പോകുന്ന വഴിയിൽ നിന്ന ഒരു മാവിൽ നിന്നും ഇല പറിച്ചു അവൻ പല്ലു വിളക്കി കൊണ്ട് പുഴയുടെ നേരെ നടന്നു. കുളിക്കടവും വള്ളക്കടവുമെല്ലാം ആകെ കാടുപിടിച്ചു കിടക്കുന്നു, എന്നാൽ കുളിപ്പുരയുടെ ഓടുകൾ ഒന്നും പൊട്ടി കണ്ടില്ല… അവൻ കാടു വകഞ്ഞു മാറ്റി അകത്തേക്ക് കയറി…
നന്നായി കെട്ടിയുണ്ടാക്കിയ കുളിപ്പുരക്ക് കേടൊന്നും ഇല്ല, എന്നാൽ കടവാണ് മുഴുവൻ പോയത് കല്ലുകൾ ഇടിഞ്ഞു ആറ്റിലേക്ക് പോയിരിക്കുന്നു…
കുറച്ചപ്പുറെ ഒരു തിട്ട തന്നെ ഇടിഞ്ഞു ആറ്റിൽ പോയതും കാണാം… ഒരു വെട്ടിരുമ്പ് കിട്ടിയിരുന്നെങ്കിൽ കാടു വെട്ടിത്തെളിക്കാമായിരുന്നു അവൻ വായിൽ വെള്ളമൊഴിച്ചു കുലുക്കുഴിഞ്ഞു തുപ്പി തിരിച്ചു മാളികയിലേക്കു നടന്നു.
മട്ടുപ്പാവിൽ യോഗക്കിടയിൽ ഒരു ചെറിയ ബ്രെക് ആയി മട്ടുപ്പാവിൽ നിന്നും പുറത്തേക്കു നോക്കി നിന്ന തെന്നൽ പുഴയുടെ ഭാഗത്തു നിന്നും നടന്നു വരുന്ന തേവനെ കണ്ടു. ഈ കൊച്ചു വെളുപ്പാൻ കാലത്തു ഇവൻ ഇതെവിടെ പോയതാ അവൾ ആലോചിച്ചു…
വന്നതുപോലെ തന്നെ അടുക്കളയിലേക്കു കയറി പോയി ഉടനെ തന്നെ കൈയിൽ ഒരു വെട്ടരിവായും ഒരു മുഷിഞ്ഞ തോർത്തുമായി തിരിച്ചിറങ്ങി വീണ്ടും പുഴക്കരയിലേക്കു തന്നെ നടന്നു നീങ്ങുന്ന അവനെ കണ്ട പാർവ്വതി ആകെ കുഴങ്ങിപ്പോയി…
എല്ലാ വീട്ടിലെയും പോലെ തന്നെ ചെമ്പകത്തോട്ടം തറവാട്ടിലും രാവിലെ യുദ്ധമാണ്. രണ്ടു മക്കളും കൈമളും പോകുന്ന വരെ യാമിനി നിലത്തു നിൽക്കില്ല, നാണിത്തള്ള വലിയ ഒരു സഹായമായിരുന്നു എന്നാൽ എപ്പോൾ അവരില്ല ആ ഭാരം കൂടെ യാമിനിയുടെ തലയിൽ ആണ്.
ദോശയുടെയും ചമ്മന്തിയുടെയും പാത്രം ഡൈനിങ് ടേബിളിൽ എടുത്തു വെക്കുമ്പോൾ യാമിനി എല്ലാവരോടുമായി ചോദിച്ചു.
“ആ ചെറുക്കനെ കാണാനില്ല..! നിങ്ങൾ ആരേലും കണ്ടോ..? എനിക്ക് ഒരു സഹായം ആകുമെന്ന് കരുതി കൊണ്ടുവന്ന ചെക്കനാ മൂടിപ്പുതച്ചുറങ്ങുവാണോ..? കാലത്തു ഞാൻ ഈ കണ്ട പണിയെല്ലാം ചെയ്യുമ്പോൾ..?”