പല്ലുകടിച്ചുകൊണ്ട് ലൂക്ക പറഞ്ഞു.
രഞ്ജൻ ഇടതുകൈകൊണ്ട് അയാളുടെ കഴുത്തിലൂടെ കൈയിട്ട് ശിരസിനെ താങ്ങിപിടിച്ച് വലതുകൈചുരുട്ടി മൂക്കിന് ആഞ്ഞിടിച്ചു.
“പന്ന കഴുവേറി, നീയാരാടാ യമദേവന്റെ മോനോ?. ഇതുപോലെ കുറെ അഭ്യാസം കഴിഞ്ഞുവന്നവനാടാ ഈ രഞ്ജൻഫിലിപ്പ്. നീയും, നിന്നെ തീറ്റിപോറ്റുന്ന ക്രിസ്റ്റീഫറുമുണ്ടല്ലോ രഞ്ജന് വെറും ദേ ഇതാ..”
ഒതുക്കിവച്ച ലൂക്കയുടെ തലമുടിയിൽനിന്നും ഒരുനുള്ള് മുടിയിഴകൾ രഞ്ജൻ പറിച്ചെടുത്ത് അയാളോടുപറഞ്ഞു.
ശേഷം കാറിന്റെ ബാക്കുഡോർ തുറന്ന് ലൂക്കയെ ബലമായി ഉള്ളിലേക്ക് തള്ളി. ബാക്കിയുള്ള ടാപ്പുകൊണ്ട് കാലുകളെയും ചുറ്റിവരിഞ്ഞു.
നടുറോഡിൽ വിലങ്ങനെ കിടക്കുന്ന കാറിന്റെ ഡ്രൈവിംഗ് സീറ്റിലേക്ക് രഞ്ജൻ കയറിയിരുന്നു. ഗിയർമാറ്റി ശരംവേഗത്തിൽ അയാൾ കാർ തന്റെ വീട്ടിലേക്കുവിട്ടു.
“സർ, രഞ്ജൻ ഹിയർ. ”
രഞ്ജൻ ഫോണെടുത്ത് ഐജി ചെറിയാൻ പോത്തനെ വിളിച്ചു.
“യെസ്, രഞ്ജൻ. റ്റെൽ മീ.”
“സർ,ലൂക്കയെ ഞാൻ പൊക്കി, അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല. സി ഐ, ശ്രീജിത്തിനെ അയാൾ ഷൂട്ട് ചെയ്തു. ശ്രീ ഇപ്പോൾ ഹോസ്പിറ്റലിലാണ്.”
“മ്, “
“ഇന്നുരാത്രി ലൂക്കയെ ചോദിച്ച് ആരുവിളിച്ചാലും സാറിന് ഒന്നുമറിയില്ല. നാളെ രാവിലെ ഞാൻ സെഷനിൽ കൊണ്ടുവരാം.”
“മ്, ഓക്കെ. ആൻഡ് വൺതിങ് ബി കെയർഫുൾ.”
“സർ.”
രഞ്ജൻ ഫോൺ കട്ട് ചെയ്ത് അനസിനെ വിളിച്ചു. ഓപ്പറേഷൻ തിയറ്ററിലേക്ക് മാറ്റിയ ശ്രീജിത്തിന്റെ ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്ന ഡോക്ടർ പറഞ്ഞ വിവരം അനസ് രഞ്ജനെ ധരിപ്പിച്ചു.
അപ്പോഴേക്കും രഞ്ജൻ സീപോർട്ട് എയർപോർട്ട് റോഡിലുള്ള തന്റെ വീട്ടിലേക്ക് എത്താറായിരുന്നു.
കാറിൽനിന്നും അയാളെ രഞ്ജൻ പുറത്തേക്ക് എടുത്തു. കാലിൽ ചുറ്റിവച്ച ടാപ്പുമുറിച്ച് ലൂക്കയെ അകത്തെ ഒരു മുറിയിലെത്തിച്ചു.