മൃഗം 2
Mrigam Part 2 Crime Thriller Novel | Author : Master
Previous Parts | Part 1 |
പുറത്തിറങ്ങിയ വാസുവിന് തന്റെ മനസ് ജീവിതത്തില്‍ ആദ്യമായി തിരിച്ചറിയാനാകാത്ത ഒരു അവസ്ഥയിലേക്ക് വഴുതിപ്പോകുന്നത് മനസ്സിലായി. എന്താണ് അതെന്നു മനസിലാക്കാന്‍ പക്ഷെ അവനു കഴിഞ്ഞില്ല. മാനസികമായി നല്ല കരുത്തുണ്ടായിരുന്ന അവന് തന്റെ മനസിന്റെ പെട്ടെന്നുണ്ടായ ചാഞ്ചല്യത്ത്ന്റെ ഹേതു അജ്ഞമായിരുന്നു. ജീവിതത്തിലെ ഏതു കടുത്ത സാഹചര്യവും ഒരു സമ്മര്‍ദ്ദവും കൂടാതെ നേരിടാനുള്ള മനക്കരുത്ത് അവനുണ്ടായിരുന്നു എങ്കിലും ഇന്നത്തെ സംഭവം പോലെയൊന്ന് മുന്‍പൊരിക്കലും അവന്റെ ജീവിതത്തില്‍ ഉണ്ടായിട്ടില്ലായിരുന്നു. പലരുമായും അടിപിടിയും പ്രശ്നങ്ങളും ഉണ്ടായിട്ടുണ്ട്. അനീതി എന്ന് തോന്നിയ എല്ലായിടങ്ങളിലും പ്രതികരിച്ചിട്ടുമുണ്ട്. മറ്റു മനുഷ്യരെ ആദരിക്കാത്തവരെ ആദരിക്കാതെയിരിക്കുകയും പ്രശ്നകാരികളെ ഒരു ദയയും കൂടാതെ കൈകാര്യം ചെയ്യുകയും ചെയ്തിരുന്ന അവന്റെ മനസ് അത്തരം ഘട്ടങ്ങളില്‍ ഒന്നും പതറിയിരുന്നില്ല. പക്ഷെ ഇന്ന് സംഭവിച്ചതൊക്കെ അവന്റെ മനസിനെ മറ്റേതോ തരത്തില്‍ ശക്തമായി പിടിച്ചുലച്ചു.
ദിവ്യയോടുള്ള അവന്റെ ബന്ധം വളരെ മോശമായതും അവളുടെ അഹങ്കാരവും അവനോടുള്ള പുച്ഛവും ഒപ്പം അവന്‍ വലിഞ്ഞു കയറി വന്നവനാണ് എന്നുള്ള കൂടെക്കൂടെയുള്ള പരാമര്‍ശവും അവന്റെ മനസ്സില്‍ അവളോട് അവജ്ഞയും വെറുപ്പും വളര്‍ത്തിയിരുന്നെങ്കിലും അതൊന്നും അവനെ കാര്യമായി ബാധിക്കുന്ന തരത്തില്‍ വളര്‍ന്നിരുന്നില്ല. മറ്റുള്ളവരുടെ മോശം പെരുമാറ്റം തന്നെ ബാധിക്കാതിരിക്കാന്‍ അവന്‍ ജീവിതാനുഭവങ്ങളിലൂടെ ശീലിച്ചിരുന്നു. ചെറുപ്രായത്തില്‍ തന്നെ മനസിനെ ദുര്‍ബ്ബല വികാരങ്ങളില്‍ നിന്നും അകറ്റി നിര്‍ത്താന്‍ അവന്‍ പരിശീലിച്ചിരുന്നതിനാല്‍ കരച്ചിലോ ദുഖമോ മനസ്സലിവോ ദൌര്‍ബല്യമൊ മൃദുല വികാരങ്ങളോ ഒന്നും അവന്റെ നിഘണ്ടുവില്‍ ഉണ്ടായിരുന്നില്ല. ആകെക്കൂടി അവന്‍ സ്നേഹിച്ചിരുന്നത് രുക്മിണിയെ മാത്രമാണ്. പിന്നെ, ഈ അടുത്തിടെ മറ്റൊരാള്‍ കൂടി അവന്റെ മനസ്സില്‍ സ്ഥാനം പിടിച്ചിരുന്നു. അവന്റെ വീട്ടില്‍ നിന്നും ഏതാണ്ട് രണ്ടു കിലോമീറ്റര്‍ അകലെയുള്ള ഒരു ആശ്രമത്തിലെ ഗീവര്‍ഗീസച്ചന്‍ എന്ന പേരില്‍ അറിയപ്പെടുന്ന സന്യാസിയായ ക്രിസ്ത്യന്‍ പുരോഹിതന്‍ ആയിരുന്നു അത്.
