ഞാൻ : (അല്പനേരത്തെ അന്ധാളിപ്പിന് ശേഷം) ടൈം മഷിനോ??? എവിടെ?
പ്രൊഫ : വാ. കാണിച്ചുതരാം.
ഞങ്ങൾ അദ്ദേഹത്തിന്റെ വീടിന്റെ പുറകുവശത്തെ അടഞ്ഞുകിടന്ന ഗാരേജിലേക്കു കയറി. എന്തോ ഒരു ഗോളം പോലെ ഒരു വസ്തു ഉണ്ട്. അതിൽ ഒരാൾക്ക് ഇരിക്കുവാനുള്ള സീറ്റും. അത് പ്രവർത്തിപ്പിക്കാനുള്ള ഇൻസ്ട്രക്ഷൻസ് അദ്ദേഹം എനിക്ക് തന്നു.
എത്രയും പെട്ടെന്ന് അത് ഒന്ന് പരീക്ഷിക്കാൻ ഞാൻ കൊതിച്ചു. പ്രൊഫസർ എന്നോട് അതിൽ കയറി ഇരിക്കാൻ പറഞ്ഞു. ഞാൻ അതിൽ കയറി ഇരുന്നു. ഇപ്പോൾ വര്ഷം 2019. ഒരു 2 വര്ഷം മുന്നോട്ടു സഞ്ചരിക്കാൻ ഞാൻ തീരുമാനിച്ചു. സെറ്റിങ്‌സ് എല്ലാം റെഡിയാക്കി ഞാൻ മെഷീൻ ഓൺ ആക്കാൻ ഉള്ള ബട്ടൺ അമർത്തട്ടെ എന്ന് പ്രൊഫസറോട് ചോദിച്ചു. അദ്ദേഹം പറഞ്ഞു. 2 വർഷമാണ് നീ പിന്നോട്ട് പോവുന്നത്. അപ്പോൾ ഞാൻ ഇവിടെ തന്നെ കാണും, പക്ഷെ നിന്നെ എനിക്ക് മനസിലായി എന്ന് വരില്ല. കാര്യങ്ങൾ എല്ലാം വിശദീകരിച്ചു പറയണം ഇനി നീ കാണാൻ പോവുന്ന പ്രൊഫസറോട്. ചിരിച്ചുകൊണ്ട് അദ്ദേഹം നിർത്തി.
ഞാൻ ആ ബട്ടൺ അമർത്തി. പെട്ടെന്ന് കൊടുങ്കാറ്റടിച്ചപോലെ ഒരു പ്രതീതിയുണ്ടായി. എനിക്ക് ആകെപ്പാടെ തലകറങ്ങുന്നപോലെ തോന്നി. എനിക്ക് ചുറ്റുമുള്ളതൊക്കെ തിരിഞ്ഞുമറിയുന്നു. കുറച്ചു നേരം അങ്ങനെ കറങ്ങിക്കൊണ്ടിരുന്നു. അല്പം കഴിഞ്ഞു പതിയെ എല്ലാം നേരെയായി. നോക്കുമ്പോൾ ഞാൻ ആ മെഷീനിന്റെ ഉള്ളിൽ ഒരു പറമ്പിൽ നിൽക്കുകയാണ്. ചുറ്റും നോക്കിയപ്പോൾ എനിക്കെന്തോ പന്തികേട് തോന്നി. 2 വര്ഷം മുൻപ് എന്തായാലും ഈ ഗാരേജ് ഇരുന്ന സ്ഥലത്തു ഒരു പറമ്പ് വരാൻ ഇടയില്ല. എന്തായാലും ഒന്ന് കറങ്ങിനോക്കാം എന്നുകരുതി ഞാൻ ഇറങ്ങി. അല്പം മുന്നോട്ടു നടന്നപ്പോൾ ഒരു പഴയ മൂട്ട കാർ വരുന്നു. പുറകെ ജാമ്പവാന്റെ കാലത്തെ ഒരു കെ.എസ്.ആർ.ടി.സി. ബസും. എനിക്ക് എന്തോ അപകടം മണത്തു. എന്റെ വീടിന്റെ ദിശയിലേക്ക് ഞാൻ ഓടി. പക്ഷെ അവിടെ ഒന്നും ഉണ്ടായിരുന്നില്ല, പകരം ഒരു മൈതാനം മാത്രം. എന്റെ വീടിന്റെ അടുത്തുതന്നെയായിരുന്നു എന്റെ അമ്മവീട്. അവിടെ ഒന്ന് നോക്കാം എന്ന് കരുതി ഞാൻ അങ്ങോട്ട് വച്ചുപിടിച്ചു.