വരാനിരിയ്ക്കുന്ന വറവുകാലം മുൻകൂട്ടി കണ്ട ദീർഘദർശിയായ ഞാൻ അമ്മയുടെ പേഴ്സിൽ നിന്ന് ചൂണ്ടിയ ആയിരത്തി അഞ്ഞൂറ് രൂപയെ പരിക്ഷാഫലം വരുന്നതിനും മുൻപേ ആറ് പൈന്റ് ആക്കി മാറ്റിയിരുന്നു…!
പൈന്റുകൾ ദിനംപ്രതി ഒന്ന് എന്ന കണക്കിൽ ആറാമത്തേതും കച്ചിപ്പുരയിലെ കച്ചിയുടെ അടിയിൽ വിശ്രമിച്ചതിന് പിറ്റേന്ന് മാത്രമാണ് പരീക്ഷാഫലം പുറത്ത് വന്നത്!
ആ ഫലം പുറത്ത് വന്ന് കഴിഞ്ഞാൽ പിന്നെ ഗോസംരക്ഷണ വകുപ്പിൽ മറ്റ് ആരുടേയും കൈകടത്തലുകൾ ഉണ്ടാവില്ല എന്നതിൽ പരിപൂർണ്ണ ഉറപ്പും എനിക്ക് ഉണ്ടായിരുന്നു…!
ഈ ആറ് പൈന്റ് എന്നൊക്കെ കേട്ട് നിങ്ങൾ എന്നെ ഒരു സ്ഥിരം മദ്യപാനി ആയി കരുതരുത് കെട്ടോ!
ഇന്ന് രാത്രി ഒരു നൂറ്റിയിരുപത് അടിച്ചാൽ പിന്നെ നാളെ രാത്രി ഒരു സമയത്താണ് വീണ്ടും ഒരു നൂറ്റിയിരുപത് കഴിക്കുന്നത്!
അല്ലാതെ സ്ഥിരമായിട്ട് ഒന്നും ഇല്ല കെട്ടോ!
റിസൽട്ട് അറിഞ്ഞു! കൂട്ടയടി കഴിഞ്ഞു!
കെട്ടിച്ച് വിട്ട് ഒഴിപ്പിച്ച ബാധകളിൽ ഏതെങ്കിലും ഒന്ന് വീട്ടിൽ കാണും…
ഞാൻ എങ്ങോട്ടെങ്കിലും ഒന്ന് മാറിയാൽ അപ്പോൾ ചോദ്യവും അടിയും!
ഒന്ന് അനങ്ങാൻ വയ്യാത്ത അവസ്ഥ!
ഒരു നേരം കുളിപ്പിച്ചിരുന്ന പശുക്കൾ രണ്ട് നേരം കുളി തുടങ്ങി!
കച്ചി തിന്നാതെ പച്ചപ്പുല്ല് മാത്രം തിന്ന് തുടങ്ങി…!
നരകതുല്യമായി എന്റെ ജീവിതം!
വീട്ടിൽ വന്ന് പാൽ വാങ്ങി ഇരുന്നവർക്കും കറവയും കഴിഞ്ഞ് ഞാൻ പാൽ അവരുടെ വീട്ടിൽ എത്തിച്ച് കൊടുക്കുന്ന സിസ്റ്റം ഉണ്ടായി!
കടയിൽ വരുന്ന ലോഡ് അരി പഞ്ചസാര മൈദ ചാക്കുകൾ ഉൾപ്പടെ എല്ലാം ഞാൻ തനിയെ പുറത്ത് എടുത്ത് കടയിൽ യഥാസ്ഥാനത്ത് കൊണ്ട് ചെന്ന് വെയ്ക്കണം എന്ന അവസ്ഥ സംജാതമായി!
നിങ്ങൾ ഒന്ന് ചിന്തിക്കണം സുഹൃത്തുക്കളേ ചിന്തിക്കണം!
കേവലം ഒരു പത്താംക്ലാസ് തോറ്റതിനാണ് കൌമാരക്കാരനായ എന്നെ ഇട്ട് ഇങ്ങനെ പീഡിപ്പിക്കുന്നത്!
ഇക്കണക്കിന് ഞാൻ വല്ല ഡോക്ടറുപരീക്ഷ ആരുന്നു തോറ്റതെങ്കിലോ…?
ഹോ…. ! ചിന്തിക്കാൻ കൂടി വയ്യ!