“ഈ കീ നീനയുടെതാണ്. ഇത് ഏതിന്റെ കീ ആണെന്ന് അറിയാമോ?”
“ഇല്ല സർ, ചിലപ്പോൾ വീട്ടിലെമറ്റോ ആയിരിക്കും. ” അതുല്യ അല്പനേരം രഞ്ജന്റെ കൈയിലെ ചാവിയെതന്നെ നോക്കിനിന്നുകൊണ്ട് പറഞ്ഞു.
“സുധീഷ് കൃഷ്ണയെ നിങ്ങൾ എവിടെ വച്ചാണ് കാണുന്നത്.?”
ശ്രീജിത്ത് ആ ചോദ്യം ചോദിച്ചപ്പോൾ അതുല്യയുടെ മുഖഭാവത്തിന് എന്തെങ്കിലും മാറ്റമുണ്ടോയെന്ന് രഞ്ജൻ ശ്രദ്ധിച്ചു.
“ഏത് സുധീഷ് കൃഷ്ണ.”
അതുല്യ സംശയത്തോടെ ചോദിച്ചു.
“നീനയുടെ കാമുകൻ സുധീഷ്. അയാളാണ് പറഞ്ഞത് നിങ്ങളെ മൂന്നുപേരെയും ഒരു ദിവസം നീനയോടൊപ്പം കണ്ടിട്ടുണ്ടെന്ന്.”
ശ്രീജിത്ത് ഒരു ചൂണ്ടയിട്ടു.
“ഇല്ല സർ നുണയാണ് അയാൾ പറഞ്ഞത്.
സുധിയെന്നൊരു ഫ്രണ്ട് ഉണ്ടെന്നറിയാം ഞാൻ കേട്ടിട്ടുണ്ട് ഫോണിൽ സംസാരിക്കുന്നത്. കൂടുതലൊന്നും അറിയില്ല. നീന പേഴ്സണൽ കാര്യങ്ങൾ അങ്ങനെ തുറന്ന് പറയാറില്ല സർ.”
“മ്, ശരി.”
കൂടുതലൊന്നും അതുല്യക്ക് അറിയില്ലയെന്നു മനസിലാക്കിയ രഞ്ജൻ അവളുടെ മൊബൈൽ നമ്പർ വാങ്ങി സൈബർസെല്ലിലുള്ള ഉണ്ണിക്ക് കൈമാറി. ഇന്നൊരു ദിവസം അവളുടെ മൊബൈലിലേക്ക് വരുന്ന കേൾഡീറ്റൈൽസിന്റെ കോപ്പിയും പറ്റുമെങ്കിൽ അതിന്റെ ശബ്ദരേഖയും തനിക്ക് ആവശ്യം ഉണ്ടെന്നുകൂടെ അറിയിച്ചു.
ശേഷം ഹോസ്റ്റലിൽ നിന്നും ഇറങ്ങിയ അവർ മൂന്നുപേരും രഞ്ജന്റെ വാടകവീട്ടിലേക്ക് പോയി.
“നാളെ നമുക്ക് വയനാട് വരെ ഒന്നുപോണം. പോകുന്നവഴിക്ക് അക്സയെ കാണാം. അവരെ സംശയിക്കണോ വേണ്ടയോയെന്ന് ഇന്ന് രാത്രിയോടുകൂടെ അറിയാം.”
“എന്താലയും ഒരു വല്ലാത്ത തലവേദനപിടിച്ച കേസായിപ്പോയി. അല്ലെ സർ.”
അനസ് പറഞ്ഞു.
“മ്, നമുക്ക് നോക്കാം. നാളെ രാവിലെ അഞ്ചുമണിക്ക് വരണം. ഓക്കെ.”
“സർ”
രഞ്ജനെ വീട്ടിൽ ഇറക്കിവിട്ട് കാറുമായി അവർ തിരികെപോയി.
തലേന്നുപറഞ്ഞപോലെ അവർ അഞ്ചുമണിക്ക് തന്നെ രഞ്ജന്റെ വീട്ടിലെത്തി. രഞ്ജനെയും കൂട്ടി അവർ തൃശ്ശൂർ ലക്ഷ്യമാക്കി കുതിച്ചു. രാവിലെ ഏഴുമണിയായപ്പോഴേക്കും അവർ വടക്കുംനാഥന്റെ മണ്ണിലെത്തി. കാർ പാർക്കുചെയ്ത് രഞ്ജനും, ശ്രീജിത്തും ക്ഷേത്രത്തിനുള്ളിലേക്ക് കടന്നു. അനസ് അടുത്തുകണ്ട ആൽമരത്തിന്റെ ചുവട്ടിലേക്ക് നടന്നു.
ആദിശങ്കരനെ മനസിൽ ധ്യാനിച്ചുകൊണ്ട് രഞ്ജൻ അല്പസമയം ശ്രീകോവിലിനു മുൻപിൽ ക്ഷേത്രജ്ഞനായി നിന്നു.