തിരുവനന്തപുരത്തെ മൾട്ടിപ്ലക്സിൽ നിന്നും ഒരു ന്യൂജെൻ മലയാള സിനിമ കണ്ടിറങ്ങിയ ശ്രീക്കുട്ടി ആകെ ദേഷ്യത്തിലായിരുന്നു, വിവാഹം കഴിഞ്ഞിട്ടു കൃത്യം മൂന്ന് ആഴ്ച്ച , അവരുടേത് പ്രണയ വിവാഹമായിരുന്നു വീട്ടുകാർ നിശ്ചയിച്ചുറപ്പിച്ച ആ വിവാഹ നിശ്ചയത്തിന് ശേഷമാണു അവർ പ്രണയിച്ചു തുടങ്ങിയത് എന്ന് മാത്രം,
വിവാഹത്തിന് ശേഷം ആദ്യമായി ഒരുമിച്ചു കണ്ട സിനിമ, ഓർമ്മയുടെ വർണ്ണ താളുകളിൽ എക്കാലവും സൂക്ഷിക്കേണ്ട ആ അസുലഭ മുഹൂർത്തം, അതിങ്ങനെ ആയി പോയതിന്റെ ഹാലാവും എന്റെ നാഗവല്ലിക്ക്…
“എന്നാലും എന്റെ അനൂപേട്ടാ..” നന്ദൻ ആത്മഗതം പോലെ വിളിച്ചു..
എ.ആർ റഹ്മാന്റെ മ്യൂസിക്കും ആസ്വദിച്ചു ചെറുതായൊന്നു മൂളി നന്ദൻ ചവിട്ടി വിട്ടു.
അവന്റെ വൈറ്റ് കളർ ആൾട്ടോ, ആ രാത്രിയിൽ എം.ജി റോഡിലെ തിരക്കിട്ട വീഥികളിലൂടെ പാഞ്ഞു.
ഏതാണ്ട് ഒരു പത്തര മണിയോടെ അവർ ശ്രീക്കുട്ടിയുടെ നന്ദനത്തിൽ എത്തി, സിറ്റ്ഔട്ടിലിരുന്നു ശ്രീകുട്ടിയുടെ അച്ഛൻ , പഴയ എക്സ് ഗൾഫ് ഇപ്പൊ അത്യാവശ്യം ബിസിനസ്സും രാഷ്ട്രീയവുമൊക്കെയായി നടക്കുന്ന നാട്ടു പ്രമാണി ഇരുന്നു രാവിലത്തെ പത്രം വായിക്കുന്നു. ശ്രീക്കുട്ടി നേരെ അകത്തേക്ക് കയറി പോയി, നന്ദൻ പുള്ളിയോട് ചുമ്മാ നാട്ടു വർത്തമാനം പറഞ്ഞു കുറച്ചു നേരം ചുറ്റി പറ്റി നിന്നു.
“ചിന്നു എവിടെ അമ്മേ”?
ഹാളിൽ, ടി.വി സീരിയലിൽ മുഴുകിയിരിക്കുന്ന അമ്മായിയമ്മയോടു ചോദിച്ചു. പുള്ളിക്കാരി പിന്നെ പണ്ടത്തെ മധു മോഹൻ ഫാനാ അന്നേ തുടങ്ങി സീരിയൽ പ്രണയം ഒരെണ്ണം വെറുതെ വിടില്ല, “അവൾ കിടന്നു മോനെ രാവിലെ നേരത്തെ എണീറ്റ് പഠിച്ചോളാന്ന്, നിങ്ങള് കഴിച്ചാരുന്നോ.ഞാൻ ചപ്പാത്തിയെടുക്കട്ടെ?”