പുഴയിലെ പാറയിലോ കാട്ടിലെവിടെയോ തട്ടി നന്നായി മുറിഞ്ഞ കാലിലെ രക്തം നിന്നു. എങ്കിലും സഹിക്കാനാവാത്ത കുത്തൽ പോലെയാണ് മുറിവിനകത്തു, മുറിവിനുള്ളിൽ എന്തോ തറഞ്ഞിരിക്കുന്ന പോലെ നോവാണ്… കാല് കുത്തി നടക്കുമ്പോൾ…
അസഹനീയമായ വേദനയാണെങ്കിലും, പുഴക്കരയിലെ കൊടും തണുപ്പിൽ ഇനിയും പിടിച്ചു നിൽക്കാനാവാതെ അവൻ ഏന്തി വലിഞ്ഞു പാറപ്പുറത്തെ തന്റെ കൂടാരത്തിലേക്ക് നടന്നു. പണ്ട് വെടിച്ചില്ലു കേറിയ അതേ വേദനയാണ് അവൻ ഓർത്തു…
ഒരു വിധത്തിൽ പാറപ്പുറത്തെത്തി മലർന്നു കിടന്നു ആകാശത്തിലെ നക്ഷത്രങ്ങളെ നോക്കി കിടന്ന ശ്രീഹരിക്കു അന്നാദ്യമായി ഭയം തോന്നി, മരണഭയം… കാലിന്റെ അവസ്ഥ കണ്ടിട്ട് ഇത് നിന്ന് പഴുക്കാൻ ആണ് സാധ്യത അങ്ങനെയെങ്കിൽ ആരും നോക്കാനില്ലാതെ ഈ കാട്ടിൽ താൻ…
ശ്രീഹരി എന്നും സ്വന്തം കരുത്തിനെ മാത്രമേ കൂട്ടുപിടിച്ചിട്ടുള്ളൂ, തനിക്കു ശരിയെന്ന് തോന്നിയ കാര്യങ്ങൾ മാത്രമേ ചെയ്തിരുന്നുമുള്ളൂ. പക്ഷേ അന്നാദ്യമായി സ്വന്തം പ്രവർത്തി അവനെ കുത്തിനോവിച്ചു… കഞ്ചാവിന്റെ ലഹരിയെ അവൻ ശപിച്ചു…
ഒന്നുറങ്ങിയിരുന്നെങ്കിൽ എല്ലാം ശരിയായേനെ… അതികഠിനമായ വേദനക്കിടയിൽ നിദ്രയുടേതോ ബോധക്കേടിന്റെയോ എന്നറിയാൻ പാടില്ലാത്ത ആ ഇരുളിലേക്ക് കണ്ണടയുമ്പോൾ അവന്റെ കാതുകളിൽ ഈയം ഉരുക്കി ഒഴിച്ച പോലെ ആ സ്വരം വന്നു വീണു പൊള്ളി…
“എന്റെ കണ്ണിന്റെ മുന്നിൽ അത് എത്ര വലിയ നീചനാണേലും ചത്തൊടുങ്ങുന്ന കാണാൻ എനിക്ക് വയ്യ… അതാ നിന്നെ ഞാൻ രക്ഷിച്ചേ… പക്ഷെ നീ അനുഭവിക്കും..! കാലപാമ്പ് നിന്നെ കൊത്തും…. കാടിറങ്ങി വരുന്ന ശവം തീനി പുലികൾ പോലും തിന്നാതെ നിന്റെ ചീഞ്ഞളിഞ്ഞ ശവം ഈ പുഴക്കരയിൽ കിടന്നു പുഴുവരിക്കും…”
ആ പെൺകുട്ടിയുടെ ശാപം ഒരു അശരീരി പോലെ അവിടെയാകെ മുഴങ്ങുന്നുണ്ടെന്നു അവനു തോന്നി…
ശാപങ്ങൾ… ശ്രീഹരിക്കു പുത്തരിയല്ല, അമ്മയുടെ അച്ഛന്റെ കാരണവന്മാരുടെ ശാപ വചനങ്ങൾ ഇന്നീ കണ്ട നാളിലെങ്ങും അവനെ തരിമ്പും വേദനിപ്പിച്ചിട്ടില്ല…
അവൻ വിശ്വസിക്കുന്ന പ്രസ്ഥാനത്തിന്റെ… അവൻ വിശ്വസിക്കുന്ന പ്രത്യയ ശാസ്ത്രത്തിന്റെ… ഉള്ളിൽ അടങ്ങിയിരിക്കുന്ന നന്മയുടെ… കറതീർന്ന സമത്വത്തിന്റെ… കരുത്തു അന്നെല്ലാം അവനു കൂട്ടായി ഉണ്ടായിരുന്നു.
അല്ലെങ്കിൽ മാടമ്പി തറവാട്ടിലെ ഇളമുറക്കാരൻ പാർട്ടിക്കാരനായി… സ്വന്തം തറവാട്ടു വക പുരയിടത്തിൽ തന്നെ കൊടികുത്തി, ചാത്തന് വീടും സ്ഥലവും പട കൂടി മേടിച്ചു കൊടുക്കാൻ മുൻപന്തിയിൽ നിൽക്കുമായിരുന്നില്ല.