പുറത്തോട്ടു കണ്ണും നട്ടിരിയ്ക്കാണ് അവൻ ആക്സിലേറ്റർ പതുക്കെ ഒന്നയച്ചു, എം ജി റോഡിലെ ബൈ പാസ്സ് സിഗ്നലും കടന്നു അടുത്തു കണ്ട ഇന്ത്യൻ കോഫീ ഹൗസിനു മുന്നിൽ വണ്ടി ഒതുക്കി നിർത്തി.
“ശ്രീക്കുട്ടി.. ന്റെ പഞ്ചാരക്കട്ടി …..”
അവൻ മെല്ലെ വിളിച്ചു അവൾ കരിമഷിയെഴുതിയ ആ ഉണ്ടക്കണ്ണുകൾ ഒന്ന് കൂടി വിടർത്തി ചോദ്യ ഭാവത്തിലവനെ നോക്കി,
“ഹോ…..”
നന്ദൻ ആശ്ചര്യ ഭാവത്തിൽ ഒന്നു ഞെട്ടി.
“മാനത്തു വെട്ടി തിളങ്ങുന്ന താരക പൂക്കളേക്കാൾ തിളക്കമുണ്ടല്ലോ പെണ്ണെ കരിമഷിയെഴുതിയ നിന്റെയീ ഉണ്ടക്കണ്ണുകൾക്ക്..
ഇങ്ങനെ നോക്കി കൊല്ലല്ലേ നീ..” അവനവളെ നോക്കി കൈകൾ കൂപ്പി.
“ന്നെ കളിയാക്കാ, ശെര്യാക്കി തരാട്ടാ” അവൾ ദേഷ്യം ഭാവിച്ചു.
“അല്ലെടീ ഞാനെന്റെ പെണ്ണിന്റെയീ കൊതിപ്പിക്കുന്ന ചന്തം കണ്ട് പറഞ്ഞതല്ലേ. ഈ ഉണ്ടക്കണ്ണും, സ്വർണ്ണ തരീടെ മൂക്കുത്തീം ,കാതിലെ ജിമിക്കി കമ്മലും… ”
“ഹമ് മെഡിമിക്സ്, മെഡിമിക്സ് ”
അവനെ പറഞ്ഞു പൂർത്തിയാക്കാൻ അനുവദിക്കാതെ അവൾ പതിയെ തലയാട്ടി…
“മെഡിമിക്സല്ല, ചന്ദ്രിക, ടാ.. വാടാ നമുക്ക് എന്തേലും കഴിച്ചിട്ട് പോവാം, ഇവിടെ നല്ല ചൂട് മസാല ദോശ കിട്ടും”
അവനവളെ കോഫീ ഹൗസ് ചൂണ്ടി കാട്ടി.
“നിയ്ക്കു വേണ്ട നന്ദേട്ടൻ വേണേൽ കഴിച്ചിട്ടു പോരെ ഞാൻ ഇവിടിരുന്നോളാം..”
“ആഹാ എന്നാൽ എനിയ്ക്കും വേണ്ട”
നന്ദൻ വണ്ടി സ്റ്റാർട്ടാക്കി, വണ്ടി തിരിച്ചു പിന്നീട് പതുക്കെ മൂളി.
“കവിളിണയിൽ കുങ്കുമമോ പരിഭവ വർണ്ണ പരാഗങ്ങളോ..
കടമിഴിയിൽ കവിതയുമായ് വാ വാ എന്റെ ശ്രീ.. നീ”
അവനവളെ വീണ്ടും കടകണ്ണിട്ടൊന്നു നോക്കി, ഏൽക്കുന്ന മട്ടില്ല. പുറത്തേക്കു കണ്ണും നട്ട് ഗഹനമായ ചിന്തയിലാണ്.ഇതിനു മാത്രം ഇവളെന്താണീ ആലോചിച്ചു കൂട്ടണേ, മണ്ടിപ്പെണ്ണ് എം.ബി.എ വരെ പഠിച്ചൂന്നു പറഞ്ഞിട്ടെന്താ കാര്യം ഇപ്പോഴും കൊച്ചു പിള്ളേരെ പോലെയാ, അവൻ പതിവ് സ്റ്റൈൽ ഒന്ന് രണ്ടു ചളികളുമായി മുട്ടി നോക്കിയെങ്കിലും എല്ലാം നനഞ്ഞ പടക്കം പോലെയായി…