രാഹുൽ നിറകണ്ണുകളോടെ അവളെ നോക്കി…
ചില്ലുകൂട്ടിൽ കയറി ഇരിക്കുന്ന വിശുദ്ധകൾ പോലും അവൾക്ക് മുൻപിൽ നാണിച്ച് തല താഴ്ത്തിക്കാണും…
അവൻ രേഷ്‌മയുടെ കവിളിൽ തലോടി… .
“മരണത്തിനല്ലാതെ മറ്റൊന്നിനും നിന്നെ എന്നിൽനിന്ന് അകറ്റാൻ പറ്റില്ല മോളെ…”
മരണം പിന്നെ എന്റെ കണ്ട്രോളിൽ
അല്ലല്ലോ… ആയിരുന്നെങ്കിൽ അതും ഞാൻ നിന്റെ കൂടെയാക്കിയേനെ…”
അവൾ അപ്പോഴും അവന്റെ കണ്ണുകളിൽ മതിമറന്ന് നിൽക്കുകയായിരുന്നു…. ആ വാക്കുകൾ കൂടി കേട്ടപ്പോൾ രേഷ്‌മ അവനെ മുറുക്കെ പുണർന്നു… പിടി വിട്ടാൽ അവൻ പറന്ന് പോയെക്കുമോ എന്ന ഭയമുള്ള പോലെ അവനെ പുണർന്നു….
പൂന്തോട്ടവും പരിസരവും വൃത്തിയാക്കാൻ നിയമിക്കപ്പെട്ടിട്ടുള്ള സ്ത്രീകൾ അവരെ നോക്കുന്നത് കണ്ട് രാഹുൽ പെട്ടന്ന് അവളെ തന്നിൽ നിന്നും പിടിച്ച് മാറ്റി…
അത് തീരെ ഇഷ്ടപ്പെടാതെ അവൾ അവനെ വിഷമത്തോടെ നോക്കി… “അവരൊക്കെ നോക്കുന്നു മോളെ…” നീ വാ നമുക്കൊന്ന് നടന്നിട്ട് വരാം…” രാഹുൽ അവളേയും കൂട്ടി നടക്കാൻ തുടങ്ങി… ഇന്നെന്തോ ഉച്ചസമയം ആയിട്ടും ചൂട് കുറവാണെന്ന് അവൾക്ക് തോന്നി… ചിലപ്പോൾ ഇവിടെ ധാരാളം മരങ്ങൾ ഉള്ളത്കൊണ്ടാവും… ചിലപ്പോൾ ഞങ്ങൾക്ക് വേണ്ടി പ്രകൃതി ഒരുക്കി തന്ന ഒരു സമ്മാനമാവാം… അവൾ അങ്ങനെ തന്നെ വിശ്വസിക്കാൻ ശ്രമിച്ചു… അതായിരുന്നു അവളുടെ ഇഷ്ട്ടം… അവൾ ഡാമിന്റെ ഷട്ടറുകൾ നോക്കി നിന്നു… ജീവിതത്തിൽ ആദ്യമായിട്ടാണ് ഡാം കാണുന്നത്… അതിന്റെ ഒരു കൗതുകം അവളിൽ ഉണ്ടായിരുന്നു… പുതിയ കാഴ്ചകൾ അവൾ കൗതുകത്തോടെ നോക്കിക്കണ്ടു… പെട്ടന്നായിരുന്നു അന്ന് ഒരു ദിവസം കണ്ട സ്വപ്നം മനസ്സിൽ ഓടി വന്നത്… മനോഹരമായ ഒരു മലഞ്ചേരിവിൽ ഒരു പയ്യന്റെ കൈകൾ കോർത്ത് പിടിച്ച് അവന്റെ തോളിൽ പൂർണ്ണ തൃപ്തിയോടെ ചാഞ്ഞിരുന്ന് കാഴ്ചകൾ കാണുന്ന ഞാൻ… അന്ന് ആ മുഖം കാണാൻ പറ്റിയില്ല… അത് രാഹുൽ തന്നെ ആയിരിക്കും അല്ലാതെ ആരോടാ ഇനി എനിക്ക് ഇത്രയും ഇഷ്ട്ടം തോന്നാൻ… അവനെ അവൾ തന്നോട് ചേർത്ത് പിടിച്ചു നടന്നു… വലത്തോട്ട് ഒരു ചെറിയ ഇടനാഴി കടന്നതും ഒരു തൂക്കുപാലം അവർക്കുമുന്പിൽ ദൃശ്യമായി…
” വൗ ” ഞാൻ ആദ്യമായിട്ടാ ഒരു ഹാങ്ങിങ് ബ്രിഡ്‌ജ് കാണുന്നെ… അവൾ അതിലേക്ക് ഓടികയറി…. ഒത്തനടുക്ക് എത്തിയപ്പോൾ അവൾ ഉയർന്ന് ചാടാൻ തുടങ്ങി…. ഹങ്ങിങ് ബ്രിഡ്ജിലൂടെ വെറുതെ നടക്കുന്നത് തന്നെ ബുദ്ധിമുട്ടാണ് എന്ന അവളുടെ ധാരണ പാടെ തെറ്റിപ്പോയിരുന്നു… അവൾ നിന്ന് ചാടിയപ്പോഴും അതിന് ഒരു അനക്കവും സംഭവിച്ചില്ല… ചെറിയ ഒരു ആട്ടം ഉണ്ടെന്ന് മാത്രം…
രാഹുൽ അവളെ തടഞ്ഞു നിർത്തി.
” നീ എന്തൊക്കെയാ ഈ കാണിക്കുന്നേ…” പാലം മറിച്ചിടാൻ നോക്കാണോ???
അവൾ പ്രതീക്ഷിച്ചത് കിട്ടാത്ത കുട്ടിയെപ്പോലെ അവനെ നോക്കി…