“അയാൾക്കതും ഇല്ല അങ്ങനെ പലതും ഇല്ല അബ്ദു. ”
“പിന്നേ.. നേരത്തെ ചോദിച്ച പോലെ എന്റേൽ ഏറ്റോം ഇഷ്ടപെട്ട കാര്യമെന്താ?”
“പറയട്ടെ.. പറയട്ടെ…നിന്റെ പല്ലിലെ കമ്പി… “)
നേരം പാതിരാ കഴിഞ്ഞിട്ടും ഉറങ്ങാൻ കഴിയാതെ തിരിഞ്ഞും മറിഞ്ഞും കിടക്കുകയായിരുന്ന അനിത, പില്ലോയുടെ കീഴെ വച്ചിരുന്ന മൊബൈലെടുത്തു സമയം നോക്കി രാത്രി രണ്ടു മണി കഴിഞ്ഞു. തന്റെയീ പ്രശ്നത്തിനൊരു പരിഹാരം കാണാതെ ഉറങ്ങാൻ കഴിയില്ലെന്ന് മനസ്സിലായ അവൾ പതിയെ എഴുന്നേറ്റിരുന്നു. വിയർപ്പു തുള്ളികൾ ശരീരത്തിലൂടെ ഉറ്റു വീണു കൊണ്ടിരിക്കുന്നു,
അവൾ വേഗം കട്ടിലിനോട് ചേർത്തിട്ടിരിയ്ക്കുന്ന ടേബിളിനു മുകളിലെ ബെഡ് ലാംപ് ഓണാക്കി, ലാംപിന്റെ നീല വെളിച്ചം മുറിയിലേക്കരിച്ചെത്തി അവൾ സൈഡിലേക്ക് ഒന്നു പാളി നോക്കി, കണ്ണൻ നല്ല ഉറക്കത്തിലാണ് അവന്റെ പുതപ്പൊന്നു വലിച്ചിട്ട ശേഷം അവൾ കട്ടിലിന്റെ ക്രേസിയിൽ കിടന്ന ടവ്വലെടുത്തു മുഖം തുടച്ചു നൈറ്റ് ഗൗൺ ആകെ നനഞ്ഞു, കഴുത്തിലെ വിയർപ്പും ഒപ്പിയ ശേഷം അവൾ ടേബിളിലെ ജഗ്ഗിൽ നിന്നും വെള്ളമെടുത്തു വായിലേക്ക് കമഴ്ത്തി. ഇന്നത്തെ സംഭവ വികാസങ്ങൾ ആലോചിക്കുന്തോറും അവളിൽ ഭയം നിഴലിച്ചു. ഡിസംബറിലെ മഞ്ഞു പെയ്യുന്ന ആ രാത്രിയിലും കയ്യിലാ ജഗ്ഗും പിടിച്ചു അനിത ഇരുന്നു വിയർത്തു.
നാളെയാണ് ആ ദിവസം , ആകെ നന്ദൻ സാറിനു മാത്രമേ തന്നെ സഹായിക്കാൻ കഴിയൂ, ഉച്ചയ്ക്ക് മുതൽ നന്ദൻ സാറിനെ വിളിയ്ക്കാൻ നോക്കുവാണ് ഔട്ട് ഓഫ് കവറേജ് ഏരിയ ആയിരുന്നു , ഇടയ്ക്ക് കാൾ പോയിരുന്നെങ്കിലും എടുക്കുന്നില്ല വാട്സാപ്പിൽ താനയച്ച വോയിസ് മെസ്സേജ് അടക്കം സീനാണ്. റിപ്ലൈ ഒന്നുമില്ല, ഇനിയൊരു പക്ഷെ നന്ദൻ സാർ കൂടി അറിഞ്ഞിട്ടാണോ എല്ലാം..
അനിതയ്ക്ക് തല പെരുത്തു..