“സർ, ഈ രണ്ടു നമ്പറിലേക്ക് വിളിക്കുന്നതും, ഇതിൽനിന്നും തിരികെ വിളിക്കുന്നതും ഒരേ നമ്പറിലേക്ക് തന്നെയാണ്.”
ഉണ്ണി കൊണ്ടുവന്ന ഫയലിലെ ആ നമ്പർ ഹൈലൈറ്റ് ചെയ്തുവച്ചിരിക്കുന്നത് അയാൾ രഞ്ജൻഫിലിപ്പിന് കാണിച്ചുകൊടുത്തു.
“സർ, ഈ നമ്പർ സുധീഷ് കൃഷ്ണ എന്നുപറയുന്ന ഒരു ചെറുപ്പക്കാരന്റെയാണ്.
അധികസംസാരമില്ല ഏറിപ്പോയാൽ അഞ്ചുമിനുട്ട് അതിൽ കൂടില്ല.
ലാസ്റ്റ് വിളിച്ചത് 15-11-2018 12.10 am.”
“12.10 am. സർ, പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ മരണം നടന്നത് ഒരുമണിക്കും രണ്ടുമണിക്കും ഇടയിലാണ്. അങ്ങനെയാണെങ്കിൽ ഈ സുധീഷ് കൃഷ്‌ണയാകുമോ ?”
ശ്രീജിത്ത് തന്റെ സംശയം പങ്കുവച്ചു.
“അങ്ങനെയും സംശയിക്കാം.”
രഞ്ജൻ ശ്രീജിത്തിന്റെ സംശയത്തെ തള്ളിക്കളഞ്ഞില്ല.
“അനസ്, ഈ സുധീഷ് കൃഷ്ണയെകുറിച്ച് ഒന്നന്വേഷിക്ക്. ഇപ്പോൾതന്നെ.”
“സർ. ”
അനസ് ഇരിപ്പിടത്തിൽ നിന്നും എഴുന്നേറ്റ് തന്റെ ഫോണെടുത്ത് ആർക്കോ വിളിച്ചു.
“ഓക്കെ ഉണ്ണി തന്റെ സഹായം ഇനിയും ഞങ്ങൾക്ക് ആവശ്യമുണ്ട്. വിളിപ്പിക്കും സഹായിക്കണം.”
രഞ്ജൻ ഉണ്ണിയോട് പറഞ്ഞു.
സായാഹ്നങ്ങളിലെ ഇളംങ്കാറ്റിന്റെ ഒരു പ്രത്യേക തണുപ്പ് രഞ്ജന് അനുഭവപ്പെട്ടു അരുണൻ അസ്തമിക്കാനുള്ള ഒരുക്കങ്ങൾ തുടങ്ങിയിരുന്നു. അല്പസമയം കഴിഞ്ഞപ്പോൾ അനസ് തിരികെവന്നു.
“സർ, ഹി ഈസ് മിസ്സിങ്. നീന മരണപ്പെട്ട അന്നു തന്നെ, ലോക്കൽ സ്റ്റേഷനിൽ ഒരു മാൻമിസ്സിങ് കേസ് ഫയൽ ചെയ്തിട്ടുണ്ട്. “
ഉടനെ രഞ്ജൻ ഉണ്ണിയെനോക്കി.
“ഉണ്ണി, ഒരു സഹായംകൂടെ വേണം. ഈ നമ്പർ ഇപ്പോൾ ഏത് ടവറിലാണ് എന്നുകൂടെ പറഞ്ഞുതരണം.”
“ഷുവർ സർ.”
ഉണ്ണി തന്റെ ഫോണെടുത്ത് ഓഫീസിലേക്ക് വിളിച്ച് അവശ്യം അറിയിച്ചു.
പത്തുമിനിറ്റ് കഴിഞ്ഞപ്പോൾ അയാൾക്ക് തിരികെ ഒരു ഫോൺകോൾ വന്നു.
ഉണ്ണി ഫോൺ എടുത്ത് അൽപസമയം സംസാരിച്ചു. ശേഷം ഫോൺ കട്ട് ചെയ്ത് രഞ്ജനോട് പറഞ്ഞു.
“സർ, സുധീഷിന്റെ നമ്പറിലെ അവസാന ലൊക്കേഷൻ കാക്കനാടാണ് കാണിക്കുന്നത്.”