“അങ്ങ് തെറ്റിദ്ധരിച്ചിരിക്കുകയാണ് ആരുടേയും പ്രേരണയാൽ അല്ല ഞങ്ങൾ ഇങ്ങോട്ട് വന്നത് “..
“കാശു കൊടുത്ത് ഡിഗ്രിക്കും പിജി ക്കും അഡ്മിഷൻ മേടിച്ച് കൊച്ചിംഗിന് പോയി നെറ്റും സെറ്റും ഒക്കെ എഴുതി എടുത്ത് ലക്ഷങ്ങൾ മുൻ കൂട്ടി കൊടുത്ത് കോളേജിൽ സീറ്റ് ബുക്ക് ചെയ്തു കാത്തിരിക്കുന്ന നിങ്ങളെപ്പോലുള്ളവർക്ക് അധ്യാപനം ഒരു തൊഴിൽ മാത്രമാണ് പക്ഷേ എനിക്ക് അതൊരു തപസ്യയാണ് …”
നമ്പൂതിരി സാർ വിടാൻ ഭാവമില്ല ഉറച്ച തീരുമാനത്തിൽ തന്നെയാണ്.
“സാറേ ഞങ്ങൾ ആ കാണുന്ന ഉമ്മറ ക്കോലായിലെക്ക് ഒന്ന് കേറി ഇരുന്നോട്ടെ…”
പതിഞ്ഞസ്വരത്തിൽ പ്രശാന്ത് ഏട്ടൻ ചോദിച്ചു.
പ്രശാന്ത് ഏട്ടനെ രൂക്ഷമായി ഒന്ന് നോക്കി നരച്ച താടി ഇടതു കൈകൊണ്ട് ഒന്ന് ഉഴിഞ്ഞിട്ട് നമ്പൂതിരി സാർ പറഞ്ഞു ,
“കേറി വരൂ…”
ഈ പ്രശാന്ത് ഏട്ടന് ഇത് എന്തിന്റെ കേടാണ്. വീട്ടിൽ വന്നു കയറിയവർ എന്ന മാന്യത പോലും നൽകാതെ കണ്ണും പൂട്ടി ഞങ്ങളെ തെറിയും പറഞ്ഞു നിൽക്കുന്ന ഇയാളുടെ വീട്ടിലേക്ക് ഇപ്പോൾ കയറി ഇരിക്കണം എന്ന് എന്താണിത്ര നിർബന്ധം.
ദേവു വും ആദിയും അത് കേൾക്കാൻ കാത്തിരുന്നു എന്നോണം ഉമ്മറക്കോലായിലെക്ക് ചാടിക്കയറി കലപില ബഹളം ഉണ്ടാക്കുവാൻ തുടങ്ങി.
“ഇത്തരത്തിൽ നാലുകെട്ടും പടിപ്പുരയും ഉമ്മറക്കോലായും ഒക്കെ എന്റെ കുടുംബ വീട്ടിൽ മാത്രമേ കുട്ടികൾ കണ്ടിട്ടുള്ളൂ അതു കൊണ്ടാണ് അവർക്കത്ര ആവേശം”
കുട്ടികളുടെ ബഹളം ഇനി നമ്പൂതിരി സാറിന് അസ്വസ്ഥൻ ആക്കണ്ട എന്നു കരുതിയാകും പ്രശാന്ത് ഏട്ടൻ അങ്ങനെ പറഞ്ഞത്.
“ഇതൊന്നും ഇപ്പോൾ ആർക്കും വേണ്ട ടോ സത്യത്തിൽ ഇതൊക്കെ ഉള്ളത് ഒരു ബാധ്യതയാണ് ഇതിൻറെ മെയിൻറനൻസ് നടത്തണമെങ്കിൽ തന്നെ നല്ലൊരു തുക ചെലവാകും .. പലഭാഗങ്ങളും ചോർന്നൊലിക്കുകയാണ് “
കോലായിൽ ഒരു മൂലയ്ക്ക് ഞങ്ങളോടൊപ്പം ഇരുന്നുകൊണ്ട് വിഷണ്ണനായ നമ്പൂതിരി സാർ പറഞ്ഞു.
അച്ഛൻറെ പ്രായമുള്ള വ്യക്തിയോടുള്ള ഒരു ബഹുമാനവും ചെന്നു കയറിയ സാഹചര്യത്തിലുള്ള അപരിചിതത്വവും കാരണം കോലായിൽ ഇരിക്കാതെ പ്രശാന്ത് ഏട്ടനോട് ചേർന്ന് നിൽക്കുകയാണ് ഞാൻ.
“തൻറെ പേരെന്താണ് പറഞ്ഞില്ലല്ലോ ..?”