“എല്ലാം പുന്നൂസ് നേരിട്ട് നിന്നോട് പറയട്ടെ..അത് കേട്ട ശേഷം നീ ആലോചിച്ചു തീരുമാനം എടുത്താല്‍ മതി..എന്നെ നീ ഓര്‍ക്കണ്ട.. നിനക്ക് ഇഷ്ടമുണ്ടെങ്കില്‍ മാത്രം നീ അങ്ങേരോട് സമ്മതം മൂളിയാല്‍ മതി..എന്നാല്‍ ഞാന്‍ അങ്ങേരെ വിവരം അറിയിക്കട്ടെ..”
“വിളിക്ക് അച്ചാ..ഞാന്‍ അപ്പോഴേക്കും ഒന്ന് കറങ്ങിയിട്ട് വരാം..” വാസു എഴുന്നേറ്റുകൊണ്ട് പറഞ്ഞു.
“നീ എങ്ങും പൊയ്ക്കളയരുത്..അങ്ങേര്‍ ഒന്നൊന്നര മണിക്കൂറിനകം ഇങ്ങെത്തും…”
“ഇല്ല..ഞാനുടന്‍ വരാം..ദൂരെ എങ്ങും പോകുന്നില്ല”
“ശരി..എന്നാല്‍ പോയേച്ചു വാ..”
———-
ശങ്കരന്‍ പോയ ശേഷം രുക്മിണി മകളുടെ ഒപ്പമിരുന്ന് പ്രാതല്‍ കഴിച്ചു. പിന്നെ രണ്ടാളും കൂടി മുന്‍പിലെ മുറിയിലെത്തി ഇരുന്നു. അവള്‍ക്ക് പറയാനുള്ളത് കേള്‍ക്കാന്‍ രുക്മിണി ആകാക്ഷയോടെ കാത്തിരിക്കുകയായിരുന്നു.
“അമ്മെ..ഞാന്‍ പറയുന്നത് അമ്മ ക്ഷമയോടെ കേള്‍ക്കണം. ഇത് ഒരു മകളുടെ കുമ്പസാരമാണ്..എനിക്കിത് അമ്മയോട് പറഞ്ഞില്ലെങ്കില്‍ ഈ ജന്മം സമാധാനം കിട്ടില്ല..എല്ലാം അമ്മ അറിയണം..എല്ലാം…”
ദിവ്യ പറഞ്ഞു തുടങ്ങി. തന്റെ വഴിപിഴച്ച ചിന്തകളും ജീവിതവും, രതീഷുമായി തനിക്ക് ഉണ്ടായിരുന്ന ബന്ധവും അവനെ വീട്ടില്‍ വരുത്തിയതും ഉള്‍പ്പെടെ തന്റെ ജീവിതത്തില്‍ നടന്ന എല്ലാം അവള്‍ അമ്മയോട് പറഞ്ഞു. അവസാനം രതീഷിന്റെ വീട്ടില്‍ വച്ച് വാസു തന്നെ കണ്ടതും തന്നെ ഉപദേശിച്ചതും താക്കീത് നല്കിയതും, ആ വ്യക്തിത്വത്തോട് തനിക്ക് തോന്നിയ വിധേയത്വം അനുരാഗമായി മാറിയതും അവള്‍ തുറന്ന് പറഞ്ഞു. തന്റെ ജീവിതത്തെ അത്രയ്ക്ക് സ്വാധീനിച്ച് തന്നെ അടിമുടി മാറ്റിയ വാസുവിനെ താന്‍ അഗാധമായി സ്നേഹിക്കുന്നു എന്നും അവനില്ലാതെ തനിക്കിനി ഒരു ജീവിതമില്ല എന്നും പറഞ്ഞാണ് അവള്‍ നിര്‍ത്തിയത്. അവസാനം അവള്‍ ഇതും പറഞ്ഞു:
“വഴി തെറ്റി കുറെയേറെ സഞ്ചരിച്ചെങ്കിലും എന്റെ ചാരിത്ര്യം ഇതുവരെ ഞാന്‍ കളഞ്ഞു കുളിച്ചിട്ടില്ലമ്മേ..”