പക്ഷെ ഇന്ന് ആ അമ്മയും എന്നെ ഇഷ്ടപ്പെടുന്നില്ല…ജീവിതത്തില്‍ എനിക്ക് പ്രത്യേകിച്ച് യാതൊരു ലക്ഷ്യവും ഒരിക്കലും ഉണ്ടായിട്ടില്ല ഉണ്ടാകുകയുമില്ല….. വരുന്നത് പോലെ ജീവിക്കുക എന്നതാണ് എന്റെ തത്വം..അതുകൊണ്ട് ഏതു പണിക്കും ഞാന്‍ തയാറാണ്..ചെയ്യുന്ന പണി എനിക്കും കൂടി ഇഷ്ടമുള്ളതായിരിക്കണം എന്നുള്ള ഒറ്റ നിര്‍ബന്ധമേ ഉള്ളൂ….സാറ് പറഞ്ഞ ജോലി എനിക്ക് വളരെ ഇഷ്ടമായി….അതുകൊണ്ട് ഞാനതിന് തയാറാണ്..”
അവന്റെ വാക്കുകള്‍ കേട്ട പുന്നൂസിന്റെ മനസ്സ് നിറഞ്ഞു. ആ ആശ്വാസം അയലുടെ കണ്ണുകളില്‍ സ്പഷ്ടമായിരുന്നു.
“മോനെ..നീ വലിയവനാണ്…നീ തോല്‍ക്കില്ല…ദൈവം നിന്റെ കൂടെയുണ്ട്..എനിക്ക് ഉറപ്പാണ്” വികാരഭരിതനായി പുന്നൂസ് പറഞ്ഞു.
“പക്ഷെ പുന്നൂസേ..മോള്‍ സെക്യൂരിറ്റി അനുവദിക്കില്ല എന്ന് പറഞ്ഞല്ലോ..പിന്നെ ഇവനെന്ത് ചെയ്യും?” അച്ചന്‍ ചോദിച്ചു.
“ഞാന്‍ അവളോട് ഒന്നുകൂടി സംസാരിക്കാം. ഗുണമുണ്ട് എന്ന് തോന്നുന്നില്ല..കാരണം അവള്‍ തീരുമാനങ്ങള്‍ എടുക്കുന്നത് നന്നായി ചിന്തിച്ചിട്ട് തന്നെയാണ്..അതുകൊണ്ട് അവളുടെ മനസ്സു മാറും എന്ന് ഞാന്‍ കരുതുന്നില്ല….” പുന്നൂസ് ആലോചനയോടെ പറഞ്ഞു.
“വേണ്ട സാറേ…സാറ് ഇക്കാര്യം മകളോട് സംസാരിക്കണ്ട..ആളെ തിരിച്ചറിയാനായി എനിക്ക് മകളെ ഒന്ന് കാണിച്ചു തന്നാല്‍ മതി…പക്ഷെ സാറ് എനിക്ക് ഒന്ന് രണ്ടു കാര്യങ്ങള്‍ ചെയ്ത് തരണം” വാസു അയാളെ നോക്കി പറഞ്ഞു.
“എന്ത് വേണേലും ഞാന്‍ ചെയ്യാം വാസൂ..എന്റെ മോള്‍ടെ ജീവനേക്കാള്‍ വലുതല്ല എനിക്ക് വേറൊന്നും….”
“എനിക്ക് സാറിന്റെ വീടിനടുത്ത് തന്നെ താമസ സൌകര്യം നല്‍കണം. ഒപ്പം എനിക്ക് ഒരു മൊബൈല്‍ ഫോണും ഒരു വണ്ടിയും വേണം. മകള്‍ വീട്ടില്‍ നിന്നും പുറത്തേക്ക് എപ്പോള്‍ പോയാലും ഉടന്‍ തന്നെ എന്നെ വിവരമറിയിക്കണം. വണ്ടി ഒരു ബൈക്ക് ആകുന്നതാണ് നല്ലത്..കാരണം ഏത് വഴിയിലൂടെയും എനിക്ക് പോകാന്‍ പറ്റണം..ഇത്രയും ചെയ്ത് തന്നാല്‍ മതി..ബാക്കി സാറ് എനിക്ക് വിട്ടേക്ക്…ഒരുത്തനും, ഞാന്‍ ജീവനോടെ ഉണ്ടെങ്കില്‍ ഒരു നുള്ള് മണ്ണ് സാറിന്റെ മകളുടെ ദേഹത്ത് ഇടില്ല…”
പുന്നൂസ് അത്ഭുതത്തോടെ അവനെ നോക്കി. അയാളുടെ മനസ്സ് നിറഞ്ഞിട്ട് അല്‍പ്പ നേരത്തേക്ക് അയാള്‍ക്ക് സംസാരിക്കാനെ സാധിച്ചില്ല. നിറഞ്ഞു തുളുമ്പിയ കണ്ണുകള്‍ കൈലേസ് കൊണ്ട് തുടച്ചിട്ട് അയാള്‍ അവനെ നോക്കി.
“മോനെ വാസൂ..നിന്റെ വാക്കില്‍ എനിക്ക് ഉറച്ച വിശ്വാസമുണ്ട്..അത് ഈ അച്ചനില്‍ എനിക്കുള്ള വിശ്വാസമാണ്..പക്ഷെ നീ ഒന്നറിയണം….അവന്മാര്‍ നിസ്സാരക്കാരല്ല. അഭ്യാസികളും ഉന്നത ബന്ധങ്ങള്‍ ഉള്ളവരുമാണ് ..ഈ നാട്ടിന്‍പുറത്തുള്ള സാധാരണക്കാരുമായി അവരെ നീ തുലനം ചെയ്ത് ചെറുതായി കാണരുത്….”