“മ്..”
രഞ്ജൻ സോഫയിൽനിന്നും എഴുന്നേറ്റു.
“അനസ്, അറസ്റ്റ് നാളെ രാവിലെതന്നെ രേഖപ്പെടുത്തണം.”
“സർ.”
“അയാൾക്ക് എന്തെങ്കിലും കഴിക്കാൻ കൊടുക്ക്.”
അതുപറഞ്ഞ് രഞ്ജൻ തന്റെ മുറിയിലേക്ക് പോയി.
കിഴക്കുഭാഗത്തെ ജാലകപൊളി തുറന്നിട്ട് അയാൾ നിലാവലചൊരിഞ്ഞ പ്രകൃതിയിലേക്ക് നോക്കിയിരുന്നു.
“ക്രിസ്റ്റീഫറുടെ പേഴ്‌സണൽ സെക്രട്ടറി ആരായിരിക്കും.? “
രഞ്ജൻ മേശപ്പുറത്ത് വച്ചിരുന്ന കേരളാപോലീസ് എന്നെഴുതിയ ഫയൽ തുറന്ന് ആദ്യംമുതൽ വായിക്കാൻ തുടങ്ങി.
മണിക്കൂറുകളോളം അയാൾ കേസ് ഫയലിന്റെ പേജുകൾ തിരിച്ചും മറിച്ചും വായിച്ചു. തന്ന മൊഴിയിൽ അസ്വാഭാവികമായിട്ടുള്ളത്. ജിനുവിന്റെയും, ഹോസ്റ്റലിലെ ജോലിക്കാരിയുടെയുമാണ്. ജിനുവിന് കാര്യമായ പങ്കുണ്ടാവണം. അവസരത്തിനൊത്ത് നുണകൾ പറയുന്ന അവളായിരിക്കുമോ ഇനി…
രഞ്ജൻ അല്പനിമിഷം ആലോചിച്ചു നിന്നു.
അടുക്കളയിൽകയറി അനസ് ചായയുണ്ടാക്കി ഒരു കപ്പ് ചായയുമായി രഞ്ജന്റെ മുറിയിലേക്ക് കടന്നുവന്നു.
രഞ്ജന്റെ എതിർ ദിശയിൽ ഒഴിഞ്ഞിരിക്കുന്ന കസേരയിൽ അയാൾ ഇരുന്നു.
“ജിനു വീണ്ടും ഒരു ചോദ്യചിഹ്നമായി മാറുകയാണല്ലോ അനസേ?”
“സർ എന്താ പറഞ്ഞുവരുന്നത്.?”
ചായ ചുണ്ടോട് ചേർത്ത് അനസ് ചോദിച്ചു.
“അവളായിരിക്കുമോ ലൂക്കയ്ക്ക് അകത്തേക്കുകടക്കാനുള്ള വഴിയൊരുക്കികൊടുത്തത്. നീനയുടെ ശരീരത്തിൽ അമിതമായി മോർഫിന്റെ സാനിധ്യം ഉണ്ടെന്ന് ഡോക്ടർ പറഞ്ഞു. ലൂക്കയല്ലങ്കിൽ പിന്നെ ആര്.? മേ ബി ജിനു?”
രഞ്ജൻ അതുപറഞ്ഞപ്പോഴാണ് അനസ് അക്കാര്യത്തെ കുറിച്ചു ചിന്തിച്ചത്.
“അങ്ങനെയും ചിന്തിക്കാം സർ.”
” ഇന്നേക്ക് പതിനൊന്നാം ദിവസം. മിനിസ്റ്റർ പറഞ്ഞ പതിനാല് ദിവസത്തിൽ ഒരു ദിവസം മുൻപെങ്കിലും മുഴുവൻ തെളിവുകളും ഐജിക്കമുൻപിൽ ഹാജരാക്കണം. ഓക്കെ അനസ്, താൻ പോയി റെസ്റ്റ് ഇടുക്കു. എനിക്ക് കുറച്ചു പണിയുണ്ട്.”