അച്ചന്‍ തനിച്ചാണ് ആശ്രമത്തില്‍ താമസം. ആശ്രമത്തില്‍ എല്ലാ വെള്ളിയാഴ്ചകളിലും രാവിലെ മുതല്‍ ഉച്ച വരെ ധ്യാനവും പ്രസംഗവും ഉണ്ട്. ഒരിക്കല്‍ ജോലി ഇല്ലാതിരുന്ന ഒരു വെള്ളിയാഴ്ച ദിവസം വാസു ആശ്രമത്തിന്റെ അടുത്തുള്ള ഷാപ്പില്‍ ഒന്ന് മിനുങ്ങനായി പോയി. അവിടെ കള്ളിന്റെ കൂടെ മദ്യവും രഹസ്യമായി വില്‍ക്കുന്നുണ്ടായിരുന്നു. അവിടെ കയറി കപ്പയും മീന്‍ കറിയും മദ്യവും കഴിച്ച ശേഷം പന്ത്രണ്ടു മണിയോടെ അവന്‍ പുറത്തിറങ്ങി. ഷാപ്പില്‍ നിന്നും വീട്ടിലേക്ക് വരുന്ന വഴിക്കാണ് ആശ്രമം. ആശ്രമത്തിന്റെ അടുത്ത് എത്തിയപ്പോള്‍ അച്ചന്‍ പ്രസംഗിക്കുന്നത് ഉച്ചഭാഷിണിയിലൂടെ അവന്‍ കേള്‍ക്കാന്‍ ഇടയായി. കേട്ട വാക്കുകള്‍ മനസ്സിനെ ആകര്‍ഷിച്ചതുകൊണ്ട് സംഗതി ഒന്ന് കേട്ടുകളയാം എന്ന ചിന്തയോടെ വാസു ആശ്രമത്തിനു മുന്‍പിലുള്ള റോഡിന്റെ അരികില്‍ മരത്തണലിലായി ഇരുന്നു.
“..അതുകൊണ്ട് നിങ്ങള്‍ക്ക് ആരുമില്ല എന്ന് ഒരിക്കലും ധരിക്കരുത്. ദൈവപുത്രന്‍ ഈ ഭൂമിയില്‍ അവതരിച്ചത് കിടപ്പാടം പോലും ഇല്ലാത്തവനായിട്ടാണ്. പ്രപഞ്ചം സ്വന്തമായിട്ടുള്ള ദൈവം ഒരു പശുത്തൊഴുത്തില്‍ ഒന്നുമില്ലാത്തവനെപ്പോലെ ജനിച്ചത് നമുക്കൊരു ചൂണ്ടുപലകയാണ്. പക്ഷെ അങ്ങനെ ഒന്നുമില്ലാത്തവനായി ജനിച്ച അവന്‍ ഇന്ന് ലോകം കണ്ട ഏറ്റവും വലിയ മഹാനായി മാറിയിരിക്കുന്നത് നിങ്ങള്‍ കാണുന്നുണ്ട്. അതുകൊണ്ട് സഹോദരന്മാരെ നിങ്ങള്‍ അവനെ നോക്കുക..നിങ്ങള്‍ക്ക് വേണ്ടിയാണ് അവന്‍ ഇവിടെ ജനിച്ചത്..ആരും ഇല്ലാത്തവര്‍ക്ക് താങ്ങായും, രോഗികള്‍ക്ക് വൈദ്യനായും..അനാഥര്‍ക്ക് നാഥനായും അവന്‍ നിങ്ങളുടെ കൂടെയുണ്ട്..നിങ്ങള്‍ അവന്റെ മക്കളാണ്..ഭൂമിയിലെ നമ്മുടെ മാതാപിതാക്കള്‍ നമ്മെ ഉപേക്ഷിച്ചു കളഞ്ഞാലും അവന്‍ നിങ്ങളെ സ്നേഹത്തോടെ മാറോട് ചേര്‍ക്കാന്‍ കൊതിക്കുന്നവന്‍ ആണ്..അവന്റെ സന്നിധിയില്‍ വന്നു നിങ്ങളുടെ കണ്ണീരാകുന്ന കാഴ്ച അര്‍പ്പിക്കുക..നിങ്ങള്‍ക്ക് ആശ്വാസം ലഭിക്കും….” ഉച്ചഭാഷിണിയിലൂടെ അച്ചന്റെ പ്രസംഗം തുടര്‍ന്നുകൊണ്ടിരുന്നപ്പോള്‍ വാസുവിന്റെ മനസ് അറിയാതെ പിന്നോക്കം സഞ്ചരിച്ചു.