എടീ, അന്നാമ്മേ. എന്റെ പുന്നാര ഭാര്യേ. രാവിലെ തന്നെ ചൊറിയാൻ നിൽക്കല്ലേ.
ഞാൻ പറയുന്നതായി കുറ്റം. കൊല്ലം കുറച്ചയില്ലെ കൂടെ കിടക്കാൻ തുടങ്ങീട്ട്.ഞാൻ ഒന്നും കാണുന്നില്ല എന്നൊന്നും വിചാരിക്കണ്ട.രാവിലെ തന്നെ ഉടക്കാൻ വരാതെ അങ്ങ് മാറിനില്ല് മനുഷ്യനെ ഇത്തിരി മനസമാധാനം ആയി പെരുമാറട്ടെ അടുക്കളേൽ.
വർക്കി പിന്നെ അവിടെ നിന്നില്ല. പതിയെ പുറത്തേക്കിറങ്ങി.ചായയും ആയി മുറ്റത്തിരുന്നു ബാക്കി പത്രം വായന തുടങ്ങി.
മീൻകാരന്റെ കൂക്കുവിളി കേട്ട് മറിയ പുറത്തേക്കിറങ്ങി. ആ സ്ട്രീറ്റിൽ ഉള്ള കുറച്ചു കൊച്ചമ്മമാർ ബീരാനിക്കയുടെ ചുറ്റിലും ഉണ്ട്. എന്താ ബീരാനിക്ക കുട്ടയിൽ എന്ന ചോദ്യവും ആയാണ് മറിയ അങ്ങോട്ടെത്തിയത്.
ആഹാ ഇതാരാ. നല്ല കിളിമീൻ ഉണ്ട്. പിടക്കണ ജാതി. എടുക്കട്ടെ.
നീ കൂടുതൽ പിടപ്പിക്കാതെ വില പറ ബീരാനെ.
നിങ്ങളോട് ഞമ്മള് കൂടുതല് വാങ്ങുവാ കിലോ എൺപതേ കിലോ എൻപതേ..
എന്നാ ഒരു കിലോ എടുക്ക്. പിന്നെ പോണവഴി ആ ഗ്യാസുകാരനെ കാണുവാണെൽ ഇങ്ങോട്ടൊന്നു വരാൻ പറ. ഒരു കുറ്റി കാലിയിരിക്കാൻ തുടങ്ങീട്ട് കുറച്ചായി.
ഞമ്മൾ പറഞ്ഞേക്കാം. പിന്നെ എങ്ങനെ പുതിയ മരുമോൾ.ആ കൊച്ചന്റെ കൈക്ക് നിക്കുവാ?
ദേ ബീരാനെ,നീ ചുമ്മാ കളിക്കാതെ പോയെ. നല്ലൊരു കൊച്ചാ അത്.
ഈ പറയുന്ന ആളെ ഞമ്മക്കറിയരുതോ.നാളെ ഈ വായിന്നു തന്നെ കേക്കൂല്ലോ പടച്ചോനെ.
ഡോ ബീരാനെ,നീ പറഞ്ഞു കാട് കേറല്ലേ.ഞാൻ ആർക്ക് എന്താടോ കൊളുത്തിക്കൊടുത്തത്. നിന്റെ ഭാര്യ പണ്ടീടെ കൂടെ ഒളിച്ചോടിയതോ, അതോ നിന്റെ മോള് പാതിരാക്ക് കൂട്ടിന് ആളെ വിളിച്ചു കേറ്റിയതോ….
മറിയയുടെ വായിൽ സരസ്വതി വിളഞ്ഞു തുടങ്ങിയതും ബീരാൻ ചമ്മിയ മുഖം താഴ്ത്തി അവിടെനിന്നൂരാൻ പാടുപെട്ടു.സൈക്കിളിൽ കയറിപ്പോകുമ്പോൾ കൂടിനിന്ന പെണ്ണുങ്ങളുടെ ആക്കിയുള്ള ചിരി അയാളുടെ പോക്ക് വേഗത്തിലാക്കി.
മീനുംകൊണ്ട് കേറുമ്പോഴും വർക്കി മുറ്റത്തുതന്നെയുണ്ട്. എന്നാടീ മറിയേ അവിടൊരു കലപില.
അത് പിന്നെ വർക്കിച്ചാ,ചിലവൻമാരുടെ ഒരു സൂക്കേട്. അയലോക്കത്തു എന്നാന്നു നോക്കിയിരിപ്പാ പണി.കൊടുത്തിട്ടുണ്ട്.
ആ നീ അകത്തോട്ടു ചെല്ല്.മറിയ പോകുമ്പോഴും നോട്ടം പിന്നാമ്പുറത്തു തന്നെ ആയിരുന്നു.