“ശേഖരാ… നീ ഇതിനു മുന്നേ അയാളുമായി എന്തൊക്കെയോ ഇടപാട് നടത്തിയിട്ടുണ്ട്… കൃത്യമായി പറഞ്ഞാൽ കഴിഞ്ഞ നവംബർ മാസം നിന്നെ അയാൾ വിളിച്ചിട്ടുണ്ട്… കൃത്യമായി പറഞ്ഞാൽ നവംബർ ഏഴാം തീയതി മുതൽ നവംബർ 16 വരെ… ” രൂപാ മാഡം കടലാസിലേക്ക് നോക്കി കൊണ്ട് പറഞ്ഞു…
കൊല്ലൻ ശേഖരന്റെ മുഖം അൽപ്പം ഭീതി നിഴലിച്ചു നിന്നു…
“സത്യം പറഞ്ഞോ ശേഖരാ… നീ പെട്ടു… അന്ന് കോവിലകത്ത് നടന്ന ആ വേലക്കാരിയുടെ കൊലപാതകവും നീയും തമ്മിലുള്ള ബന്ധം…” രൂപാ മാഡം അത് പറഞ്ഞപ്പോ അയാൾ എല്ലാം നഷ്ട്ടപെട്ടവനെ പോലെ തല താഴ്ത്തി…
“എനിക്ക് തുടക്കത്തിലേ സംശയമുണ്ടായിരുന്നു… നീ തന്നെയാണോ ആ കർമ്മം ചെയ്തതെന്ന്… തെളിയിക്കാൻ നിന്റെ വിരലടയാളം മാത്രം മതി… അന്ന് ആ വീട്ടിൽ നിന്നും എടുത്ത വിരലടയാളങ്ങൾ ഞങ്ങൾക്ക് പരിശോധിച്ച് ഉറപ്പിക്കാം… പക്ഷെ എന്തോ അതിനു മുന്നേ നിന്റെ വായിൽ നിന്നും കേൾക്കണം എന്ന് തോന്നി…പറ ശേഖരാ… ”
അയാളുടെ കണ്ണുകൾ ചുവന്നു.. തനിക്ക് രക്ഷപെടാൻ പറ്റും എന്ന് തോന്നുന്നില്ല…
“അത്… അത് ഒരു കൈയബദ്ധം പറ്റിയതാണ്… അന്ന് എന്റെ ടാർഗറ്റ് നീലാംബരി തമ്പുരാട്ടിയായിരുന്നു… പക്ഷെ… ഡോർ ജനൽ വഴി കമ്പികൊണ്ട് തുറന്ന് അകത്തേക്ക് കടന്നു… എല്ലാവരും ഉറക്കമായി എന്നായിരുന്നു എന്റെ ധാരണ… പക്ഷെ… ”
“ഉം പറയെടോ എന്ത് പക്ഷെ…”
“ഞാൻ ഉള്ളിലേക്ക് കയറി അകത്തളത്തിലേക്ക് വരുമ്പോ… ഒരു സ്ത്രീ മുറിയിൽ നിന്നിറങ്ങി അടുക്കള ഭാഗത്തേക്ക് വരുന്നത് കണ്ടു… അവിടെ എനിക്ക് ഒളിക്കാൻ ഒരു സ്ഥലവും ഉണ്ടായിരുന്നില്ല… ഞാൻ ഒരു തൂണിനു പിന്നിലേക്ക് മാറി നിന്നു… അടുത്ത് വന്നതും എന്റെ ഞാൻ അവളുടെ വായ പൊത്തിപിടിച്ചു… ബോധം കെടുത്താനുള്ള മരുന്ന് പോക്കെറ്റിൽ നിന്നെടുക്കുമ്പോഴേക്കും അവൾ മരിച്ചിരുന്നു…”
അയാൾ കിതച്ചു കൊണ്ട് പറഞ്ഞു നിർത്തി…
“നീ ആണോ… മറവ് ചെയ്തത്…”
അയാൾ അതെ എന്ന് തലയാട്ടി…
“എന്തുകൊണ്ട് ആദ്യമേ നീ അവളെ ബോധം കെടുത്താനുള്ള മരുന്ന് എടുത്തില്ല… “