പ്രകാശും ഓഫീസിലേക്ക് വരാറില്ല അയാളും മീറ്റിങ്ങും ഒഫീഷ്യൽ ടൂറുമായും തിരക്കിലാണ്, കസിൻ ബ്രതെഴ്സ് ആയ അവർ രണ്ടു പേരും അത്ര നല്ല രസത്തിലല്ല എന്നവൾക്കു പണ്ടേ തോന്നിയിരുന്നു.
പർച്ചേസ് വിഭാഗത്തിലെ സന്തോഷേട്ടനാണ് അവൾക്കൊരുപായം നിർദ്ദേശിച്ചത്..
“നന്ദൻ സാർ ഇന്നും വരുമെന്നു തോന്നുന്നില്ല അനിത ഒരു കാര്യം ചെയ്യൂ വിളിക്കാൻ നിൽക്കണ്ട മൂപ്പരുടെ വൈഫിന്റെ ആണ്ടായിരുന്നു ഇന്നലെ ഇനിയിപ്പോ ശംഖുമുഖം ബീച്ചിനോട് ചേർന്നൊരു ഓഫീസ് റൂമുണ്ട് അവിടെ കാണും ഞാനാ വിപിനോട് പറയാം അവൻ ഇറക്കി തരും.”
“പക്ഷെ ഞാൻ എങ്ങനാ സന്തോഷേട്ടാ” അനിതക്കെന്തോ മടി തോന്നി..
” ചെക്കിന്റെ കാര്യമല്ലേ കൊച്ചേ അതാ അല്ലേൽ വേറെ ആരെങ്കിലും പോയാൽ മതിയാരുന്നു.
മാത്രമല്ല ഇനിയും ലേറ്റ് ആയാൽ പ്രശ്നാവും.. ”
അങ്ങനെ, അത്യാവശ്യം വേണ്ട പേപ്പേഴ്സുമായി അവൾ ഡ്രൈവർ വിപിന്റെ കൂടെ യാത്രയായി.
“ഈ നന്ദൻ സാർ ആളത്ര വെടുപ്പൊന്നുമല്ലാട്ടോ പണ്ടത്തെ കോഴിയാരുന്നു, പിന്നെ കല്യാണം കഴിഞ്ഞപ്പോ ആ പെൺകുട്ടിയാ നന്നാക്കിയെടുത്തേ, ഐശ്വര്യ എന്നോ മറ്റോ ആയിരുന്നു പേര്, ശ്രീക്കുട്ടീന്നാ വിളിച്ചിരുന്നെ.
അവളൊരു സുന്ദരികുട്ടിയായിരുന്നു നമ്മുടെ പഴേ സിനിമാ നടി ശ്രീദേവിടെ അതെ ഛായ, പറഞ്ഞിട്ടെന്താ അതിനു ദൈവം ആയുസ്സും കൊടുത്തില്ല. രണ്ടു വർഷങ്ങൾക്കു മുമ്പായിരുന്നു ഒരാക്സിഡന്റ്, നന്ദൻ സാർ അന്നൊരു ടൂറിലായിരുന്നു, മോൾ ഒരു പോറലുപോലും ഏൽക്കാതെ രക്ഷപ്പെട്ടു പക്ഷേ ശ്രീക്കുട്ടി സ്പോട്ടിൽ വച്ച് തന്നെ.. ”
“അതോണ്ടെന്താ അയാൾ വീണ്ടും പഴേ സ്വഭാവം തൊടങ്ങി ഒക്കെ ഒളിച്ചും പാത്തുവാ,
പുറമെ മാത്രേയുള്ളു മാന്യൻ. ”
ഓഫീസിലെ മിനിചേച്ചിയുടെ വാക്കുകൾ അവൾ ഓർത്തു പക്ഷേ അവളത് മുഖവിലക്കെടുത്തില്ല..