എങ്ങനെയാണാവോ കണ്ണാ കേശുവിന് ഇങ്ങനെ മാറാൻ കഴിഞ്ഞത്.
എത്ര ദിനങ്ങൾ ഞാൻ ആ നിമിഷം മാത്രം ഓർത്ത് ഉരുകി ജീവിച്ചു. !എന്റെ തന്മയിയും ഗൗരിയും ഇല്ലായിരുന്നെങ്കിൽ എന്താകുമായിരുന്നു കണ്ണാ എന്റെ സ്ഥിതി…….
കേശു സിക്സ്ത്ത് സെമസ്റ്റർ ലാസ്റ്റ് പഠിക്കണ സമയത്തായിരുന്നു ഈ സംഭവവികാസങ്ങൾ എല്ലാം.
ആദ്യമായി എന്റെയുള്ളിൽ മൊട്ടിട്ട അനുരാഗം പൂവണിയാതെ പോയതിൽ ഞാൻ നന്നേ നൊമ്പരപ്പെട്ടിരുന്നു.എത്ര നാൾ പിന്നാലെ നടന്നാണ് കേശു എന്റെ പ്രണയത്തെ സമ്പാദിച്ചത് !എന്നിട്ടെങ്ങനെ കഴിഞ്ഞവന് ആ പ്രണയത്തെ നിഷ്കരുണം തള്ളാൻ? !
പിന്നെയുള്ള നാളുകളിൽ കോളേജിൽ പോകാൻ പോലും എനിക്ക് മടിയായിരുന്നു. തന്മയി വീട്ടിൽ വന്നു എന്നെ കൂട്ടിക്കൊണ്ട് പോയ എത്രയോ ദിനങ്ങൾ…. !
പിന്നെ കേശുവിന്റെ മുൻപിൽ പെടാതെ നടക്കാൻ ശ്രമിച്ച എത്രയോ ദിനങ്ങൾ….. !
പിന്നെ എപ്പോഴോ ആ ദുഃഖം എന്റെ വാശിയും കേശുവിനോടുള്ള വെറുപ്പുമൊക്കെയായി മാറി.
ഞാൻ കോളേജിൽ എത്തിയ ആദ്യ ദിനങ്ങളിൽ തന്നെ എനിക്ക് സുപരിചിതനായിരുന്നു വിഷ്ണു. അവനു എന്നോട് പ്രണയമാണെന്ന് മറ്റുള്ളവർ പറഞ്ഞറിയും മുന്നേ എനിക്ക് അറിയാമായിരുന്നു.
എന്നാൽ, കേശുവിന്റെ പെണ്ണായി മാത്രം ജീവിക്കാൻ ആഗ്രഹിച്ചതുകൊണ്ട് എനിക്ക് അതിലൊന്നും ഒന്നും തന്നെ തോന്നിയിരുന്നില്ല.
എന്റെ മുൻപിൽ വച്ച് കേശു മറ്റുള്ളവരോട് സ്നേഹത്തിൽ സംസാരിക്കുന്നത് പോലും എന്നെ ഭ്രാന്ത് പിടിപ്പിച്ച ആ നിമിഷത്തിൽ അവനോടുള്ള വാശി തീർക്കാൻ വേണ്ടി മാത്രം, വിഷ്ണുവിനോടുള്ള എന്റെ സമീപനത്തിൽ ഞാൻ അയവു വരുത്തി.
എന്തിനാണാവോ കണ്ണാ ഇത്ര ചെറിയ കാര്യത്തിന് വിഷ്ണു അന്ന് അത്രയേറെ സന്തോഷിച്ചത്…. എന്നാൽ തന്മയിക്കും ഗൗരി ക്കും കാണാൻ കഴിയാത്ത ഒരു നൊമ്പരം വിഷ്ണുവിന്റെ കണ്ണുകളിൽ ആ സന്തോഷത്തോടൊപ്പം എനിക്ക് കാണാൻ കഴിഞ്ഞു…
(തുടരും )
(മൈഥിലി )