“എല്ലാം പറഞ്ഞെങ്കില്‍ മാത്രമേ നിനക്ക് കാര്യത്തിന്റെ ഗൌരവം അതിന്റെ ശരിയായ അളവില്‍ മനസിലാകൂ..അതുകൊണ്ടാണ് ഞാന്‍ വിശദമായി പറയുന്നത്. അങ്ങനെ ഒരു ഡോക്ടര്‍ ആക്കണം എന്ന് ഞാന്‍ ആശിച്ചിരുന്ന ഡോണ പക്ഷെ തിരഞ്ഞെടുത്ത വഴി സാമൂഹ്യ സേവനവും പത്രപ്രവര്‍ത്തനവും ആണ്. ഒരു പ്രമുഖ പത്രത്തിന്റെയും ചാനലിന്റെയും റിപ്പോര്‍ട്ടര്‍ ആയ അവള്‍ ഒഴിവു വേളകളില്‍ പാവങ്ങളെ കണ്ടെത്തി സഹായിക്കാനും ശ്രമിക്കാറുണ്ട്. എല്ലാം അവള്‍ ചെയ്യുന്നത് സ്വന്ത വരുമാനം ചിലവാക്കിത്തന്നെയാണ്. അവള്‍ നല്‍കുന്ന വാര്‍ത്തകള്‍ ജോലി ചെയ്യുന്ന സ്ഥാപനം പുറത്ത് വിട്ടില്ല എങ്കില്‍, അവളത് മറ്റ് ഏതെങ്കിലും മാധ്യമം വഴി ജനത്തിന്റെ മുന്‍പിലെത്തിക്കുക തന്നെ ചെയ്യും. സ്വന്തമായി ഒരു പത്രം തുടങ്ങാന്‍ അവള്‍ക്ക് താല്‍പര്യം ഉണ്ടെങ്കിലും അതിനുള്ള സാമ്പത്തികം ഇപ്പോള്‍ അവള്‍ക്കില്ല. അവളുടെ ഇഷ്ടം നേടാനായി എന്റെ ഒരു ചില്ലിക്കാശുപോലും അവള്‍ വാങ്ങുകയുമില്ല..ഒരു പ്രത്യേകതരം സ്വഭാവക്കാരിയാണ് എന്റെ മകള്‍.”
ഒന്ന് മുരടനക്കിയ ശേഷം പുന്നൂസ് തുടര്‍ന്നു:
“രണ്ടു മാസങ്ങള്‍ക്ക് മുന്‍പ് ഭരിക്കുന്ന സര്‍ക്കാരിലെ ഒരു മന്ത്രിക്കെതിരെ അവള്‍ നല്‍കിയ വാര്‍ത്ത വന്‍ കോളിളക്കം ഉണ്ടാക്കി. അതെ തുടര്‍ന്ന് അയാള്‍ക്ക് രാജി വയ്ക്കേണ്ടി വന്നു. അയാള്‍ പണ്ടൊരു ഗുണ്ട ആയിരുന്നു..അതിന്റെ പക അയാള്‍ക്ക് അവളോട് ഉണ്ട്. ചവിട്ടേറ്റ മൂര്‍ഖന്‍ ആണ് അയാള്‍..രാജിയുടെയും വിവാദത്തിന്റെയും ചൂട് അടങ്ങാനായി അയാള്‍ കാത്തിരിക്കുകയാണ് അവള്‍ക്കെതിരെ പ്രവര്‍ത്തിക്കാനായി. കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ മിസ്റ്റര്‍ അലി ദാവൂദ് എന്റെ അടുത്ത സ്നേഹിതനാണ്. ഡോണയുടെ ജീവനു ഭീഷണി ഉണ്ടെന്ന് ഒരാഴ്ച മുന്‍പ് അലി എന്നെ വിളിച്ചു വരുത്തി എന്നോട് പറയുകയുണ്ടായി. അവള്‍ക്കെതിരെ കൊട്ടേഷന്‍ നല്‍കപ്പെട്ടിട്ടുണ്ട് എന്നും അത് നല്‍കിയിരിക്കുന്നത് അറേബ്യന്‍ ഡെവിള്‍സ് എന്ന രഹസ്യ പേരില്‍ അറിയപ്പെടുന്ന കൊച്ചിയിലെ ഏറ്റവും കുപ്രസിദ്ധമായ കൊട്ടേഷന്‍ സംഘത്തിനുമാണ് എന്ന് അവന്‍ പറഞ്ഞ നിമിഷം മുതല്‍ ഞാന്‍ ഒരൊറ്റ രാത്രി പോലും ശരിക്ക് ഉറങ്ങിയിട്ടില്ല”
വാസു ഒന്നിളകി ഇരുന്നു. സംഗതിയുടെ ഗൌരവം പതിയെ അവനു മനസിലാകാന്‍ തുടങ്ങിയിരുന്നു.
“അറേബ്യന്‍ ഡെവിള്‍സ് എന്നാല്‍ ഒരു സ്ഥാപനം അല്ല; അത് വെറുമൊരു പേര് മാത്രമാണ്. മൂന്നു ചെറുപ്പക്കാരാണ് അതിന്റെ സാരഥികള്‍ എന്നാണ് കമ്മീഷണര്‍ പറഞ്ഞത്. മൂവരും നല്ല സാമ്പത്തികമുള്ള വീടുകളിലെ അംഗങ്ങള്‍ ആണ്. കൊച്ചി നഗരം തങ്ങളുടെ വിരല്‍ത്തുമ്പില്‍ ഇട്ടു കളിക്കുക എന്ന മോഹമാണ് അവരെ ഈ മേഖലയിലേക്ക് ആകര്‍ഷിച്ച ഘടകം. ഒരാള്‍, ഒരു രാഷ്ട്രീയ നേതാവിന്റെ മകനാണ്.