“ഒരു കേസ് കിട്ടിയാൽ പിന്നെ നമ്മളെയൊന്നും വേണ്ടേ മാഷേ..?”
ഫോണെടുത്ത രഞ്ജൻ അവളുടെ സംസാരംകേട്ട് പുഞ്ചിരിപൊഴിച്ചു.
“ഓരോ തിരക്കാണ് വാവേ..”
ബാക്കി കുടുക്കുകൾ ഇടതുകൈകൊണ്ട് അഴിക്കാൻ ശ്രമിക്കുന്നതിനിടയിൽ അയാൾ പറഞ്ഞു.
“ഉവ്വ്, പിന്നെയ്,മരിയമോളുടെ അകൗണ്ട് നമ്പറൊന്നുവേണം. അവര് തന്നപ്പോൾ ഏട്ടന്റെ ലാപ്ടോപിലാണ് ഞാനന്ന് സേവ് ചെയ്തത്.”
“ഒരു മിനിറ്റ്, നോക്കട്ടെ.”
രഞ്ജൻ തന്റെ ബാഗ് തുറന്ന് ലാപ്ടോപ്പ് പുറത്തേക്കെടുത്തു.
“ഏതാ ഫോൾഡർ?”
“ഡി, ഓപ്പൺ ചെയ്താൽ, ഡോക്യുമെന്റ് എന്ന ഫോൾഡർ ഉണ്ട്, അതിൽ പോയാ മരിയമോൾ എന്ന ഡോക്യുമെന്റ് ഫയൽ ഉണ്ടാകും അതാണ്.”
ഫയൽ കിടക്കുന്ന സ്ഥലം പറഞ്ഞുകൊടുത്ത ശാലിനി അക്കൗണ്ട് നമ്പറിന് വേണ്ടി കത്തുനിന്നു.
“മ്, പേപ്പറും പേനയുമെടുത്തോ?”
“ഉവ്വ്,”
“എഴുതിക്കോളൂ., ഐ.എഫ്.എസ് സി കോഡ് യൂ ബി ഐ യൻ. 0537047
അക്കൗണ്ട് നമ്പർ 56740000003478.”
അക്കൗണ്ട് നമ്പർ പറഞ്ഞുകൊടുക്കുമ്പോഴായിരുന്നു പെട്ടന്ന് രഞ്ജൻ എന്തോ ആലോചിച്ചു നിന്നത്.
ഉടനെ തിരിച്ചു വിളിക്കാമെന്നു പറഞ്ഞ് ശാലിനിയുടെ കോൾ കട്ട് ചെയ്ത് രഞ്ജൻ അർജ്ജുൻ കൊടുത്ത സിസിടിവി ദൃശ്യങ്ങൾ വീണ്ടുമെടുത്ത് പരിശോധിച്ചു.
സുധി ഹോമെക്സ് ബിൽഡേഴ്സിന്റെ റിസപ്ഷനിൽ നിന്നുകൊണ്ട് പോക്കെറ്റിൽ നിന്നെടുത്ത ഒരു ബില്ലിന്റെ മറുവശത്ത് എന്തോ കുറിക്കുന്നുണ്ടായിരുന്നു.
രഞ്ജൻ ആ ദൃശ്യങ്ങൾ വീണ്ടും വീണ്ടും വലുതാക്കിയും ചെറുതാക്കിയും പരിശോധിച്ചു. അവസാനം അർജ്ജുൻ കൊടുത്ത കടലാസുകഷ്ണം സുധി എഴുതിയ കടലാസിന്റെ ബാക്കിയാണെന്നു രഞ്ജൻ സ്ഥിതീകിരിച്ചു. ഉടൻ തന്നെ അനസിനെ ഫോണിൽ ബന്ധപ്പെട്ടു.
“അനസ്, അർജ്ജുൻ ഒരു ബില്ലിന്റെ പകുതിതന്നില്ലേ, അത് സുധിയുടെ കൈയിലുള്ളതാണ്. സിസിടിവി പരിശോധിച്ചപ്പോൾ ഞാൻ കണ്ടു. വ്യക്തമായി കാണാം.”