോഴേലും ഓർത്തല്ലോ.നിനക്ക് ചുറ്റുമുള്ളവരെക്കുറിച്ച് നീ ചിന്തിക്കുന്നത് അല്പം വൈകിയാ.എന്നാലും സാരമില്ല. പിന്നെ അവൻ ഏട്ടനുമായി മിനുങ്ങുന്നുണ്ട്. തിരിച്ചു നീ ഡ്രൈവ് ചെയ്യേണ്ടിവരും.
തുടങ്ങിയോ അവർ.ഇപ്പൊ നിർത്തിക്കാം.ഇത്തിരിയില്ലാത്ത ചെക്കനെ കുടിപ്പിക്കുവാ.
ആഹാ എല്ലാരും കൂടി ഇതെന്തു ഭാവിച്ചാ.എനിക്ക് കൂട്ടുവന്ന ആളും കൊള്ളാം.ശബ്ദം കേട്ടു നോക്കിയ ശംഭു ഞെട്ടി “വീണ”
ഗ്ലാസ് ബുദ്ധിമുട്ടി ഒളിപ്പിക്കണ്ട മോനെ.ഇങ്ങ് തന്നേക്ക്.നിനക്കീ വേണ്ടാത്ത ശീലം എന്നുതുടങ്ങി.
അത് ചേച്ചീ, അവനൊന്നു തലചൊറിഞ്ഞു.
പരുങ്ങണ്ട.അല്ലേലും നിന്നെ പറഞ്ഞിട്ടെന്തിനാ.കൂടെ നിക്കുവല്ലേ ആസ്ഥാനകുടിയൻ.അവൾ ചേട്ടൻ വിവേകിനെ ഒന്ന് കൊട്ടി.
എടീ എടീ നിന്നെ ഞാനിന്ന്……