കിഴക്കിന്റെ ചക്രവാള നീലിമയിൽ പ്രഭാത കിരണങ്ങൾ ഉദിച്ചു, പുലരിയിൽ കിളികളുടെ കളകളാരവത്തോടൊപ്പം, സൂര്യ രശ്മി ജനൽ ചില്ലുകൾ തുളച്ചു മുറിയിലേക്കരിച്ചെത്തി മിഴികളെ തഴുകിയപ്പോൾ അനിത പതിയെ കണ്ണുകൾ തുറന്നു, പേടിയുടെ ആധിക്യത്തോടൊപ്പം ഉച്ച മുതലുള്ള മാനസിക സംഘർഷങ്ങളുടെ പിരിമുറുക്കവും കൂടിയായപ്പോൾ രാത്രിയുടെ ഏഴാം യാമത്തിൽ എപ്പോഴോ അവൾ ഉറക്കത്തിലേക്കു വഴുതി വീഴുകയായിരുന്നു. തലക്കൊരു പെരുപ്പം തോന്നിയപ്പോൾ അവൾ ചാടിയെഴുന്നേറ്റു. പില്ലോയ്ക്കു കീഴിലിരുന്ന മൊബൈലിന്റെ വൈബ്രേഷൻ ശബ്ദമായിരുന്നു.
അവൾ ഫോണെടുത്തു നോക്കി
“ഈശ്വരാ നന്ദൻ സാർ…..”
അവൾ വേഗം അറ്റെൻഡ് ചെയ്തു.
“ഹലോ സാർ…..”
അവളുടെ ശബ്ദം ഇടറി.
“ഓക്കേ സാർ ഞാൻ എത്താം ഒരു അര മണിക്കൂർ.”
അവൾ ഫോൺ കട്ടാക്കി.
നന്ദൻ സാർ വിളിച്ചു, തന്നെ കാണണമെന്നു ആവശ്യപ്പെട്ടിരിയ്ക്കുന്നു, അവൾക്ക് വല്ലത്തൊരാശ്വാസം തോന്നി.
ഇന്നലെ ഉച്ചയ്ക്ക് അവിടെ നിന്നും ഓടി
രക്ഷപ്പെട്ടു ഹാഫ് ഡേ ലീവുമെടുത്തു പേടിച്ചിരിക്കുകയായിരുന്ന അവളെ തേടി വൈകിട്ടാണ് പ്രകാശിന്റെ ഫോൺ കാൾ എത്തിയത്. പ്രകാശിന്റെ വാക്കുകൾ ഒരിക്കൽ കൂടി അവളുടെ കാതിൽ മുഴങ്ങി..
“അവന്റെ എച്ചിൽ തിന്നാൻ എനിയ്ക്ക് താല്പര്യമില്ലാത്തതു കൊണ്ടാടി ഇത്രയും നാൾ നിന്നെ ഒഴിവാക്കി വിട്ടത്, അപ്പൊ നിനയ്ക്ക് അഹങ്കാരം ഇനിയെനിക്ക് നിന്നെ വേണ്ട പക്ഷേ എന്റെയൊരു ക്ലയന്റ് നമുക്കിത്തിരി വേണ്ടപ്പെട്ട ആളാ അയാളെ നീ കാണണം, കാണേണ്ട വിധത്തിൽ കാണണം.സൺഡേ വൈകിട്ട് കൃത്യം ഏഴു മണിയ്ക്ക്, സ്ഥലമൊക്കെ നിനക്കറിയാല്ലോ അല്ലേ ഇത് വെറും രണ്ടു മണിക്കൂറിന്റെ കാര്യമേയുള്ളു നീ ഒന്നു ആഞ്ഞു പിടിച്ചാൽ ചിലപ്പോൾ അതിനുമുമ്പേ, ഹ ഹാ ഹാ”
പ്രകാശിന്റെ പൊട്ടിച്ചിരി അവളെ വീണ്ടും, വീണ്ടും ഭയപ്പെടുത്തി.
“പിന്നെ അവനോടു പറഞ്ഞിട്ട് ഒരു കാര്യോമില്ല , അവൻ വെറും ശമ്പളക്കാരൻ അത്രേയുള്ളു..