പുന്നൂസ് അവന്റെ കൂസലില്ലായ്മയില്‍ തനിക്കുള്ള ശങ്ക മറച്ചു വയ്ക്കാതെ പറഞ്ഞു. വാസു എന്തോ തമാശ കേട്ടതുപോലെ ചിരിച്ചു. പിന്നെ അയാളെയും പിന്നെ മുകളിലേക്കും നോക്കി ഇങ്ങനെ പറഞ്ഞു:
“അഭ്യാസം.. രണ്ടു കൈകള്‍ കൊണ്ടും കാലുകള്‍ കൊണ്ടും കാണിക്കുന്ന അഭ്യാസമല്ലേ..അത് സാരമില്ല..പിന്നെ ഉന്നത ബന്ധം..എനിക്കും ഉണ്ട് സാറേ അതിനെക്കാള്‍ വലിയ ഉന്നത ബന്ധം..അതിനു മേല്‍ വേറെ ഒരുത്തനും ഒരു ബന്ധവും ഉണ്ടാക്കാന്‍ പറ്റത്തില്ല..അങ്ങ് മോളില്‍..അങ്ങേരുമായിട്ടാണ് എന്റെ ബന്ധം…”
അച്ചന്‍ പുന്നൂസിനെ നോക്കി എങ്ങനെയുണ്ട് എന്ന അര്‍ത്ഥത്തില്‍ തലയാട്ടിക്കൊണ്ട് ചിരിച്ചു. പിന്നെ അവന്റെ ശിരസില്‍ തലോടിക്കൊണ്ട് പറഞ്ഞു:
“കണ്ടോടോ പുന്നൂസേ..ഇവനാണ് വാസു..ഇവനാണ് എന്റെ മോന്‍….അവന്റെ ഈ ദൈവാശ്രയം ആണ് അവന്റെ വിജയം..പുന്നൂസിനി അടുത്ത കാര്യത്തിലേക്ക് കടക്ക്”.
“ശരി വാസു..എന്റെ മനസിന് ഇപ്പോഴാണ് ഒരു സമാധാനം കിട്ടിയത്..നീ ഇന്നുതന്നെ വരാന്‍ തയാറാണോ?”
“ആണ്..”
“ശരി..പക്ഷെ ഇന്ന് നീ വരണ്ട.ഞാന്‍ ആദ്യം നിനക്ക് വേണ്ട കാര്യങ്ങള്‍ ഒരുക്കിയ ശേഷം വന്നു നിന്നെ കൂട്ടിക്കൊണ്ടു പൊയ്ക്കോളാം..നാളെത്തന്നെ..അത് പോട്ടെ എനിക്ക് വേണ്ടി ജോലി ചെയ്യുന്നതിന് നിനക്ക് ശമ്പളം വേണ്ടേ?”
“അതൊക്കെ സാറ് തീരുമാനിച്ചാല്‍ മതി..”
“വളരെ അപകടം പിടിച്ച പണിയാണ്..നിനക്ക് എത്ര വേണം? നീ പറയുന്നതാണ് നിന്റെ കൂലി..” പുന്നൂസ് അവന്റെ മനസ് അറിയാനായി ചോദിച്ചു.
“ഒരു ദിവസം ഞാന്‍ ജോലിക്ക് പോയാല്‍ എഴുന്നൂറ് മുതല്‍ ആയിരം വരെ കിട്ടും. ഇതിന് അത്ര മേലനങ്ങി പണി ചെയ്യേണ്ട കാര്യമില്ലല്ലോ..സാറ് ദിവസം അഞ്ഞൂറ് വച്ചു തന്നാല്‍ മതി…”
പുന്നൂസിന്റെ കണ്ണുകള്‍ വീണ്ടും സജലങ്ങളായി. അല്‍പനേരം അയാള്‍ ഒന്നും മിണ്ടിയില്ല.
“വാസൂ..നിന്റെ വില നിനക്ക് അറിയില്ല..സാരമില്ല….ഞാന്‍ ഇത്രയേ പറയുന്നുള്ളൂ..എന്റെ മകളെ നീ അപകടത്തില്‍ പെടാതെ സംരക്ഷിച്ചാല്‍, നിന്റെ ജീവിതം ഞാന്‍ മാറ്റി മറിക്കും…”
“പിന്നെ അച്ചനോടും സാറിനോടും എനിക്കൊരു കാര്യം പറയാനുണ്ട്” വാസു പറഞ്ഞു. ഇരുവരും അവനെ ചോദ്യഭാവത്തില്‍ നോക്കി.
“ഈ പറഞ്ഞവന്മാര്‍ സാറിന്റെ മോളെ എത്രയും വേഗം ഉപദ്രവിക്കാനായി നിങ്ങള്‍ പ്രാര്‍ത്ഥിക്കണം..കാരണം എനിക്ക് സിറ്റിയിലെ ജീവിതം അത്ര ഇഷ്ടമല്ല..പണി തീര്‍ത്തിട്ട് വേഗം എനിക്കിങ്ങ് വരണം…”
അച്ചനും പുന്നൂസും വാക്കുകള്‍ കിട്ടാതെ പരസ്പരം നോക്കി ഇരുന്നുപോയി.