കോരൻറെ കുടിയിലും അന്ന് സാധാരണ പോലെ തന്നെയാണ് പുലരി പിറന്നത്, തേതിയുടെ നൊമ്പരങ്ങൾ കോരൻ അറിഞ്ഞില്ല… തീണ്ടാരി ചായ്‌പിൽ കിടന്ന തേതിയേ അയാളൊട്ടു പോയി കണ്ടുമില്ല. പതിവില്ലാതെ തളർന്നുറങ്ങിയ അവളെ ചിരുത വിളിച്ചതുമില്ല…
അങ്ങനെ കോരനും ചിരുതയും കോലോത്തെക്കു പതിവ് പോലെ തിരിച്ചു… തലേന്നാളത്തെ പീഢാനുഭവങ്ങളുടെ തീച്ചൂളയിലൂടെ കടന്നു വന്നതാവും, തേതി ഇഹലോകം വിട്ടതു പോലെ കിടന്നുറങ്ങിയത്. ഉറങ്ങട്ടെ, ചില വേദനകൾക്ക് ഉറക്കവും നല്ല മരുന്നാണ്…
കോലോത്തെ പതിവ് പണിക്കിടയിൽ ചിരുത ഇടക്കിടക്ക് അധികാരിയെ സൂക്ഷിക്കുന്നുണ്ടായിരുന്നു. അവളുടെ വിശ്വാസത്തിൽ തേതിയുടെ മാനം കവർന്നെടുത്തത് അയാൾ ആണല്ലോ..? അപ്പോൾ ഇളം മാംസത്തിന്റെ രുചി പിടിച്ച ചെന്നായ വീണ്ടും അങ്ങോട്ട് പോവാതിരിക്കില്ല…
ഇനിയൊരു കയ്യേറ്റം കൂടി എന്റെ കുഞ്ഞു താങ്ങില്ല… സ്നേഹമയി ആയ ആ അമ്മയുടെ മനസ്സിൽ എപ്പോളും ആ ആന്തലായിരുന്നു… അത് കൊണ്ടാണ് ഒരു പണിയിലും ശ്രദ്ധിക്കാതെ അവൾ ചായ്‌പിൽ ചുറ്റി പറ്റി നിന്നതു…
ഒടുവിൽ അവൾ അത് കേട്ടു… അധികാരി രാമൻ നായരോട് പറയുന്നത്…
“ഡോ… നായരേ… ഞാനാ പുഴക്കരയിലെ തെങ്ങും തോപ്പ് വരെ ഒന്ന് പോണു. ഉച്ച കഴിയും മടങ്ങാൻ താൻ ആ പാടത്തെ പണിക്കാരെ നോക്കുക എന്തേ..?”
“ഓ… ആയിക്കോട്ടെ അങ്ങുന്നേ പാടത്തെ കാര്യം ഞാൻ ഏറ്റു…”
വളഞ്ഞു കുത്തി നിന്ന് രാമൻ നായർ മറുപടി പറയുന്നത് ചായ്പ്പിലെ അഴികൾക്കിടയിലൂടെ ചിരുത നോക്കി കണ്ടു. പുഴക്കരയിലെ തെങ്ങുംതോപ്പ് ചിരുതയുടെ കുടിയുടെ തൊട്ടാണ്, അവൾ അപകടം മണത്തു… ഇനിയെന്താണ് ഒരു മാർഗ്ഗം..
പെട്ടന്ന് ബുദ്ധിയിൽ തെളിഞ്ഞ മാർഗ്ഗവുമായി അവൾ കോരന്റെ അടുത്തേക്കോടി… കൈകാലുകൾ കഴുകി ശുചിയാക്കി തമ്പുരാട്ടിയുടെ നടു തിരുമ്മാൻ തയ്യാറെടുത്ത കോരന്, ചിരുത പറഞ്ഞത് കേട്ട് അവളെ ചവിട്ടി കൊല്ലാനുള്ള ദേഷ്യമുണ്ടായി.
ചിരുത പുറത്തായി അത്രേ..! ഇനിയിപ്പോ അത് തീരുന്നതു വരെ കോലോത്തെ അടിച്ചതിൽ കേറ്റില്ല ഇനിയിപ്പോ എങ്ങനെ തമ്പുരാട്ടിയെ തിരുമ്മും..?
ഇച്ഛാഭംഗത്തോടെ നിൽക്കുന്ന കോരനെയും കടന്നു, അടുക്കളയിലെ വാല്യക്കാരിയോട് കാരണവും ബോധിപ്പിച്ചു… അവൾ വേഗം കുറുക്കു വഴിയേ കുടിയിലേക്കോടി… അധികാരി എത്തുന്നതിനു മുന്നേ കുടിയിലെത്തണം തേതിയേ മാറ്റണം…
അങ്ങനെ ഒരു പത്രവായന ഒന്നും ശീലമില്ലാത്ത ആളാണ് യശോദ തമ്പുരാട്ടി. അന്ന് വെറുതെ കോലായിൽ പത്രം കിടക്കുന്ന കണ്ടപ്പോൾ ഒരു കൗതുകത്തിനു മറിച്ചു നോക്കിയതാണ് അതിലെ ഒരു വാർത്തയിൽ തമ്പുരാട്ടിയുടെ കണ്ണുടക്കി…